സംഗീതലോകത്തിന് ദുഃഖങ്ങള്‍ സമ്മാനിച്ച വര്‍ഷം

ചലച്ചിത്ര രംഗത്ത്-പ്രത്യേകിച്ച് ചലച്ചിത്ര ഗാനരംഗത്ത് ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ സംഭവിച്ച വര്‍ഷമാണ് 2015. പ്രഗല്ഭരും പ്രമുഖരുമായ ധാരാളം പേരെ വിധി ഇക്കൊല്ലം അപഹരിച്ചു. മണ്‍മറഞ്ഞ ആ മഹാപ്രതിഭകളെ ഓര്‍ക്കുവാനും അവരുടെ സംഭാവനകളെ ഒന്നു വിലയിരുത്തുവാനുമാണ് എന്‍റെ എളിയ ശ്രമം.
സംഗീതസംവിധായകനായ ജിതിന്‍ ശ്യാമാണ് 2015ല്‍ ആദ്യമായി (ഫെബ്രുവരി 4-ന്) ചലച്ചിത്രഗാനമേഖലയില്‍ നിന്ന് നമ്മെ വിട്ടുപിരിഞ്ഞത്. അധികം ഗാനങ്ങളൊന്നും ചിട്ടപ്പെടുത്തിയ ആളല്ല അദ്ദേഹം. എങ്കിലും സംഗീതം നല്‍കിയ പാട്ടുകളിലൂടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 1947-ല്‍ ആലപ്പുഴയില്‍ ജനിച്ച മുഹമ്മദ് ഇസ്മയില്‍ ആണ് പില്ക്കാലത്ത് ജിതിന്‍ ശ്യാമായി മാറിയത്. കുട്ടിക്കാലം മുതലേ സംഗീതത്തോടായിരുന്നു കമ്പം. പതിനെട്ടാം വയസ്സില്‍ ആലപ്പുഴയില്‍ നിന്ന് മുംബൈയില്‍ എത്തിയ അദ്ദേഹം അവിടെ വെച്ച് ഭാരതം കണ്ട ഏറ്റവും വലിയ സംഗീതസംവിധായകനായ നൗഷാദിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സഹായിയാവുകയും ചെയ്തു. 1997-ല്‍ ‘ലോക്കല്‍ ട്രയിന്‍’ എന്ന ഹിന്ദി ചിത്രത്തിലെ ‘ഏ മൗലാ....’ എന്ന ഗാനത്തോടെ സ്വതന്ത്ര സംഗീതസംവിധായകനായി മാറി. ഹിന്ദി ചലച്ചിത്രരംഗത്തെ മിക്ക സംഗീതസംവിധായകരുമായും, ഗായകരുമായും ചങ്ങാത്തം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മഹാഗായകനായ മുഹമ്മദ് റഫിയുമായുള്ള അടുപ്പം ഈക്കൂട്ടത്തില്‍ ഏടുത്തു പറയേണ്ടതാണ്. ആറിലേറെ ഗാനങ്ങളാണ് ജിതിന്‍ ശ്യാമിന്‍റെ സംഗീതത്തില്‍ റഫി പാടി അനശ്വരമാക്കിയത്. ‘തളിരിട്ട കിനാക്കള്‍’ എന്ന ചിത്രത്തിലെ ‘ഷബാബാ ലോക വോ...’ എന്ന ഹിന്ദി ഗാനത്തിലൂടെ മുഹമ്മദ് റഫിയെ മലയാളത്തില്‍ അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 1978-ല്‍ വന്ന ‘തണല്‍’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിക്കൊണ്ടാണ് ജിതിന്‍ ശ്യാം മലയാളത്തില്‍ അരങ്ങേറിയത്. തളിരിട്ട കിനാക്കള്‍, പൊന്മുടി, വിസ, സുന്ദരി നീയും സുന്ദരന്‍ ഞാനും എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചു. മുംബൈയില്‍ നിന്ന് സ്വദേശമായ ആലപ്പുഴയില്‍ മടങ്ങിയത്തെി ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് 68-ാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചത്.
