കൊച്ചി: 'കൊച്ചിയുടെ കിഷോർ കുമാർ' എന്നറിയപ്പെട്ട ഗായകൻ പി.കെ. അബു (67) വിടവാങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാ യിരുന്നു അന്ത്യം. കിഷോർ കുമാറിന്‍റെ ജനപ്രിയ ഗാനങ്ങൾ അതേ ശൈലിയിലും സ്വരത്തിലും പാടിയിരുന്നതിനാലാണ് അബുവിന് കി ഷോർ അബു എന്ന പേരു വന്നത്.
ആദ്യകാലത്ത് ഗാനമേളകളിൽ കിഷോർ കുമാറിന്‍റെ പാട്ടുകളായിരുന്നു അബു സ്ഥിരമായി പാടിയി രുന്നത്. എന്നാൽ, പിന്നീട് ആലപിച്ചതിലേറെയും, ഏറെ പ്രിയമുള്ളതും മുകേഷിന്‍റെ ഗാനങ്ങളാണ്.
ഫോര്‍ട്ടുകൊച്ചി തു രുത്തികോളനിയില്‍ പടവുങ്കല്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദിന്‍റെയും ആയിഷാ ബീവിയുടെയും ആറ് മക്കളില്‍ മൂന്നാമനായി 1952 മാര്‍ച്ച് 15നാണ് പി.കെ. അബുവിന്‍റെ ജനനം. ശാസ്ത്രീയമായി സംഗീതം പഠിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും പാട്ടുകളുടെ വിശാല ലോകത്തേക്ക് അബു എന്ന സാധാരണക്കാരൻ നടന്നുകയറി. വീട്ടിലെ ഗ്രാമഫോണില്‍ നിന്നും പതിവായി കേട്ടിരുന്ന സൈഗാൾ ഗാനങ്ങളായിരുന്നു അബുവിലെ ഗായകനെ ആദ്യം ഉണർത്തിയത്.
എച്ച്. മെഹബൂബ്, കൊച്ചിൻ ബഷീർ, ഉമ്പായി തുടങ്ങിയവരുമായുള്ള സമ്പർക്കം അബുവിലെ പാട്ടുകാരന് വഴിത്തിരിവായി. ഫോർട്ട് കൊച്ചിയുടെ കായലോളങ്ങൾക്ക് അബുവിന്‍റെ പാട്ടുകളും കൂട്ടുകാരായി. കല്യാണ വീടുകളിലും സുഹൃദ്സംഘങ്ങളിലും പാടിത്തുടങ്ങിയ അബുവിനെ ഗാനമേളകളിലേക്ക് കൊണ്ടുവന്നത് കൊച്ചിൻ ബഷീർ ആണ്. ബഷീറിന്‍റെ ഗാനമേള സംഘത്തിലെ പ്രധാനിയായി അബു മാറി. സൈഗാളിന്‍റെ പാട്ടുകൾ പാടിത്തുങ്ങിയ അബു കിഷോർ കുമാറിന്‍റെയും മുകേഷിന്‍റെയും മുഹമ്മദ് റഫിയുടെയും പാട്ടുകൾ മനോഹരമായി പാടി.
സുഹൃത്തു കൂടിയായ ഉമ്പായിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഫോര്‍ട്ടുകൊച്ചിയിലെ ആദ്യകാല സംഗീത ട്രൂപ്പ് ആയ രാഗ് ഓര്‍ക്കസ്ട്രയിലൂടെയാണ് കിഷോര്‍ അബു പ്രഫഷണല്‍ ഗാനരംഗത്തേക്ക് വരുന്നത്. എച്ച്. മെഹബൂബിന്‍റെ മരണത്തോടെ രാഗ് പിന്നീട് മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയായി.
മലയാള സിനിമാലോകത്തും കിഷോർ അബു സാന്നിധ്യമറിയിക്കുകയുണ്ടായി. കമൽ സംവിധാനം ചെയ്ത് 2008ൽ ഇറങ്ങിയ മിന്നാമിന്നിക്കൂട്ടം എന്ന ചിത്രത്തിനായി മെഹ്ദി ഹസന്‍റെ ഗസല്‍ ആലപിച്ചത് അബുവായിരുന്നു. 2016ൽ കാപ്പിരിത്തുരുത്ത് എന്ന സിനിമയിൽ 'പട്ടാപ്പകലും' എന്ന ഗാനവും പാടി.
ഖബറടക്കം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കൽവത്തി പള്ളി ഖബർസ്ഥാനിൽ. ഭാര്യ: കൗലത്ത്. മക്കൾ: ഹാരിസ് (ദുബൈ), അജീഷ് (മസ്കറ്റ്), ഹബീബ (ഷാർജ), അഷീറ. മരുമക്കൾ: സുബൈർ, റിയാസ് (ഇരുവരും ദുബൈ), ഷാഹിദ, ചിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.