പാട്ടുകളിലെ പദപ്രയോഗങ്ങളും ശൈലികളും ആസ്വാദകമനസ്സുകളിൽ തീവ്രമായ ആനന്ദത്തിലുപരി ഉല്ലാസവും ആകർഷണീയതയും ഇടതടവില്ലാതെ പെയ്തിറങ്ങുന്നുണ്ട്.
പാട്ട് ആസ്വദിക്കുന്ന മാത്രയിൽ മനസ്സുകൾ ഇമ്പം തുളുമ്പി ഹൃദയങ്ങൾ താളംകൊട്ടി കാതുകളിൽ അത് പ്രതിധ്വനിക്കുന്നു. സരസമായ സംഗീതശീലുകളുടെ ഈണവട്ടം വരുകയും സമൂഹം പാടിനടക്കുന്ന കാഴ്ച മലയാള ചലച്ചിത്ര ഗാനവീഥിയിൽ അതിരില്ലാതെ കടന്നുപോയിട്ടുണ്ട്. ലളിതവും സുന്ദരവുമായ ഈണങ്ങൾ സംഗീതപ്രേമികൾക്ക് അനന്തമായ ഭവനാലോകം പ്രദാനം ചെയ്യുന്നുണ്ട്.
നിറങ്ങളിൽ ചാലിച്ചെടുത്ത വരികൾ ഒരേസമയം ഹൃദ്യവും മനോഹരവുമാകുന്നു. കറുപ്പിന്റെ സൗന്ദര്യവും ഭംഗിയും ആസ്വാദനവും രാത്രിയും കാരാഗൃഹവുമെല്ലാം വർണിക്കുന്ന അപൂർവ ഭാവനാഗീതം നമുക്ക് ആസ്വദിച്ചറിയാം.
1967ൽ പുറത്തിറങ്ങിയ ‘അശ്വമേധം’ എന്ന ചിത്രത്തിലെ ‘കറുത്ത ചക്രവാള മതിലുകൾ ചൂഴും’ എന്ന ഗാനം വയലാറും ദേവരാജൻ മാസ്റ്ററും ചിട്ടപ്പെടുത്തിയതാണ്. ഭൂമിയെ കറുത്ത നിറത്തോടുപമിച്ച് ചക്രവാളങ്ങൾകൊണ്ട് മതിലുകൾ തീർത്ത ഒരു കാരാഗൃഹം കവിഭാവനയിൽ കാണുന്നു. കറുത്ത നിറത്തിന്റെ മൂകാന്തരീക്ഷം പാടി വർണിക്കുന്നത് എത്ര ഭംഗിയായാണ്!
തമ്പുരാട്ടിയുടെ സൗന്ദര്യവും മണവാട്ടിയുടെ ഭംഗിയും കറുപ്പുനിറത്തിൽ വർണിക്കുന്ന അത്യപൂർവ വരികൾ വയലാറിനല്ലാതെ മറ്റാർക്കാണ് കഴിയുക? ‘കാക്ക തമ്പുരാട്ടി കറുത്ത മണവാട്ടി’ എന്ന ഗാനം 1965ൽ പുറത്തിറങ്ങിയ ‘ഇണപ്രാവുകൾ’ എന്ന ചിത്രത്തിൽനിന്നുള്ളതാണ്. വി. ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ ഈ ഗാനം യേശുദാസിന്റെ ആലാപനസിദ്ധികൊണ്ട് ഇന്നും വേറിട്ടുനിൽക്കുന്നു.
പെണ്ണിന്റെ സൗന്ദര്യം കറുപ്പ് നിറത്തിൽ ഇത്രമേൽ വർണിക്കുന്ന മറ്റൊരു ഗാനം മലയാളത്തിൽ ഉണ്ടായിട്ടുണ്ടാവില്ല. സ്ത്രീയുടെ സൗന്ദര്യം ഞാവൽപഴത്തിനോടും എള്ളിൻമണിയോടും ഉപമിച്ചിരിക്കുന്ന സുന്ദരമായ വരികൾ! 1976ൽ ‘ഞാവൽ പഴങ്ങൾ’ എന്ന ചിത്രത്തിൽ മുല്ലനേഴി-ശ്യാം കൂട്ടുകെട്ടിൽ പിറന്ന ഗാനം ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദം കൊണ്ട് പ്രശസ്തമാണ്.