 

ജിതിന്‍ ശ്യാം
 


ജിതിന്‍ ശ്യാമിന്‍റെ വിയോഗമുണ്ടായി പത്തുപന്ത്രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍മറ്റൊരു സംഗീതസംവിധായകനെക്കൂടി നമുക്കു നഷ്ടപ്പെട്ടു. നിഷ്കളങ്കനായ മനുഷ്യന്‍ എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന ബോംബെ എസ്.കമാല്‍. (ഫെബ്രുവരി 16ന് ആണ് അദ്ദേഹം വിട പറഞ്ഞത്.) കൃശഗാത്രനായ, നല്ലപൊക്കമുള്ള ശുഭവസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന കണ്ടാല്‍ വടക്കേ ഇന്ത്യക്കാരനാണെന്ന് തോന്നിപ്പോകുന്ന  ഒരു പാവം മനുഷ്യനായിരുന്നു അദ്ദേഹം. ഇവിടെ പാവം എന്നു ഞാന്‍ പറഞ്ഞത് പൂര്‍ണ്ണമായ അര്‍ത്ഥത്തിലാണ്. സ്വഭാവംകൊണ്ടും, സാമ്പത്തിക സ്ഥിതികൊണ്ടും  അദ്ദേഹം ആ വിശേഷണത്തിന് അര്‍ഹനാണ്. ആദ്യം ‘അടുക്കള’ എന്നും പിന്നീട് ‘നിലവിളക്ക്’ എന്നും പേരിട്ട ചിത്രത്തിന് (ഈ ചിത്രം പ്രദര്‍ശനത്തിന് വന്നില്ല) പാട്ടുകള്‍ ചിട്ടപ്പെടുത്തികൊണ്ടാണ് ബോംബെ എസ്. കമാല്‍ മലയാളത്തിലേക്ക് കടന്നു വന്നത്. ‘അക്ഷരാര്‍ത്ഥ’മാണ് അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ചിത്രം. (ഈ പടവും പ്രദര്‍ശനത്തിന് വന്നില്ല) ‘ശീര്‍ഷകം’ എന്ന അടുത്ത ചിത്രത്തിനും തീയേറ്റര്‍ കാണുവാനുള്ള ഭാഗ്യം ഉണ്ടായില്ല. 1992-ല്‍ ‘പോലീസ് ഡയറി’ എന്നും പിന്നീട് ‘സ്റ്റാര്‍ട്ട് ഇമ്മീഡിയറ്റ്ലി’ എന്നും പേരുമാറ്റിയ ചിത്രം മാത്രമാണ് അദ്ദേഹം സംഗീതം പകര്‍ന്ന ഗാനങ്ങളുമായി പ്രദര്‍ശനശാലകളിലത്തെിയത്. വീണ്ടും പ്രദര്‍ശനത്തിനത്തൊത്ത ഒരു ചിത്രത്തിന് കൂടി അദ്ദേഹം സംഗീതം കൊടുത്തു; ‘ശാന്തി നിലയം.’
 

ബോംബെ എസ്. കമാല്‍
 


1988 ല്‍ തരംഗിണി പുറത്തിറക്കിയ ‘ശരത്കാല പുഷ്പങ്ങള്‍’ (രചന-പി.ഭാസ്കരന്‍) എന്ന സംഗീത ആല്‍ബമാണ് ബോംബെ.എസ്.കമാലിന്‍റെ ശ്രദ്ധേയമായ സംഭാവന. 2011 ല്‍ ഈസ്റ്റ് കോസ്റ്റ് ഓഡിയോസിന്‍റെ ‘സ്നേഹജ്വാല’ (ക്രൈസ്തവ ഭക്തിഗാനങ്ങള്‍) പുറത്തിറങ്ങി. ‘കരളേ ഒരു ഗാനം പാടാമോ...’ എന്ന ഓഡിയോ സി.ഡി യാണ് അവസാനമായി അദ്ദേഹം ചിട്ടപ്പെടുത്തിയത്. മോഹന്‍ലാലിന്‍റെ ‘കുരുക്ഷേത്ര’ എന്ന ചിത്രത്തിലെ ‘ചലോ ചലോ ജവാന്‍..’ എന്ന ഗാനം എഴുതിയത് ബോംബെ എസ്.കമാലാണെന്ന് അധികം പേര്‍ക്കൊന്നും അറിയാത്ത കാര്യം.  

