മദിരാശി ജനറല്‍ ആശുപത്രിയിലെ മുറി പതിവിലേറെ നിശ്ശബ്ദമായിരുന്നു. പകല്‍ സന്ധ്യയോട് അടുക്കുന്നു. മരുന്നുകളുടെ നീണ്ട മയക്കത്തിനു ശേഷം ബിച്ചയുടെ നിറകണ്ണുകളിലേക്ക് ബാബുരാജിന്‍െറ മിഴികള്‍ ഉണര്‍ന്നു. ‘ബാബുക്കാക്ക് എന്തേലും സംഭവിച്ചാല്‍ നിക്കും മക്കള്‍ക്കും പിന്നെ ആരാണുള്ളത്?’ ബിച്ചയുടെ നിറയുന്ന കണ്ണുകളെ തടഞ്ഞുനിര്‍ത്തി ബാബുരാജ് പതുക്കെ മൊഴിഞ്ഞു: ‘ബിച്ചാ നിനക്കും മക്കള്‍ക്കും പടച്ചോനുണ്ടാകും...പിന്നെ എന്‍െറ പാട്ടും...’ ആ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. ഹാര്‍മോണിയത്തിന്‍െറ കട്ടകളില്‍ ഒഴുകിനടന്ന മാന്ത്രിക വിരലുകള്‍ ഏറെക്കഴിയാതെ നിശ്ചലമായി. 1978 ഒക്ടോബര്‍ ഏഴിലെ ആ രാവില്‍ സ്വരരാഗങ്ങളുടെ മുന്തിരിപ്പാത്രം സമ്മാനിച്ച സംഗീതകാരന്‍ പാട്ടുബാക്കിവെച്ച് യാത്രയായി. തിങ്ങിനിറയുന്ന മെഹ്ഫില്‍ രാവുകളും ആസ്വാദകലക്ഷങ്ങളെ ആനന്ദത്തിലാഴ്ത്തിയ ആ സ്വരമധുരിമയും പള്ളിപ്പറമ്പിലെ ആറടി മണ്ണിലമര്‍ന്നു...
ബാബുക്കയുടെ അവസാന വാക്കുകള്‍ സത്യമായി പുലര്‍ന്നു. ഒറ്റപ്പെടലിന്‍െറ നടുക്കടലില്‍ ബിച്ചക്ക് പടച്ചവനും ബാബുക്കാന്‍െറ പാട്ടും ആ ഓര്‍മകളും മാത്രം മതിയായിരുന്നു. ഇടക്ക് നിറഞ്ഞും ഇടക്ക് മെലിഞ്ഞും ഒഴുകുന്ന കല്ലായിപ്പുഴ പോലെ ബിച്ചയുടെയും കുടുംബത്തിന്‍െറയും ജീവിതവും ഒഴുകി. ബാബുരാജിനെ കാലവും മറന്നില്ല. ആ സംഗീത ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്ക് നിറഞ്ഞൊഴുകി. ബാബുരാജെന്ന സംഗീതം നിലച്ച് 38 വര്‍ഷം തികയുന്ന ഈ ഒക്ടോബറില്‍ ആ സ്വരത്തിന് ഒരു തുടര്‍ച്ചയുണ്ടാവുന്നു. ബാബുക്കയുടെ പ്രിയപ്പെട്ട മകള്‍ സാബിറയുടെ കൊച്ചുമകള്‍ നിമിഷ സലീം ഉപ്പൂപ്പക്കായി പാട്ടുകള്‍കൊണ്ടൊരു താജ്മഹല്‍ പണിയുകയാണ്. ‘ട്രിബ്യൂട്ട് ടു ഉപ്പൂപ്പ’ എന്ന പേരില്‍ നിമിഷ ബാബുരാജിനെ പാടുന്നു. 18ന് ആ സ്വരവസന്തത്തിന്‍െറ പുനര്‍ജനി സംഗീതാസ്വാദകരിലേക്ക് ഇറങ്ങിവരും. കൂടെ ‘ട്രിബ്യൂട്ട് ടു ദ ലെജന്‍ഡ്സ്’ എന്ന ഹിന്ദി ആല്‍ബവും.
