‘ഹെരോദാ രാജാവിന്‍െറ കാലത്ത് യേശു യെഹൂദ്യയിലെ ബത് ലഹേമില്‍ ജനിച്ചശേഷം കിഴക്കുനിന്ന് വിദ്വാന്മാര്‍ യെരൂശലേമില്‍ എത്തി. യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ? ഞങ്ങള്‍ അവന്‍െറ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു....’
(പുതിയ നിയമം)

‘അന്നത്തെ നക്ഷത്രം താന്‍ ഈ അന്തരീക്ഷത്തിങ്കല്‍
വന്നുദിച്ചിതാ പാരില്‍ ചെവിപാര്‍ത്തരുളുന്നു...’
എന്ന് വള്ളത്തോള്‍ മറ്റൊരു സന്ദര്‍ഭത്തിലെഴുതിയതുപോലെ പാരിലെങ്ങും നക്ഷത്രം വിളങ്ങുകയും മനസ്സില്‍ മഞ്ഞുപെയ്യുകയും സിരകളില്‍ സ്തുതിഗീതമുയരുകയും ചെയ്യുന്ന ക്രിസ്മസ് കാലം മലയാളത്തിന്‍െറ കാലങ്ങളായുള്ള ശീലങ്ങളിലൊന്നാണ്. അവിടെ സംഗീതം തേന്‍ നിലാവായി പെയ്തു വീഴുന്നതും സ്വാഭാവികം. എന്നാല്‍, ആ സംഗീതത്തിന് ഒരു പാശ്ചാത്യ ചുവയുണ്ട്. പിയാനോയിലും ഗിത്താറിലും വായിക്കുന്ന ആ ഈണത്തിന് കാതോര്‍ക്കാന്‍ നമ്മെ വഴക്കിയെടുത്തിട്ടുണ്ട് പതിറ്റാണ്ടുകളായി നമ്മുടെ കവികളും ഗായകരും സംഗീത സംവിധായകരും ചേര്‍ന്ന്.

‘ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി
ഈയൊലിവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍..’
എന്ന ഒ.എന്‍.വിയുടെ വരികള്‍തന്നെ എത്രയോ ഇണങ്ങുന്നതാണ് ആ സംഗീതത്തോട്. ഒൗസേപ്പച്ചന്‍ എന്ന സംഗീതസംവിധായകന്‍ സിനിമയിലേക്കുള്ള തന്‍െറ വരവറിയിച്ച പാട്ടുകൂടിയാണിത് (ചിത്രം: കാതോട് കാതോരം). കേരളം ഒരു പുതുമയോടെയാണ് ആ ഗാനം കേട്ടത്. എന്നാല്‍, അത് മലയാള സിനിമയിലെ ക്രിസ്തീയ ഗാനങ്ങളുടെ തുടക്കമൊന്നുമായിരുന്നില്ല. മലയാളത്തിന്‍െറ മനസ്സ് കീഴടക്കിയ നൂറുകണക്കിന് ഗാനങ്ങള്‍ വയലാറും ദേവരാജനും ദക്ഷിണാമൂര്‍ത്തിയും ബാബുരാജുമൊക്കെ ചേര്‍ത്ത് നേരത്തേ സൃഷ്ടിച്ചിരുന്നു.