രക്തത്തില്‍ ഹീമോഗ്ളോബിന്‍റെ അറവു കുറയുകയും പ്രമേഹവും, വൃക്കകളുടെ പ്രവര്‍ത്തനത്തിലെ മന്ദതയുമായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ജനുവരി 24-ന് പ്രവേശിപ്പിച്ച കവിയും, ഗാനരചയിതാവുമായ യൂസഫലി കേച്ചേരി ഏതാണ്ട് രണ്ടാമത്തെ ആശുപത്രി വാസത്തിനുശേഷമാണ് മാര്‍ച്ച് 21-ന് കാലയവനികക്കുള്ളില്‍ മറഞ്ഞത്. യുവ കവി എന്ന് പേരെടുത്തു നിന്ന 1963 ല്‍ ആണ് രാമുകാര്യാട്ട് അദ്ദേഹത്തെ ‘മൂടുപടം’ എന്ന ചിത്രത്തിനു വേണ്ടി ഒരു ഗാനമെഴുതാന്‍ ക്ഷണിക്കുന്നത്. ‘മൈലാഞ്ചിത്തോപ്പില്‍ മയങ്ങി നില്‍ക്കുന്ന മൊഞ്ചത്തി’യെക്കുറിച്ച് പാടികൊണ്ട് അദ്ദേഹം ഗാനരചനാരംഗത്ത് സ്വന്തമായി ഒരു ഇരിപ്പിടം നേടി. തുടര്‍ന്ന് അദ്ദേഹം ബന്ധപ്പെട്ട ചിത്രങ്ങളിലും ഹിറ്റുഗാനങ്ങള്‍ പിറന്നു. അമ്മു, ഉദ്യോഗസ്ഥ, ഖദീജ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍ ‘ഖദീജ’യിലെ-
 ‘സുറുമയെഴുതിയ മിഴികളേ...
പ്രണയ മധുര തേന്‍ തുളുമ്പും
സൂര്യകാന്തിപ്പൂക്കളേ.....!’
എന്ന ഗാനം പിറന്നതോടെ യൂസഫലി കേച്ചേരി ആ രംഗത്തെ നിസ്തുത വ്യക്തിത്വമായിത്തീര്‍ന്നു.  പിന്നീടങ്ങോട്ട് ജനപ്രിയ ഗാനങ്ങളുടെ വേലിയേറ്റം തന്നെ അദ്ദേഹം സൃഷ്ടിച്ചു. പാട്ടുകള്‍ സൂചിപ്പിക്കാന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. അതിനാല്‍ ചിത്രങ്ങളില്‍ ചിലതുമാത്രം ചൂണ്ടിക്കാണിക്കാം. കാര്‍ത്തിക, പ്രിയ, സിന്ദൂരച്ചെപ്പ്, മരം, വനദേവത, പഞ്ചമി, ദ്വീപ്, നീതിപീഠം, ഇതാ ഇവിടെ വരെ, രണ്ടുലോകം, തച്ചോളി അമ്പു, ഈറ്റ, ശരപഞ്ജരം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, സഞ്ചാരി, നാടോടിക്കാറ്റ്, ധ്വനി, സര്‍ഗ്ഗം, ഗസല്‍, പരിണയം, സ്നേഹം, മഴ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ജോക്കര്‍, കരുമാടിക്കുട്ടന്‍,കുഞ്ഞിക്കൂനന്‍. ഭാരതത്തില്‍ ആദ്യമായി ദേവഭാഷയായ സംസ്കൃതത്തില്‍ സ്വന്തം രചനകള്‍ നിര്‍വ്വഹിച്ച കവിയാണ് അദ്ദേഹം. 2000-ത്തില്‍ ‘മഴ’ എന്ന ചിത്രത്തിലെ ‘ഗേയം...ഹരിനാമധേയം..’ എന്ന സംസ്കൃത ഗാനത്തിലൂടെയാണ് അദ്ദേഹം മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്ക്കാരം നേടിയത് എന്ന കാര്യവും സ്മരണീയമാണ്. മലയാള ചലച്ചിത്ര ഗാന ശാഖക്ക് ഓജസ്സും, ഊര്‍ജ്ജവും പകര്‍ന്നു തന്ന കവിയെയാണ് മാര്‍ച്ച് മാസം നമ്മളില്‍ നിന്ന് വിധി തട്ടിയെടുത്തത് എന്നു പറഞ്ഞാല്‍ മതിയല്ളോ..?