‘അക്ഷരങ്ങൾ’ എന്ന ചിത്രത്തിൽ ‘കറുത്ത തോണിക്കാരാ... കടത്തുതോണിക്കാരാ...’ എന്ന പ്രശസ്തമായ ഗാനത്തിലൂടെ പ്രതീക്ഷയുടെ കിരണങ്ങൾ ഇനിയും അസ്തമിച്ചിട്ടില്ലായെന്ന് പാടി ആസ്വദിക്കുകയാണ് കടത്തുതോണിക്കാരൻ. കറുപ്പിന്റെ അഴക് വള്ളം തുഴയുന്നതിലും ആകാംക്ഷകളിലും നിറഞ്ഞുനിൽക്കുന്നത് കാണാവുന്നതാണ്. ഒ.എൻ.വി. കുറുപ്പും ശ്യാമും ചിട്ടപ്പെടുത്തിയ ഈ ഗാനം എസ്. ജാനകിയുടെ സ്വരമാധുര്യംകൊണ്ട് അനുഗൃഹീതമാണ്.
പ്രണയകഥ പറയുന്ന ‘തേന്മാവിൻ കൊമ്പത്തി’ൽ ‘കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ...’ എന്ന ഗാനം പദാവലികൊണ്ടും ഭാഷാശൈലി കൊണ്ടും വ്യത്യസ്തത പുലർത്തുന്നു. പെണ്ണിന്റെ സൗന്ദര്യം വർണിക്കുന്നത് കറുപ്പിനെ പ്രണയിച്ചുകൊണ്ടാണ്. എം.ജി. ശ്രീകുമാർ പാടി ഹിറ്റാക്കിയ ഗാനം ബേണി ഇഗ്നേഷ്യസ്-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിൽ പിറന്നതാണ്.
വെളുപ്പിന് മാത്രമല്ല അഴകുള്ളത് മറിച്ച്, കറുപ്പിന് ഏഴഴകാണെന്ന് പാടിസമർഥിക്കുകയാണ് ‘സ്വപ്നക്കൂട്’ എന്ന ചിത്രത്തിൽ ‘കറുപ്പിനഴക് ഓ... വെളുപ്പിനഴക്’ എന്ന പ്രശസ്തമായ ഗാനത്തിലൂടെ ജ്യോത്സനയും കൂട്ടരും. ഇവിടെ കറുപ്പിന്റെ അഴക് അനിർവചനീയമാണ്. കൈതപ്രവും മോഹൻ സിത്താരയുമാണ് ഗാനശിൽപികൾ.
കറുപ്പിന്റെ സൗന്ദര്യഭംഗി പാട്ടിലുടനീളം പരന്നൊഴുകുകയാണ് ‘ബാലേട്ട’നിലെ ‘കറുകറുത്തൊരു പെണ്ണാണ്’ എന്ന ഗാനത്തിലൂടെ. അഭിനയ ചക്രവർത്തി മോഹൻലാൽ പാടി അഭിനയിച്ച സൂപ്പർഹിറ്റ് ഗാനം ഒരുക്കിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയും എം. ജയചന്ദ്രനുമാണ്. ഈ പാട്ടിലെ ദൃശ്യങ്ങൾ നർമത്തിൽ ചാലിച്ചതാണെങ്കിലും കറുപ്പിന്റെ സൗന്ദര്യത്തെ ഈ ഗാനം നന്നായി ചൂഷണം ചെയ്തതായിട്ട് കാണാം.
രാത്രിയിലെ അന്ധകാരവും കാരാഗൃഹത്തിലെ ഇരുട്ടും കെട്ടിനിൽക്കുന്ന ജലാശയത്തിന്റെ അഗാധതയിൽ വിരിയുന്ന ഇരുൾമൂടിയ പാറക്കെട്ടുകളും ഭീതി ജനിപ്പിക്കുമെങ്കിലും പാട്ടിൽ അത് സൗന്ദര്യമായും പ്രണയമായും ഭംഗിയായും ഒഴുകുകയാണെന്ന് സാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.