ചെറുപ്പത്തില്‍ കൂട്ടുവന്ന ഉപ്പൂപ്പയുടെ പാട്ട്
നിമിഷയുടെ ഉമ്മൂമ്മയായ സാബിറ ബാബുരാജിന്‍െറ പ്രിയപ്പെട്ട മകളായിരുന്നു. നെഞ്ചില്‍ കിടത്തി താരാട്ടുപാടിയാണ് ബാബുക്ക ‘സാബൂട്ടി’യെ ഉറക്കിയിരുന്നത്. മകള്‍ ഫെമിനക്ക് കുഞ്ഞുണ്ടായപ്പോള്‍ ഉപ്പയുടെ ഗാനങ്ങള്‍തന്നെ സാബിറ കൊച്ചുമകള്‍ നിമിഷക്കും പകര്‍ന്നു നല്‍കി. ഉമ്മൂമ്മയുടെ താരാട്ടുപാട്ടുകള്‍ കേട്ടാണ് നിമിഷ വളര്‍ന്നത്. സാബിറ പാടിയത് ഉപ്പയുടെതന്നെ ഈണങ്ങളായിരുന്നു. ബാബുരാജ് എന്ന ഗാനം തലമുറയിലേക്ക് കൈമാറുകയായിരുന്നു. ചെറിയ കുഞ്ഞായിരിക്കെ നിമിഷ പാടിത്തുടങ്ങിയ നിമിഷം ഉപ്പ സലീമിന്‍െറയും ഫെമിനയുടെയും ഓര്‍മയിലുണ്ട്. അതൊരു സന്തോഷത്തിന്‍െറ വരവായിരുന്നു എന്ന് സംഗീത സംഘാടകന്‍കൂടിയായ സലീം പറയുന്നു. സംഗീതം തന്ന പണം കൊണ്ട് കല്ലായിയില്‍ ആദ്യമായൊരു വീട് സ്വന്തമാക്കിയപ്പോള്‍ ആ സ്വപ്ന സാക്ഷാത്കാരത്തിന് ബാബുരാജ് ഇട്ട പേരാണ് രാഗ് രംഗ്. പിന്നീട് വീടുകള്‍ പലതായെങ്കിലും രാഗ് രംഗ് എന്ന സംഗീത സാന്ദ്രമായ ഗാനം ബാബുക്കയുടെ കുടുംബ വീടിനൊപ്പം ചേര്‍ന്നു. ബിച്ച ബാബുരാജ് ഇപ്പോള്‍ താമസിക്കുന്ന വീടും രാഗ് രംഗ് തന്നെ. ആ കുടുംബത്തോടും വലിയ കലാകാരനുമുള്ള ആദരമായിരുന്നു സലീം സംഗീതപരിപാടികള്‍ക്ക് രാഗ് രംഗ് എന്ന പേര് നല്‍കിയത്. സലീമിന്‍െറ വീട്ടിലും ബാബുക്കയുടെ സ്വരമൊഴുകാതെ ഒരു ദിനവും കടന്നുപോകാറുമില്ല.
ആദ്യ സദസ്സ്
കാലിക്കറ്റ് എയര്‍പോര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി നിമിഷ സദസ്സിനെ അഭിമുഖീകരിച്ചത്. സ്കൂള്‍ ലൈവ് ഓര്‍ക്കസ്ട്രയിലെ ഏറ്റവും ഇളയ സ്വരമായി അന്ന് നിമിഷ. അതൊരു പാരമ്പര്യത്തിന്‍െറ തുടര്‍ച്ചയുടെ നിമിഷം കൂടിയായിരുന്നു. രണ്ടാം ക്ളാസില്‍ എത്തിയ മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ ഏഴിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ബാബുരാജ് അനുസ്മരണ ദിനത്തില്‍ നിമിഷ പാടിക്കൊണ്ടിരിക്കുന്നു. കെ.എം. സുധീര്‍ ഷായാണ് സംഗീതത്തിലെ ആദ്യ പാഠങ്ങള്‍ ചൊല്ലിക്കൊടുത്തത്. കൊച്ചിയിലെ ഭാരതീയ സംഗീത വിദ്യാലയത്തില്‍ ഉസ്താദ് ഫയാസ് ഖാന് കീഴിലാണിപ്പോള്‍ നിമിഷയുടെ സംഗീത പഠനം. മൂന്നു വര്‍ഷമായി സ്വന്തമായി മെഹ്ഫിലുകളിലും സജീവനാദമാണ് ബാബുക്കയുടെ ഈ പിന്തുടര്‍ച്ചക്കാരി. ബാബുരാജിന്‍െറ ഗാനങ്ങളോട് ഏറെ പ്രിയമുള്ള നിമിഷ ഹിന്ദിയിലെ സംഗീത ഇതിഹാസങ്ങളുടെയും ആരാധികയാണ്. ഹിന്ദി സിനിമാസംഗീതത്തില്‍ വസന്തങ്ങള്‍ തീര്‍ത്ത മദന്‍ മോഹന്‍, ആര്‍.ഡി. ബര്‍മന്‍, എസ്.ഡി. ബര്‍മന്‍, നൗഷാദ്, സലില്‍ ചൗധരി, ഒ.പി. നയ്യാര്‍ തുടങ്ങിയവരുടെ ഗാനങ്ങളും പാടാറുണ്ട്. മുഹമ്മദ് റഫി, ലത, ആശ, ഗീതാദത്ത്, ഷംസാദ് ബീഗം, നൂര്‍ജഹാന്‍ തുടങ്ങിയ ഗായകരുടെ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന നിമിഷ മെഹ്ദി ഹസന്‍െറ ഗാനങ്ങളിലേക്കു കൂടി കടന്നിരിക്കുന്നു.