 

യൂസഫലി കേച്ചേരി
 

ഏപ്രില്‍ മാസം 8ന് വാഹനാപകടത്തിലാണ് ഗായകന്‍ അയിരൂര്‍ സദാശിവന്‍റെ ജീവന്‍ പൊലിഞ്ഞത്. അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആരുടെ മനസ്സിലും ആദ്യം ഓടിയത്തെുന്നത് ‘ചായ’ത്തിലെ ‘അമ്മേ...അമ്മേ അവിടുത്തെ മുന്നില്‍ ഞാനാര്..?ദൈവമാര്...? എന്ന അര്‍ത്ഥവത്തായ ഗാനമാണ്. പിന്നീട് അദ്ദേഹം വേറെയും ചില പാട്ടുകള്‍ പാടിയെങ്കിലും ആ ഗായകന്‍റെ ‘മാസ്റ്റര്‍പീസ്...’ ആയി മാറി പ്രസ്തുത ഗാനം. ചങ്ങനാശ്ശേരി ഗീഥ എന്ന നാടകസമിതിയുടെ ‘കാട്ടുതീ...’ എന്ന നാടകത്തിനു വേണ്ടി പാടിക്കൊണ്ടാണ് അദ്ദേഹം ഗായകന്‍ എന്ന നിലയില്‍ തുടക്കമിട്ടത്. പിന്നീട് കെ.പി.എ.സി നാടകങ്ങളിലെ ഗായകനായി.‘മരം’ എന്ന ചിത്രത്തിലെ ‘മൊഞ്ചത്തിപ്പെണ്ണേ നിന്‍..ചുണ്ട്..’ എന്ന ഗാനമാണ് ജി.ദേവരാജന്‍ ഈ ഗായകനെക്കൊണ്ട് ആദ്യമായി പാടിച്ചതെങ്കിലും ആ പടമിറങ്ങാന്‍ വൈകി. അങ്ങനെ രണ്ടാമതുപാടിയ അമ്മയെക്കുറിച്ചുള്ള പാട്ട് അയിരൂര്‍ സദാശിവന്‍റെ തുടക്കഗാനമായി അറിയപ്പെട്ടു. ആ പാട്ടിന്‍്റെ വിജയം ഗായകന്‍്റെ കൂടി വിജയമായി. ‘രാജഹംസ'ത്തിലെ ‘സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍....’എന്ന അതിപ്രശസ്തമായ ഗാനം  ആദ്യം പാടിയത് അയിരൂര്‍ സദാശിവനായിരുന്നു. പക്ഷേ പാട്ട് ആലേഖനം ചെയ്ത ഗ്രാമഫോണ്‍  റെക്കോഡ് ഇറക്കേണ്ട എച്ച്.എം.വി കമ്പനി ഗായകനെ മാറ്റണമെന്ന് ശഠിച്ചു. അങ്ങനെയാഗാനം യേശുദാസിന്‍റെ ശബ്ദത്തില്‍ പുറത്തുവന്നു. സദാശിവന്‍ ചില സ്വകാര്യസംഭാഷണങ്ങളിലെങ്കിലും ഇതിനെക്കുറിച്ച് പരിതപിച്ച് കേട്ടിട്ടുണ്ട്. ഒടുവില്‍ എല്ലാ പരിഭവങ്ങള്‍ക്കും വിടനല്‍കി അദ്ദേഹം യാത്രയായി. 
 

അയിരൂര്‍ സദാശിവന്‍
 


