കൊണ്ടോട്ടി പുളിക്കൽ ‘ദാറുസ്സലാമി’ന്റെ സദാ തുറന്നിട്ട ഗേറ്റ് കടന്നാൽ ഉമ്മറത്തെ ചാരുകസേരയിലിരുന്ന് പുഞ്ചിരിക്കുന്നൊരു മുഖം കാണാം. പ്രായത്തിന്റെ അവശതകൾ ശരീരത്തെ അലട്ടുമ്പോഴും വി.എം. കുട്ടിയുടെ കണ്ണിൽ ആയിരം പൂർണചന്ദ്രന്മാരുടെ തിളക്കം. ഇശൽ രാജാവിന്റെ സുഖവിവരങ്ങളന്വേഷിക്കാൻ അന്നൊരു വൈകുന്നേരം കോഴിക്കോട് വെള്ളിപറമ്പിൽ നിന്നൊരാളെത്തി. മാപ്പിളപ്പാട്ടിന്റെ റാണി വിളയിൽ ഫസീല. ഒരു കാലത്ത് മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച കൂട്ടുകെട്ട്. ഫസീലയെ കണ്ടപ്പോൾ വി.എം. കുട്ടി ആ പഴയ കുട്ടിമാഷായി. തൊട്ടടുത്തിരുന്ന ഹാർമോണിയത്തിൽ വിരലുകൾ വെച്ച് ഫസീലയോട് പാടാൻ ആംഗ്യം കാണിച്ചു. ‘മുല്ലപ്പൂ പൂവിലും പൂവായ ഫാത്തിമ’യും ‘കൈതപ്പൂ മണത്താലും’ പതിറ്റാണ്ടുകൾക്കുശേഷം ഫസീലയുടെ ശബ്ദത്തിൽ വീണ്ടും ആ വീട്ടകം നിറഞ്ഞു. താൻ ആദ്യമായി സംഗീതം നൽകിയ ‘പടപ്പുകൾ ചെയ്യണ തെറ്റ്’ പാടി വി.എം. കുട്ടിയും. പിന്നെ പാട്ടിന്റെ നല്ലോർമകളിലേക്ക് നടന്നുവന്നു ഇരുവരും.
പത്താം വയസ്സിലാണ് വത്സലയെന്ന കൊച്ചു ഗായികയെ വി.എം. കുട്ടി കണ്ടെത്തുന്നത്. 1970ൽ കോഴിക്കോട് ആകാശവാണിയുടെ ബാലലോകം പരിപാടിയിൽ പാടാൻ കുട്ടികളെ വേണമെന്ന ആവശ്യവുമായി അധികൃതർ വി.എം. കുട്ടിയെ സമീപിച്ചു. സുഹൃത്ത് കാരിക്കുഴിയൻ മുഹമ്മദ് കുട്ടി മാസ്റ്ററാണ് വിളയിൽ പറപ്പൂരിലെ തിരുവച്ചോലയിൽ പാട്ടുപാടുന്ന കുറച്ചു പേരുണ്ടെന്ന് അറിയിച്ചത്. അവിടത്തെ സൗദാമിനി ടീച്ചർ സംഗീതതൽപരയായിരുന്നു. ചെറുപെണ്ണിെൻറയും കേളന്റെയും നാലു മക്കളിൽ ഇളയവൾക്ക് വത്സലയെന്ന് പേരിട്ടതുപോലും സൗദാമിനി ടീച്ചറാണ്. വി.എം. കുട്ടി പാട്ടുകാരെ തേടുന്നതറിഞ്ഞപ്പോൾ ഇവർ കുറെ പേരെ സംഘടിപ്പിച്ചു.