‘പറഞ്ഞുകേട്ട അറിവാണ് ബാബുക്ക എന്ന ഉപ്പൂപ്പ എനിക്ക്. ഇപ്പോള്‍ ബാബുക്കയുമായി എന്നെ ബന്ധിപ്പിക്കുന്നത് കുടുംബത്തേക്കാളുപരി സംഗീതമാണ്. വളരെ ജീനിയസായ കംപോസറായിരുന്നു ഉപ്പൂപ്പ. സാധാരണ ഒരു സംഗീതകാരന്‍െറ എല്ലാ പാട്ടുകളും നമുക്ക് ഇഷ്ടമായെന്നു വരില്ല. എന്നാല്‍, ബാബുരാജിന്‍െറ എല്ലാ പാട്ടുകളോടും ആസ്വാദകര്‍ക്ക് പ്രിയമാണ്. ഏത് പാട്ടെടുത്താലും അതില്‍ അദ്ദേഹത്തിന്‍െറ ഒരു കൈയൊപ്പുണ്ടാകും. വേറൊരു പ്രത്യേകത, ഉപ്പൂപ്പ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ആര് പാടിയാലും മനോഹരമാണ്. നമ്മുടെ ഹൃദയത്തിലേക്ക് നേരിട്ടത്തെുന്ന രീതിയിലുള്ള ചിട്ടപ്പെടുത്തലാണ്. വരികള്‍ക്ക് ഏറ്റവും അനുയോജ്യമായ സംഗീതവുമാണത്’ -ഫാറൂഖ് കോളജില്‍ ബി.എ ഇംഗ്ലീഷ് സാഹിത്യത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൂടിയായ നിമിഷ പറയുന്നു. ബാബുരാജ് സംഗീതം നല്‍കിയ ധാരാളം ഗാനങ്ങള്‍ മനഃപാഠമാണ് നിമിഷക്ക്. ഓരോ മെഹ്ഫിലിലും സദസ്സിന് അത്ര പരിചിതമല്ലാത്ത ബാബുരാജ് ഗാനങ്ങളാണ് ആലപിക്കാറ്. എന്നാല്‍, ‘സൂര്യകാന്തി’, ‘അനുരാഗ ഗാനം പോലെ’, ‘താമസമെന്തേ വരുവാന്‍’, ‘ഒരു കൊച്ചു സ്വപ്നത്തില്‍’, ‘പ്രാണസഖീ’, ‘സുറുമയെഴുതിയ മിഴികളേ’ പോലെ പോപ്പുലറായ ഗാനങ്ങള്‍ സദസ്സ് ആവശ്യപ്പെടുക പതിവാണ്.
‘ഹിന്ദി ലജന്‍ഡ്സില്‍ എല്ലാവരോടും പ്രിയമാണ് എനിക്ക്. എന്നാല്‍, ബാബുക്കയുടെ ഗാനങ്ങളോട് പറഞ്ഞറയിക്കാനാവാത്ത ഒരു അടുപ്പം തോന്നാറുണ്ട്. എന്‍െറ രക്തത്തില്‍ ഉപ്പൂപ്പ അലിഞ്ഞുചേര്‍ന്നതിനാലാവണം അത്’ -നിമിഷയുടെ വാക്കുകള്‍. കൊണ്ടോട്ടി തുറക്കലിലെ വീടും സംഗീതസാന്ദ്രമാണ് എപ്പോഴും. നിമിഷയുടെ അനുജന്‍ ലെസിന്‍ ഡ്രംസ് വായിക്കുന്നു. ദയശങ്കറാണ് ഗുരു. സ്വന്തമായി അഭ്യസിച്ച് ഗിത്താര്‍ വായിക്കാറുമുണ്ട് ലെസിന്‍.
പ്രാണസഖീ ഞാന്‍ വെറുമൊരു
പാമരനാം പാട്ടുകാരന്‍
ഗാനലോകവീചികളില്‍ വേണുവൂതുമാട്ടിടയന്‍...
ബാബുരാജിന്‍െറ മാന്ത്രിക വിരലുകള്‍ ഹാര്‍മോണിയത്തില്‍ വിരിയിച്ച ഗാനം പുനര്‍ജനിക്കുകയാണ്... നിമിഷ പാടുന്നു, സ്വര്‍ഗത്തിലിരുന്ന് ഉപ്പൂപ്പ ബാബുരാജ് അത് കേള്‍ക്കുന്നുണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.