ജൂലൈ 14-നാണ് എം.എസ് വിശ്വനാഥന്‍ എന്ന അദ്വീതിയനായ സംഗീത സംവിധായകന്‍ ജീവിതത്തിന്‍്റെ ഉടുപ്പുകള്‍ അഴിച്ചുവെച്ച് മരണത്തിന് കീഴടങ്ങിയത്. പാലക്കാട് എലപ്പുള്ളിയില്‍ മനയങ്കത്തുവീട്ടില്‍ സുബ്രഹ്മണ്യന്‍-നാരായണി ദമ്പതികളുടെ മകനായി 1928 ജൂണ്‍ 24ന് ജനിച്ച മനയങ്കത്ത് സുബ്രമഹ്ണ്യന്‍ വിശ്വനാഥന്‍ എന്ന എം.എസ് വിശ്വനാഥന് മാതാപിതാക്കള്‍ ഇട്ടപേര് വിശു എന്നാണ്. വിശുവിന് നാലു വയസ്സുള്ളപ്പോള്‍ അച്ഛന്‍ ആകസ്മികമായി മരണമടഞ്ഞു. പിന്നീട് അമ്മാവന്‍്റെ തണലിലാണ് വിശു വളര്‍ന്നത്. ആദ്യം നാടകങ്ങളിലും മറ്റും അഭിനയത്തിന്‍്റെ മാറ്റുരച്ചുനോക്കി അത് തന്‍്റെ തട്ടകമല്ളെന്നു മനസ്സിലാക്കിയ അദ്ദേഹം സംഗീതത്തോടു താല്‍പര്യം കാണിക്കുവാന്‍ തുടങ്ങി. പള്ളിക്കൂടത്തിന് അടുത്തുള്ള ക്ഷേത്രത്തില്‍ കുട്ടികളെ ഭാഗവതര്‍ പാട്ടുപഠിപ്പിക്കുന്നത് തൂണിന്‍്റെ മറവില്‍ മറഞ്ഞുനിന്ന് കേട്ട് പഠിച്ച വിശു വളരെ പെട്ടെന്ന് സംഗീതത്തിലെ സപ്തസ്വരങ്ങളെ കീഴടക്കി. ആദ്യം സഹ സംഗീത സംവിധായകനായി പ്രവര്‍ത്തിച്ചു. പിന്നീട് സ്വതന്ത്രസംഗീത സംവിധായകനായി. തമിഴിലിലേറെക്കാലം വെന്നിക്കൊടി പാറിച്ചതിനുശേഷമാണ് വിശ്വനാഥന്‍ മലയാളത്തില്‍ എത്തിയത്. ‘ലങ്കാദഹന’മായിരുന്നു ആദ്യചിത്രം.‘ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി...’ ഉള്‍പ്പെടെ അതിലെ 7 ഗാനങ്ങളും ആസ്വാദകര്‍ സഹര്‍ഷം ഏറ്റുവാങ്ങി. തുടര്‍ന്ന് മന്ത്രകോടി, പണിതീരാത്ത വീട്, ദിവ്യദര്‍ശനം, ചന്ദ്രകാന്തം, ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, യക്ഷഗാനം, ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ, ബാബുമോന്‍, ഓര്‍മ്മകള്‍ മരിക്കുമോ, പഞ്ചമി, വേനലില്‍ ഒരുമഴ, സിംഹാസനം, ജീവിതം ഒരു ഗാനം, പട്ടിക നിരത്തിയാല്‍ അതിനിയും നീളും.
ലളിത സംഗീതത്തിന്‍്റെ രാജാവ് എന്ന അര്‍ത്ഥം വരുന്ന ‘മെല്ലിസൈമന്നന്‍’ എന്ന വിശേഷണം നല്കിയാണ് തമിഴ് മക്കള്‍ അദ്ദേഹത്തെ ആദരപൂര്‍വ്വം വിളിച്ചിരുന്നത്. ഏതു വിശേഷണത്തിനും അര്‍ഹനായിരുന്നു അദ്ദേഹമെന്നു പറയാം. ആരാധകരെ മുഴുവന്‍ നിത്യദു:ഖത്തിലാഴ്ത്തിക്കൊണ്ട് അദ്ദേഹം ഈ ലോകം വിട്ടുപോയി. എം.എസ് വിശ്വനാഥന്‍ എന്ന പേരും അദ്ദേഹം ചിട്ടപ്പെടുത്തിയ അസംഖ്യം ഗാനങ്ങളും മാത്രം ബാക്കിയായി. 