കര്‍ണാടക സംഗീതത്തിന്‍െറ കൃത്യമായ രാഗച്ഛായയിലല്ലാതെ പാട്ടുകള്‍ക്ക് ഈണമൊരുക്കിയിട്ടില്ലാത്ത ദക്ഷിണാമൂര്‍ത്തിയാണ് മലയാളത്തിലാദ്യം ഒരു ക്രിസ്തീയ ഗാനത്തിന് സംഗീതം നിര്‍വഹിച്ചതെന്നത് ശ്രദ്ധേയമാണ്; അതും തന്‍െറ പതിവു ശൈലിയില്‍നിന്ന് ഒട്ടും വേറിടാതെതന്നെ. 1952ല്‍ പാവനം പാവനം എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരന്‍ എഴുതിയ ‘പാവനം പാവനം മാതാവേ.. നീണാള്‍ വാണിടും നിന്‍ ത്യാഗദീപം..’ എന്ന ഗാനമായിരുന്നു അത്. തുടര്‍ന്ന് 54ല്‍ മലയാളക്കരയെങ്ങും സ്വീകാര്യത നേടിയ ചിത്രം ‘സ്നേഹസീമ’ക്കായി ദക്ഷിണാമൂര്‍ത്തി തീര്‍ത്തും കര്‍ണാട്ടിക് രീതിയില്‍തന്നെ ചെയ്ത ‘കനിവോലും കമനീയ ഹൃദയം..’ എന്ന പി. ലീല പാടിയ ഗാനം മലയാളം വല്ലാതെ സ്വീകരിച്ചപ്പോള്‍ അത് ക്രിസ്തീയ ഗാനങ്ങളില്‍ വേറിട്ട ചരിത്രമായി. ഗാനം എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് വല്ലാത്ത ആശങ്ക സിനിമാ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. എന്നാല്‍, റിലീസ് ചെയ്തപ്പോള്‍ പാട്ടുകേട്ട് തിയറ്ററില്‍ വെച്ച് കുരിശുവരച്ചു എന്നാണ് ദക്ഷിണാമൂര്‍ത്തി ഇതേക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത്. മറ്റൊരു ലക്ഷണമൊത്ത ഗാനമാണ് 1960ല്‍ എം.എസ്. ബാബുരാജിന്‍െറ സംഗീതത്തില്‍ ജിക്കി പാടിയ ‘ഉമ്മ’ എന്ന ചിത്രത്തിലെ ‘നിത്യസഹായ നാഥേ പ്രാര്‍ഥിക്ക ഞങ്ങള്‍ക്കായ് നീ..’ എന്ന ഗാനം വെസ്റ്റേണ്‍ രീതിയില്‍തന്നെയാണ് ഒരുക്കിയത്. തൊട്ടടുത്ത വര്‍ഷമിറങ്ങിയ ‘ജ്ഞാനസുന്ദരി’യിലെ ‘കന്യാമറിയമേ തായേ..’ എന്ന ദക്ഷിണാമൂര്‍ത്തിയുടെ ഗാനവും ഇന്നും മലയാളം ഏറ്റുപാടുന്നതാണ്.

കെ. രാഘവന്‍ ഈണമിട്ട് പി. ലീല പാടിയ ‘യെരുശലേമിന്‍ നായകനെ എന്നുകാണും..’ എന്ന ഗാനം വയലാര്‍ രാമവര്‍മയുടെ മലയാളത്തെ സ്വാധീനിച്ച നിരവധി ക്രിസ്തീയ ഗാനങ്ങളുടെ തുടക്കമായിരുന്നു. ‘തങ്കക്കുടം’ എന്ന ചിത്രത്തിനുവേണ്ടി ഭാസ്കരന്‍ മാഷ് എഴുതിയ ‘യേശുനായകാ ദേവാ സ്നേഹഗായകാ..’ എന്ന ഗാനം പി. സുശീലയാണ് ആലപിച്ചത്. ഏതുതരം സംഗീതവും അതിന്‍െറ തനിമയോടെ അവതരിപ്പിക്കാന്‍ കഴിയുന്ന പ്രതിഭാധനനായ ദേവരാജന്‍ മാഷ് നിരവധി അനശ്വര ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. വയലാറിന്‍െറ കാവ്യമധുരിമ അവക്ക് അനശ്വരതയും സമ്മാനിച്ചു. ‘നിത്യവിശുദ്ധയാം കന്യാമറിയമേ നിന്‍നാമം വാഴ്ത്തപ്പെടട്ടേ..’ എന്ന നദിയിലെ പി. സുശീലയുടെ ഗാനം, അരനാഴികനേരത്തിലെ ‘ദൈവപുത്രന് വീഥിയൊരുക്കുവാന്‍’, ‘ബാവായ്ക്കും പുത്രനും’, ചുക്ക് എന്ന ചിത്രത്തിനുവേണ്ടി ചെയ്ത ‘യെരുശലേമിലെ സ്വര്‍ഗദൂതാ’ തുടങ്ങി നിരവധി ഗാനങ്ങള്‍.

