ടാറ്റ നാനോയേക്കാൾ ചെറുതോ? എം.ജി കോമറ്റ് ഇ.വിയുടെ വലിപ്പത്തിൽ അമ്പരന്ന് വാഹനലോകം

എം.ജി മോട്ടോർ ഇന്ത്യയിൽ എത്തിക്കുന്ന രണ്ടാമത്തെ ഇ.വിയാണ് കോമറ്റ്. ഇന്ത്യൻ വിപണിയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനം എന്ന ലേബലിൽ വിപണിയിലെത്തുന്ന കോമറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹനപ്രേമികൾ കാത്തിരിക്കുന്നത്. കോമറ്റിന്റെ നിർമാണം ആരംഭിച്ച എം.ജി മോട്ടോർസ് ഏപ്രിൽ 19ന് വാഹനം അവതരിപ്പിക്കാനാണ് എം.ജി ലക്ഷ്യമിടുന്നത്. എന്നാൽ വാഹത്തെക്കുറിച്ച് പുറത്തുവരുന്ന ചില വാർത്തകൾ വാഹനലോകത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. ടാറ്റ നാനോയേക്കാൾ ചെറിയ വാഹനമാണ് കോമറ്റ് എന്നാണ് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

എം.ജി കോമറ്റ് ഇവിക്ക് 2974 എം.എം. നീളവും 1505 എം.എം. വീതിയും 1640 എം.എം. ഉയരവുമുണ്ട്. വീൽബേസ് 2010 എം.എം. ആണ്. ടാറ്റ നാനോയിലേക്ക് വരുമ്പോൾ 3164 എം.എം. നീളവും 1750 എം.എം വീതിയും 1652 എം.എം. ഉയരവുമുണ്ട്. ഇതിന് 2230 എം.എം.നീളമുള്ള വീൽബേസ് ഉണ്ടായിരുന്നു. മാരുതി സുസുക്കി ആൾട്ടോ കോമറ്റിനേക്കാൾ വലിയ വാഹനമാണ്. ഏകദേശം 10 ലക്ഷം രൂപയാണ് കോമറ്റിന്‍റെ വില.

17.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് കോമറ്റിൽ ഉപയോഗിക്കുന്നത്. 230 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന് ലഭിക്കുന്നത്. 41 ബി.എച്ച്.പി കരുത്തും 110 എൻ.എം ടോർക്കും വാഹനത്തിനുണ്ട്. ‌3.3 kW എസി ചാർജർ ഉപയോഗിച്ചാൽ ഏഴ് മണിക്കൂറിൽ പൂർണമായും ചാർജാവും.

വിദേശ വിപണികളിൽ വിൽക്കുന്ന വുലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ചിരിക്കുന്ന മോഡലാണ് എംജി കോമെറ്റ്. കരുത്തേറിയ സോളിഡ് സ്റ്റീൽ ഷാസിയിലാണ് കോമറ്റ് ഇ.വി നിർമിച്ചിരിക്കുന്നതെന്ന് എം.ജി പറയുന്നു. ഭംഗിയുള്ളതും ഫ്യുച്ചറിസ്റ്റിക്കുമായ രൂപമാണ് വാഹനത്തിന് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

മുന്നിൽ മധ്യഭാഗത്തുള്ള വലിയ എം.ജി ബാഡ്ജ്, മുൻവശത്ത് തിരശ്ചീനമായി ഒഴുകുന്ന ലൈറ്റിങ് സ്ട്രിപ്പ്, ബമ്പറിന്റെ താഴത്തെ ഭാഗത്ത് എയർ ഇൻടേക്ക്, വശങ്ങളിലായി ഇടംപിടിച്ചിരിക്കുന്ന ഇൻഡിക്കേറ്ററുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. ബ്ലാക്കിൽ പൂർത്തിയാക്കിയിരിക്കുന്ന ഫ്രണ്ട് വിൻഡ്‌ഷീൽഡും റൂഫും ഉയരമുള്ള പില്ലറുകളും ഡ്യുവൽ ടോൺ രൂപവും വീലുകളുടെ സ്‌പോർട്ടി ഡിസൈനുമെല്ലാം ചേരുമ്പോൾ കോമെറ്റിന് പ്രീമിയം ഫീൽ ലഭിക്കും. എം.ജി സി.എസിനെപ്പോലെ തന്നെ എം.ജിയുടെ ലോഗോക്ക് പിന്നിലാണ് ചാർജിങ്ങ് പോർട്ടിന്റെ സ്ഥാനം. എൽ.ഇ.ഡി ഹെഡ്‌ലാംപും ഡി.ആർ.എല്ലും എൽ.ഇഡി ടെയിൽ ലാന്പുമുണ്ട്. മുന്നിൽ എൽ.ഇ.ഡി സ്ട്രിപ്പും നൽകിയിരിക്കുന്നു. 12 ഇഞ്ച് വീലാണുള്ളത്.

കൂടാതെ ഫ്ലോട്ടിങ് യൂനിറ്റുകൾക്ക് കസ്റ്റമൈസ് ചെയ്യാനാവുന്ന ഗ്രാഫിക്സും ഇതിലുണ്ടാവും. വോയിസ് കമാൻഡുകൾ, മൾട്ടിഫങ്ഷണൽ സ്റ്റിയറിങ് വീൽ എന്നിവയും പ്രത്യേകതയാണ്. നാവിഗേഷൻ, കണക്റ്റിവിറ്റി ഓപ്ഷനുകൾ മുതലായവയിലേക്ക് ആക്‌സസ് നൽകുന്നതിന് വ്യത്യസ്‌ത അളവുകളുള്ള വിജറ്റുകളുള്ള വിനോദ സംവിധാനവും എം.ജി കോമെറ്റിൽ ലഭ്യമാകും.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം അപ്‌ഹോൾസ്റ്ററി, ഇലക്‌ട്രോണിക് പാർക്കിങ് ബ്രേക്ക്, സിംഗിൾ പാൻ സൺറൂഫ് എന്നിവയും പ്രത്യേകതകളാണ്. അപ്പിൾ ഗ്രീൻ വിത്ത് ബ്ലാക് റൂഫ്, അറോറ സിൽവർ, സ്റ്റാറി ബ്ലാക്, കാൻഡി വൈറ്റ്, കാൻഡ് വൈറ്റ് വിത്ത് ബ്ലാക് റൂഫ് എന്നീ നിറങ്ങളിൽ കോമറ്റ് ലഭിക്കും. 

Tags:    
News Summary - MG Comet EV vs Tata Nano: Dimensions compared, results are shocking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.