വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ബലാൽസംഗത്തിന് ഇരയാവുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ചലച്ചിത്ര താരങ്ങൾ രംഗത്ത്. നടന്മാരായ ടൊവിനോ തോമസും പൃഥ്വിരാജുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്ന് ടൊവിനോ കുറിച്ചു. കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും നിയമസംവിധാനങ്ങളും നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല. ജനങ്ങൾ പ്രതികരിക്കുമെന്നും ടൊവിനോ ചൂണ്ടിക്കാട്ടി.
ടൊവിനോയുടെ പോസ്റ്റിന്‍റെ പൂർണ രൂപം:
കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണ് ! ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണമായും നഷ്ടപ്പെടുമെന്നുറപ്പാണ്.
കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും നിയമസംവിധാനങ്ങളും നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല, അവർ പ്രതികരിക്കും.
ഹാഷ് ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണ് !
പൃഥ്വിരാജിന്‍റെ പോസ്റ്റിന്‍റെ പൂർണ രൂപം:
എങ്ങനെയാണ് രണ്ട് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും നീതി നിഷേധിക്കപ്പെട്ടത്. എങ്ങനെയാണ് അർഹിക്കുന്ന നീതി സമൂഹത്തിന് നൽകാനാകുക. കൂട്ടായ പോരാട്ടമാണ് വേണ്ടത്. ഏക സ്വരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാവേണ്ടത്. ഇത് എങ്ങനെ ആരംഭിക്കണം, എങ്ങനെ അവതരിപ്പിക്കണം എന്നതിന് ഒരു ഐക്യ രൂപം വേണം. ഇപ്പോഴത്തെ അവസ്ഥ അപകടകരമാണെന്ന് ഞാൻ കരുതുന്നു. സംവിധാനങ്ങൾക്ക് മാറ്റം വരേണ്ടതുണ്ട്. വിപ്ലവകരമായ മാറ്റമാണ് വേണ്ടത്.-പൃഥ്വിരാജ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.