പാട്ടില്‍ മാത്രമല്ല ജീവിതത്തിലും വേദനയുടെ കയ്പുനീര്‍ കുടിക്കേണ്ടി വന്ന ഗാനരചയിതാവാണ് ആഗസ്റ്റ് 8-ന് നമ്മെ വിട്ടുപോയ വെള്ളനാട് നാരായണന്‍. ബാല്യവും, കൗമാരവും ഇല്ലായ്മയുടെ പിടിയിലായിരുന്നുവെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന് ആശ്വാസമേകിയത് വെള്ളനാട് പബ്ളിക്ക് ലൈബ്രറിയും മിത്രനികേതന്‍ ബാലസമാജവുമായിരുന്നു. അക്ഷരങ്ങളുടെ വെളിച്ചം അദ്ദേഹത്തെ പുതിയ ഒരു ലോകത്തത്തെിച്ചു. ആദ്യമൊക്കെ വില്ലടിച്ചാന്‍ പാട്ടും കഥാപ്രസംഗവുമാണ് എഴുതിയത്. അത് ക്രമേണ നാടകത്തിന് വഴിമാറി. ഇതിനിടെ അദ്ദേഹം തിരുവനന്തപുരം മഹാത്മഗാന്ധി കോളേജില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദം നേടുകയും വാട്ടര്‍ അതോറിറ്റിയില്‍ ഉദ്ദ്യോഗസ്ഥനാവുകയും ചെയ്തു. നാടകരംഗത്തെ തിളക്കം സ്വാഭാവികമായും നാരായണനെ ചലച്ചിത്രരംഗത്ത് എത്തിച്ചു. 1980ല്‍ വന്ന ‘സരസ്വതിയാമ’മാണ് ആദ്യത്തെ ചിത്രം. അതിലെ ‘നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ....?’ എന്ന ഗാനം ഹിറ്റായി. പൗരുഷം, വെളിച്ചമില്ലാത്ത വീഥി, ആ പെണ്‍കുട്ടി നീയായിരുന്നെങ്കില്‍, ഒരോ പൂവിലും ഒരു മഞ്ഞുതുള്ളിപോലെ, ഒരായിരം ഓര്‍മ്മകള്‍ എന്നിങ്ങനെ പ്രദര്‍ശനത്തിനു വന്നവയും അല്ലാത്തവയുമായി പതിനൊന്നു ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അദ്ദേഹം തൂലിക ചലിപ്പിച്ചത്. 2001-ല്‍ വന്ന ‘മുക്കുത്തി’യാണ് അവസാന ചിത്രം. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി അദ്ദേഹം അര്‍ബുദരോഗത്തിന്‍്റെ ചികിത്സയിലായിരുന്നു. പാട്ടില്‍ വേദന നിറച്ച് അശ്രുബിന്ദുക്കള്‍ സമ്മാനിച്ച് ഒടുവില്‍ അദ്ദേഹം എന്നന്നേക്കുമായി യാത്ര പറഞ്ഞു.
സംഗീത സംവിധായകന്‍, ക്രിസ്തീയ ഗാനരചയിതാവ്, ഗായകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന എ.ജെ ജോസഫ് ആഗസ്റ്റ് 19-ന് ആണ് നിര്യാതനായത്. ഗിറ്റാറിസ്റ്റായിരുന്ന അദ്ദേഹം ഗിറ്റാര്‍ ജോസഫ് എന്ന പേരിലാണ്  സുഹ്യത്തുക്കള്‍ക്കിടയില്‍ പ്രശസ്തനായത്. എന്‍.എന്‍ പിള്ളയുടെ നാടകസമിതിയിലെ ഗിറ്റാറിസ്ററായിട്ടാണ് കലാരംഗവുമായി അദ്ദേഹം ആദ്യമായി ബന്ധപ്പെട്ടത്. എങ്കിലും അദ്ദേഹത്തെ യശസ്സിലേക്കു പിടിച്ചുയര്‍ത്തിയത് ‘യഹൂദിയായിലെ ഒരു ഗ്രാമത്തില്‍...’ എന്ന ക്രിസ്മസ് കാരള്‍ ഗാനമാണ്. ‘എന്‍്റെ കാണാക്കുയില്‍’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നുകൊണ്ട് അദ്ദേഹം ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ടു. ഈ കൈകളില്‍, കുഞ്ഞാറ്റക്കിളികള്‍, നാട്ടുവിശേഷം, കടല്‍കാക്ക, എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യാത്ര പറഞ്ഞിറങ്ങിയ അദ്ദേഹം അതോടെ ചലച്ചിത്രരംഗം ഉപേക്ഷിക്കുകയായിരുന്നു. 