1977ല്‍ പുറത്തിറങ്ങിയ അപരാധിക എന്ന ചിത്രത്തിലെ ‘നന്മനേരുമമ്മേ..’ എന്ന ഗാനം പാടിയത് അന്ന് കുട്ടിയായിരുന്ന ഗായിക സുജാതയും ലതാ രാജുവും ചേര്‍ന്ന്. പി. ഭാസ്കരന്‍െറതാണ് രചന. പിന്നീട് ‘കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ..’ തുടങ്ങിയ ആല്‍ബം ഗാനങ്ങളിലൂടെയും ആരാധകരെ കീഴടക്കാന്‍ സുജാതക്ക് കഴിഞ്ഞു. 79ലാണ് പി. സുശീല പാടി മലയാളക്കരയാകെ അലയടിച്ച ‘കാലിത്തൊഴുത്തില്‍ പിറന്നവനേ’ എന്ന ഗാനമിറങ്ങുന്നത്. യൂസഫലി കേച്ചരി എഴുതിയ അര്‍ഥസമ്പുഷ്ടമായ ഈ ഗാനത്തിന് ഈണം പകര്‍ന്നത് കെ.ജെ. ജോയി. വര്‍ഷങ്ങള്‍ക്കുശേഷം യൂസഫലിയുടെ പ്രൗഢമായ വരികളിലൂടെയാണ് ‘വാതില്‍ തുറക്കൂ നീ കാലമേ കണ്ടോട്ടേ സ്നേഹസ്വരൂപനേ..’ എന്ന ഗാനം പിറക്കുന്നത്. (ചിത്രം: ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍). രവി ബോംബെയുടെ ഈണം. ‘വാഴ്ത്തിടുന്നിതാ സ്വര്‍ഗനായകാ..’ എന്ന എസ്. ജാനകി പാടിയ ഗാനം ‘സംഗമം’ എന്ന ചിത്രത്തില്‍ നിന്നാണ്. എസ്. ജാനകിയും വസന്തയും ചേര്‍ന്ന് പാടിയ ‘പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ’ എന്ന ഗാനമെഴുതിയത് ഭാസ്കരന്‍ മാഷും സംഗീതം ബാബുരാജും. ‘ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ’, ‘പള്ളിമണികളെ പള്ളിമണികളെ സ്വര്‍ലോക ഗീതത്തിന്നുറവുകളേ’, ‘യെരുശലേമിന്‍ നായകാ’ (പി. സുശീല), ‘നീയെന്‍െറ പ്രാര്‍ഥന കേട്ടു’, ‘ഓശാന ഓശാന ദാവീദിന്‍ സുതനെ ഓശാന’, ‘ദൈവത്തിന്‍ പുത്രന്‍ ജനിച്ചു ഒരു പാവന നക്ഷത്രം വാനിലുദിച്ചു’ (എ.എം. രാജ), ‘പാരിലെ ധന്യയാം മാതാ മറിയെ’ (യേശുദാസ്, മാധുരി), ‘നിത്യ സഹായ നാഥേ’ (ജിക്കി) തുടങ്ങി എത്രയോ ഗാനങ്ങളിലൂടെ മലയാള സിനിമ ക്രിസ്തീയ ജീവിത മുഹൂര്‍ത്തങ്ങളെ സ്തുതിഗീതങ്ങളാക്കി നമുക്ക് സമ്മാനിച്ചു.

എണ്‍പതുകള്‍ മുതല്‍ സിനിമാഗാനങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആല്‍ബം ഗാനങ്ങളും ഇറങ്ങിത്തുടങ്ങി. ഇന്നും അത് നമ്മുടെ ശീലത്തിന്‍െറ ഭാഗമായി തുടരുന്നു. ഒപ്പം നിരവധി സിനിമകളിലും ക്രിസ്മസ് ആഘോഷങ്ങള്‍ ചിത്രീകരിക്കപ്പെടുകയും അങ്ങനെ നിരവധി ഗാനങ്ങള്‍ ലഭിക്കുകയുമുണ്ടായി. ഫാസിലിന്‍െറ ‘നോക്കത്തൊദൂരത്തു കണ്ണും നട്ട്’ ക്രിസ്മസ് ആഘോഷം നന്നായി ചിത്രീകരിക്കപ്പെട്ട ചിത്രമാണ്. ഇതിലെ ‘ലാത്തിരിപ്പൂത്തിരി പുഞ്ചിരിച്ചെപ്പോ’ എന്ന ഗാനം കേരളക്കരയാകെ അലയടിച്ചതാണ്. തികച്ചും വെസ്റ്റേണ്‍ പശ്ചാത്തലത്തില്‍ ഒരു ലക്ഷണമൊത്ത ക്രിസ്മസ് ഗാനമായി ഇതിനെ കാണാന്‍ കഴിയും. പാശ്ചാത്യ സംഗീതം ആധികാരികമായി പഠിച്ച ജെറി അമല്‍ദേവ് ഒരുക്കിയ ഈ ഗാനത്തില്‍ വ്യത്യസ്ത മൂഡിലുള്ള ഈണങ്ങള്‍ മാറിമറിയുന്നു. ബിച്ചു തിരുമലയാണ് ഗാനമെഴുതിയത്. ആകാശദൂതിലെ ‘ശുഭയാത്രാ ഗീതങ്ങള്‍’ ഒരു സ്നേഹഗാനമാണെങ്കിലും ക്രിസ്തീയ പശ്ചാത്തലത്തില്‍ ഒ.എന്‍.വി എഴുതിയ മനോഹര ഗാനമാണ്. ആര്‍ദ്രമായ ഈണമൊരുക്കിയത് ഒൗസേപ്പച്ചന്‍. ‘കുരിശുമലയില്‍ പള്ളി മണികളുണരും പുണ്യ ഞായറാഴ്ചകള്‍ തോറും കരം കോര്‍ത്തുപോകും നാം.. ഓശാന പാടും നാം.. ’ എന്ന വരികള്‍ ഒരു ക്രിസ്മസ് തണുപ്പിന്‍െറ പശ്ചാത്തലമാണ് മനസ്സിലൊരുക്കുന്നത്.

