തറവാട്ടു മുറ്റത്തെ ആര്‍പ്പുവിളികള്‍ തിരുവനന്തപുരത്തെ ഫ്ളാറ്റിലെ ചെറിയ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യമത്തെുന്ന ഓര്‍മ തൃശൂര്‍ കഴമ്പ്രത്തെ വാഴപ്പള്ളി തറവാട്ടു മുറ്റവും അവിടത്തെ ഒച്ചപ്പാടുകളുമാണ്. ഓണത്തെ വരവേല്‍ക്കാന്‍ വല്യച്ഛന്‍ വാഴപ്പള്ളി രാമന്‍ ധര്‍മരാജന്‍ ദിവസങ്ങള്‍ക്കുമുമ്പേ ഒരുക്കം തുടങ്ങിയിട്ടുണ്ടാവും. മക്കളും പേരമക്കളും അവരുടെ മക്കളുമായി ആ തറവാട് വീട് കുറച്ചു ദിവസം ബഹളത്തില്‍ ലയിച്ചിരിക്കും. സദ്യയും പൂക്കളവും കളിയും ചിരിയും ഊഞ്ഞാലാട്ടവും കുളത്തിലെ മുങ്ങിക്കുളിയുമായി ശരിക്കും ആഘോഷം തന്നെയായിരുന്നു അന്നത്തെ ഓണക്കാലം.
45 പേര്‍ വരുന്ന ആ വലിയ വീട്ടില്‍ ഞങ്ങള്‍ കൊച്ചു കുട്ടികള്‍ നിറഞ്ഞാടും. രാവിലെ മുതല്‍ തുടങ്ങും കളികള്‍. പിന്നെ ദേഹം മുഴുക്കെ എണ്ണതേച്ച് കുളത്തിലേക്ക് എടുത്തുചാടും. അതുവരെ അനുഭവിച്ച സകല ക്ഷീണവും ആ കുളിയില്‍ അലിഞ്ഞുതീരും. ഒരിക്കലും വലുതാകരുതെന്നാണ് കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മള്‍ ചിന്തിക്കാറുള്ളത്. സംഗീതമാണ് ജീവിതമെന്നറിഞ്ഞപ്പോള്‍ ആ സഞ്ചാരം പുതിയ മേച്ചില്‍പുറങ്ങളിലേക്കത്തെിച്ചു. ഓണം അടുക്കുന്നതോടെ തിരക്കില്‍നിന്ന് തിരക്കിലേക്ക് ഒന്നൂടെ അമരും. ഒഴിവുസമയം കുടുംബവുമായി ഒന്നിച്ചിരിക്കാമെന്ന മോഹം പലപ്പോഴും നടക്കാറില്ല.
ഓണം നല്‍കുന്ന പോസിറ്റിവ് എനര്‍ജി
എല്ലാ ആഘോഷങ്ങളും എനിക്ക് തരുന്നത് ശുഭാപ്തിവിശ്വാസത്തോടെ ജീവിക്കാനുള്ള ശക്തിയാണ്. ഓണക്കാലത്തിറങ്ങിയ പല പാട്ടുകളും ഏറെ ജനപ്രിയമായി എന്നത് ഏറെ സന്തോഷം തരുന്നു. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ‘വിസ്മയ’ത്തിന്‍െറ തമിഴിലും തെലുങ്കിലും മലയാളത്തിലും പാടാന്‍ സാധിച്ചു. ആ പാട്ട് ജനങ്ങള്‍ സ്വീകരിച്ചുവെന്നതില്‍ ഏറെ സന്തോഷമുണ്ട്. കൂടാതെ മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന ‘ഒരു വാതില്‍ കോട്ട’ എന്ന സിനിമയിലും ‘ഋതു’ എന്ന സംഗീത ആല്‍ബത്തിലും പാടി. ഇവയൊക്കെ ഈ ഓണം മനസ്സിനു തരുന്ന സന്തോഷങ്ങളാണ്.
തൃശൂരിലെ തറവാട്ടുമുറ്റത്തുനിന്ന് പലരും പലവഴിക്ക് ചേക്കേറിയെങ്കിലും കുടുംബത്തിലെ പല കണ്ണികളും തിരുവനന്തപുരത്താണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ ഓണത്തിന് ഇവരെല്ലാവരും ഒത്തുകൂടുന്നത് പതിവാണ്. എന്നാല്‍, തിരക്ക് കാരണം ആ സന്തോഷവേളകളില്‍ പങ്കെടുക്കാന്‍ സാധിക്കാറില്ല. വീട്ടിലുള്ള സമയത്ത് ഓണസദ്യ കഴിച്ച് ബന്ധുക്കളെയും കൂട്ടുകാരെയും കണ്ട് പിന്നെ കുടുംബവുമൊത്ത് കറങ്ങാന്‍ പോകുന്നത് പതിവാണ്, പിന്നെ സിനിമക്കും പോകും.
ഇന്ന് റെഡിമെയ്ഡ് സാധനങ്ങള്‍കൊണ്ടാണ് ഓണം ആഘോഷിക്കുന്നത്. അതില്‍ സങ്കടമുണ്ട്. വിദേശത്തോ മറ്റു പരിപാടികള്‍ക്കോ പോകുമ്പോള്‍ ഭാര്യ ദീപ്തിയും കൂടെയുണ്ടാകാറുണ്ട്. കൂടെയിരിക്കാനും യാത്രചെയ്യാനും അവസരം തരുന്ന സന്ദര്‍ഭങ്ങളാണ് ഓരോ ആഘോഷ വേളകളും. അതില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഓണവും അതിന്‍െറ ആഘോഷങ്ങളും. എല്ലാ ഓണാഘോഷവും ഞങ്ങള്‍ക്ക് പുതുമയുള്ളതാണ്. ഇത്തവണയും അതങ്ങനെ തന്നെയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.