സെപ്തംബര്‍ 20-ന് ഗായിക രാധികാതിലക് അന്തരിച്ചു എന്ന വാര്‍ത്ത പുറത്തുവന്നു. അന്ന് ആ വാര്‍ത്തയുടെ നിജസ്ഥിതി തേടി പലരും പത്രസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു. കാരണം അര്‍ബുദബാധിതയായി രാധിക കഴിയുകയായിരുന്നുവെന്ന കാര്യം പലര്‍ക്കും അറിയില്ലായിരുന്നു. ചേന്നമംഗലം പാലിയത്ത് ജയതിലകന്‍്റെയും, എറണാകുളം രവിപുരത്തുള്ള ശ്രീകണ്ഠത്ത് ഗിരിജയുടെയും മകളായ രാധികയ്ക്ക് പാരമ്പര്യമായി ലഭിച്ചതാണ് സംഗീതവാസന. മുത്തശ്ശിയും, അമ്മായിയുമെല്ലാം സംഗീതക്കച്ചേരി നടത്തുന്നവരായിരുന്നു. പ്രമുഖഗായകരായ സുജാതാമോഹനും, ജി.വേണുഗോപാലും അടുത്ത ബന്ധുക്കളായതിനാല്‍ അങ്ങനെയും സംഗീതജീവിതം ഗായികയ്ക്ക് പ്രചോദനമായി. കലാലയത്തില്‍ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷവും ലളിതഗാനത്തിനുള്ള സമ്മാനം ഈ ഗായികക്കായിരുന്നു. 1989ല്‍ വന്ന ‘സംഘഗാന’മാണ് ആദ്യചിത്രം. ഒറ്റയാള്‍ പട്ടാളം, ഗുരു, കന്മദം, ദീപസ്തംഭം മഹാശ്ചര്യം, നന്ദനം, ബ്രഹ്മചാരി, കുഞ്ഞിക്കൂനന്‍, സ്നേഹം എന്നീ ചിത്രങ്ങളിലെ പാട്ടുകളെല്ലാം രാധികയുടെ കഴിവുതെളിയിക്കുന്നതായിരുന്നു. ശുദ്ധമായ ലളിത സംഗീതത്തിന്‍്റെ വഴികളിലൂടെയായിരുന്നു അവരുടെ യാത്ര. ഒടുവില്‍ അവിചാരിതമായി മാരകരോഗം പിടിപെടുകയും അത് അന്ത്യയാത്രക്കുള്ള നിമിത്തമാവുകയും ചെയ്തു. 

രവീന്ദ്ര ജെയ്ന്‍
 


ഒക്ടോബര്‍ 8 ന് ആണ് ഹിന്ദിക്കാരനെങ്കിലും മലയാളത്തെ ഒരുപാട് സ്നേഹിച്ച രവീന്ദ്ര ജെയ്ന്‍ അന്ത്യശ്വാസം വലിച്ചത്. ജന്മനാ അന്ധനായ അദ്ദേഹം സ്വപ്രയത്നം കൊണ്ടാണ് സംഗീതത്തിന്‍്റെ പടവുകള്‍ ഒന്നൊന്നായി കയറികൂടിയത്. ‘ചിത്ചോറി’ലെ ഗാനത്തിലൂടെ യേശുദാസിന് ദേശീയപുരസ്ക്കാരം  വരെ നേടിക്കൊടുത്തു.‘ഭാരതത്തിന്‍്റെ ശബ്ദം’ എന്ന് ഗാനഗന്ധര്‍വനെ വിശേഷിപ്പിക്കാന്‍ അദ്ദേഹത്തിന് തെല്ലും മടിയുണ്ടായില്ല.  ആകെ പന്ത്രണ്ടുഗാനങ്ങള്‍ മാത്രമാണ് അദ്ദേഹം മലയാളത്തിനുവേണ്ടി ഒരുക്കിയത്. 1977ല്‍ വന്ന ‘സുജാത’യാണ് പ്രഥമമലയാള ചിത്രം. സുഖം സുഖകരം, ആകാശത്തിന്‍്റെ നിറം എന്നിവയാണ് പിന്നീടു വന്ന ചിത്രങ്ങള്‍. 1989ല്‍ തരംഗിണിക്കുവേണ്ടി ഒരുക്കിയ ‘ആവണിപ്പൂച്ചെണ്ട്’ പ്രചാരത്തില്‍ സ്ഥാനം നേടിയതാണ്. ഇക്കൊല്ലമാണ് പദ്മശ്രീ നല്കി അദ്ദേഹത്തെ രാഷ്ട്രം ആദരിച്ചത്. അന്ധത എന്ന വൈകല്യത്തെ മറികടന്ന് അദ്ദേഹം ജീവിതവിജയം നേടി. 
ഇത്രയേറെ കലാകാരന്‍മാര്‍ ഗാനരംഗത്തുനിന്നു കടന്നുപോയ വര്‍ഷം മുമ്പുണ്ടായിട്ടില്ല. 2015 അതുകൊണ്ടുതന്നെ ഗാനാസ്വാദകരെസംബന്ധിച്ചിടത്തോളം അങ്ങേയറ്റം ശപിക്കപ്പെട്ട വര്‍ഷമാണ്. നമ്മുടെ ഭാഷയെയും , സംഗീതത്തെയും ധന്യമാക്കിയ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍....! 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.