എം.ജി.ആറിന്‍െറ ബോധം വീണ്ടെടുത്ത സംഗീത വിദ്വാന്‍

ചെന്നൈ: പേരില്‍പോലും സംഗീതമുള്ള, സംഗീതത്തിന്‍െറ സമസ്ത മേഖലകളിലും കൈവെച്ച ഡോ. ബാലമുരളീ കൃഷ്ണ, സംഗീതം കൊണ്ട് രോഗികളെ ചികിത്സിക്കുകയും ചെയ്തു. ആദ്യ രോഗി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആറാണ്. വൃക്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍  ബോധരഹിതനായ എം.ജി.ആറിന് ബോധം വീണ്ടെടുത്ത് നല്‍കി ആധുനിക വൈദ്യശാസ്ത്രത്തെ തോല്‍പിച്ചതും ബാലമുരളിക്ക് മാത്രം സ്വന്തം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അവശ നിലയിലായതിനാല്‍ എം.ജി.ആറിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല.

എം.ജി.ആറിന് സംഗീത ചികിത്സ നല്‍കാമെന്ന് ബാലമുരളി ഡോക്ടര്‍മാരുടെ മുന്നില്‍ ആശയം വെച്ചു. പ്രത്യേക അനുമതിയോടെ ഐ.സി.യുവിലത്തെി പ്രത്യേകം തയാറാക്കിയ ടേപ് ഹെഡ്ഫോണ്‍ വെച്ച് അബോധാവസ്ഥയില്‍ കിടന്ന അദ്ദേഹത്തെ കേള്‍പിച്ചു. പതിനഞ്ച് മിനിറ്റിനുള്ളില്‍ കണ്ണുതുറന്ന അദ്ദേഹത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ ബോധം വീണ്ടുകിട്ടി. തുടര്‍ ദിവസങ്ങളിലും അദ്ദേഹം അഭിനയിച്ച പല സിനിമഗാനങ്ങളും കേള്‍പിച്ചു. യാത്ര ചെയ്യാനുള്ള ആരോഗ്യം കിട്ടിയതോടെ ശസ്ത്രക്രിയക്കായി എം.ജി.ആറിനെ അമേരിക്കയിലേക്ക് കൊണ്ടുപോയി.

കച്ചേരി അവതരിപ്പിച്ച് മഴ പെയ്യിപ്പിച്ചതിന് കുഞ്ഞുനാളില്‍ തങ്ങള്‍ സാക്ഷിയാണെന്ന് മരണസമയത്ത് അടുത്തുണ്ടായിരുന്ന മക്കളിലൊരാളും സംഗീത ഉപകരണ വാദ്യ വിദഗ്ധനുമായ ഡോ. വംശീ മോഹന്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രശസ്തി നേടിയ സംഗീത ചികിത്സക്കായി 1985ല്‍ തന്നെ ബാലമുരളീ കൃഷ്ണ പദ്ധതി തയാറാക്കിയിരുന്നു. മംഗലംപള്ളി ബാലമുരളീ കൃഷ്ണ എന്നൊരു ട്രസ്റ്റും ഇതിനായി രൂപവത്കരിച്ചു. തിരക്ക് പിടിച്ച സംഗീതലോകത്തുനിന്ന് റിട്ടയര്‍മെന്‍റിലേക്ക് കടക്കുമ്പോള്‍ ഒരു സ്റ്റുഡിയോയും അതിനോട് ചേര്‍ന്ന് ആശുപത്രിയും ചേര്‍ന്ന പദ്ധതികള്‍ക്ക് ഒരുകോടി രൂപയാണ് മാറ്റിവെച്ചത്. ഉദ്ദേശിച്ചതിലുപരി പദ്ധതി മുന്നോട്ടുപോയി. ഇപ്പോള്‍ മക്കളാണ് ഇതിന്‍െറ നടത്തിപ്പുകാര്‍.

സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ബാലമുരളി ചെന്നൈയില്‍ മ്യൂസിക് അക്കാദമിയുടെ വളര്‍ച്ചക്കായി അഹോരാത്രം പ്രയത്നിച്ചു. അക്കാദമിയുടെ സമീപത്താണ് അദ്ദേഹം സ്വവസതിയും കണ്ടത്തെിയത്. സംഗീത ഗവേഷണ സ്ഥാപനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ കെട്ടിപ്പൊക്കി. സ്വിറ്റ്സര്‍ലന്‍ഡില്‍ അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ആന്‍ഡ് റിസര്‍ച് ’ എന്ന സ്ഥാപനത്തിന് ബീജാവാപം നല്‍കി. ഇംഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് യൂറോപ്യന്‍ ജനങ്ങളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടാന്‍ സഹായകമായി.

വീണയും വയലിനും മൃദംഗവും ഗഞ്ജറയും വായിക്കാനറിയാവുന്ന അദ്ദേഹം വയോള എന്ന ഗ്രാമീണ സംഗീത ഉപകരണത്തെ കച്ചേരി വേദികളില്‍ അവതരിപ്പിച്ചു. ആകാശവാണിയിലെ ആദ്യ പ്രൊഡ്യൂസറായ കാലത്തു തുടങ്ങിയ പുലര്‍ച്ചെയുള്ള ഭക്തിഗാന പ്രക്ഷേപണം ഇപ്പോഴും തുടരുന്നുണ്ട്.    
സംഗീതത്തിലെ മഹാരഥന്മാരായ ശെമ്മാങ്കുടി, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, കാരക്കുടി രാമാനുജന്‍, എം. വിശ്വനാഥ അയ്യര്‍ തുടങ്ങിയവര്‍ക്കൊപ്പം വേദി പങ്കിട്ടുണ്ട്.

തെലുങ്ക് സിനിമയിലെ ഒരു ശ്ളോകം മാത്രം പാടി പിന്നണിഗാന രംഗത്തത്തെിയ അദ്ദേഹം ഇന്ത്യയിലെ മിക്കവാറും ഭാഷകളില്‍ ഗാനങ്ങള്‍ക്കായി ക്ഷണിക്കപ്പെട്ടു. സന്ധ്യക്കെന്തിനു സിന്ദൂരം എന്ന മലയാള സിനിമയിലാണ് ആദ്യമായി നായകനാകുന്നത്. ഒരു സംഗീതജ്ഞന്‍െറ ജീവിത കഥ പറഞ്ഞ സിനിമയില്‍ പാടാന്‍ ചെന്ന അദ്ദേഹം പിന്നീട് സിനിമയിലെ നായകനായി മാറുകയായിരുന്നു. കണ്ടുവെച്ച നായകനെക്കാള്‍, സംഗീതജ്ഞന്‍െറ ജീവിതം ബാലമുരളിയെപ്പോലുള്ള ഒരാള്‍ക്ക് മാത്രമേ അഭ്രപാളികളില്‍ പതിപ്പിക്കാന്‍ കഴിയൂവെന്ന അണിയറ പ്രവര്‍ത്തകരുടെ ധാരണ അദ്ദേഹം തെറ്റിച്ചുമില്ല. തുടര്‍ന്നങ്ങോട്ട് നിരവധി സിനിമകളില്‍ കഴിവ് തെളിയിച്ചു. കലാരംഗത്ത് നിരവധി സംഭാവനകള്‍ ശേഷിപ്പിച്ചാണ്  ബഹുമുഖ പ്രതിഭ വിട്ടുപിരിയുന്നത്.

Tags:    
News Summary - balamuralikrishna provide music treatment for mgr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.