‘ജീവിതം ഒരു ഗാനം’ എന്ന ചിത്രത്തിലെ ‘സത്യനായകാ മുക്തിദായകാ..’ ഇന്നും വേദികളില്‍ നിറഞ്ഞുനില്‍ക്കുന്ന ഗാനമാണ്. ശ്രീകുമാരന്‍ തമ്പി എഴുതി എം.എസ്. വിശ്വനാഥന്‍ ഈണമിട്ട ഈ ഗാനം ഗാനമേള വേദികളാണ് സജീവമായി നിലനിര്‍ത്തിയത്. ആയിരക്കണക്കിന് വേദികളില്‍ പിന്നീട് കെ.ജി. മാര്‍ക്കോസ് ഈ ഗാനം പാടിയിട്ടുണ്ട്.  തമ്പിയും എം.എസ്.വിയും ചേര്‍ന്ന് 75ല്‍ ‘ഉല്ലാസയാത്ര’ എന്ന ചിത്രത്തിനുവേണ്ടി ‘ക്രിസ്തുമസ് പുഷ്പം വിടര്‍ന്നു’ എന്ന മറ്റൊരു ഗാനം ഒരുക്കിയിട്ടുണ്ട്. ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന ജയറാം ചിത്രത്തിലൂടെ ഹിറ്റായ ഗാനമാണ് ‘വിശ്വം കാക്കുന്ന നാഥാ വിശൈ്വകനായകാ..’ യേശുദാസിന്‍െറ ശബ്ദത്തില്‍ മലയാളം സ്വീകരിച്ച ഗാനം. ‘മഞ്ഞിന്‍െറ മാറാല നീങ്ങുന്നു വിണ്ണിലെ താരകം കണ്‍തുറന്നു..’ എന്ന ലൗഡ് സ്പീക്കറിലെ ഗാനം ക്രിസ്മസ് ആഘോഷം ചിത്രീകരിക്കപ്പെട്ടതാണ്. ബിജിബാലിന്‍െറ സംഗീതത്തില്‍.  

‘യഹൂദിയായിലെ ഒരു ഗ്രാമത്തില്‍’, ‘രാത്രി രാത്രി രജതരാത്രി രാജാധിരാജന്‍ പിറന്ന രാത്രി’(യേശുദാസ്), ‘ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം (മാര്‍ക്കോസ്), പൈതലാം യേശുവെ (കെ.എസ്. ചിത്ര), ‘കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ..’(സുജാത) തുടങ്ങി നിരവധി ഗാനങ്ങളിലൂടെ സിനിമാ ഗാനങ്ങളെക്കാള്‍ ജനപ്രിയങ്ങളായ ഒരു സമാന്തര ഗാനശാഖ ഇവിടെ ദശാബ്ദങ്ങളായി നിലനില്‍ക്കുന്നു. കാസറ്റുകളിലൂടെയും പിന്നീട് സീഡികളിലൂടെയും ഇപ്പോള്‍ മൊബൈലിലും യൂട്യൂബിലൂടെയും അവ മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നു. ഒടുവിലിതാ ലക്ഷക്കണക്കിന് ആളുകള്‍ കേട്ട കൊച്ചു പ്രിയ ഗായിക ശ്രേയക്കുട്ടിയുടെ ‘അമ്മേ ഞാനൊരു കുഞ്ഞല്ളെ’ എന്ന ഗാനത്തിലത്തെി നില്‍ക്കുന്നു. ക്രിസ്മസ് ആഘോഷം ഇങ്ങനെ അനുസ്യൂതമായ ഗാനധാരയായും മലയാളത്തിലൂടെ നിറയുന്നു.

Tags:    
News Summary - christmas songs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.