സൗദാമിനി ടീച്ചറുടെ വീട്ടിൽവെച്ച് നടത്തിയ ഓഡിഷന് 25ഓളം കുട്ടികളെത്തി. എല്ലാവരും തീരെ ചെറുത്. ഇവരെവെച്ച് എന്തു ചെയ്യുമെന്നറിയാതെ വി.എം. കുട്ടി ശങ്കിച്ചുനിന്നു. എല്ലാവരെക്കൊണ്ടും പാടിച്ചു. ശ്രുതിയുമില്ല താളവുമില്ല. സുശീല, മാലതി, സതി, വത്സല എന്നീ നാലു പേരെയാണ് ഇവരിൽനിന്ന് തെരഞ്ഞെടുത്തത്. കൂട്ടത്തിൽ നല്ല ശബ്ദം വത്സലയുടേതായിരുന്നു. വത്സലക്കൊരു കൂട്ടെന്നോണമാണ് മറ്റു മൂന്നു പേരെ തെരഞ്ഞെടുത്തത്. ഇവരെ വി.എം. കുട്ടി കൂടെക്കൂട്ടി. വത്സല അന്ന് അഞ്ചാം ക്ലാസുകാരിയാണ്. അവധി ദിവസങ്ങളിൽ ദാറുസ്സലാമിൽ നാലുപേരും വന്നു പാട്ടുപഠിച്ചു. ആയിഷ സഹോദരിമാരെന്നറിയപ്പെട്ട ആയിഷയും ആയിഷാബീവിയും അന്ന് വി.എം. കുട്ടിയുടെ വീട്ടിലുണ്ട്. പിന്നീട് വലിയ രാഷ്ട്രീയ നേതാവും എം.എൽ.എയുമൊക്കെയായ കെ.എൻ.എ. ഖാദറുമുണ്ടായിരുന്നു ട്രൂപ്പിൽ. ബാലലോകത്തിനുവേണ്ടി വത്സല പാടി. സൗദാമിനി ടീച്ചർ എഴുതിയ ‘കുതികുതിച്ചോടണ പൂഞ്ചോല’യോടെയായിരുന്നു തുടക്കം. വത്സലയുടെ വീട്ടിൽ റേഡിയോ ഇല്ലാതിരുന്നതിനാൽ അയൽപക്കത്തു നിന്നാണ് റെക്കോഡ് ചെയ്ത സ്വന്തം പാട്ട് ആദ്യമായി കേട്ടത്. വി.എം. കുട്ടിയുടെ ശിക്ഷണത്തിൽ മാപ്പിളപ്പാട്ടിലേക്ക് തിരിഞ്ഞു. ബദ്റും ഉഹ്ദും കവി പി.ടി. അബ്ദുറഹ്മാന്റെ വരികളുമെല്ലാം പാടിപ്പഠിച്ച് വത്സല പാട്ടിൽ ലയിച്ചു.
1972ൽ കർഷക സംഘത്തിന്റെ സമ്മേളനം നടക്കുകയാണ് തിരൂരിൽ. എ.കെ.ജി, ഇ.എം.എസ്, നായനാർ തുടങ്ങിയ മഹാരഥന്മാർ പങ്കെടുക്കുന്ന മഹാസമ്മേളനം. പാർട്ടിക്കാരനായ വി.എം. കുട്ടിയുടെ ഗാനമേളയുമുണ്ട്. ദാറുസ്സലാമിൽ റിഹേഴ്സൽ തകൃതിയായി നടക്കുന്നു. വി.എം. കുട്ടിക്കൊപ്പം പാടുന്നത് ആയിഷ സഹോദരിമാരാണ്. വത്സലയുൾപ്പെടെ കോറസും. സമ്മേളന ദിവസം രാവിലെ മുസ്ലിം ലീഗ് പ്രവർത്തകനായ ആയിഷ സഹോദരിമാരുടെ പിതാവ് വന്ന് മക്കളെ പാടിക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ആശങ്കയായി. വി.എം. കുട്ടിയുടെ വീട്ടിൽ സഖാക്കൾ കൂടിയിരുന്നു. അന്നാദ്യമായി വത്സലയെ ഒറ്റക്ക് പാടിക്കാൻ തീരുമാനിച്ചു.
വിളയിൽ വത്സലയെന്ന പാട്ടുകാരിയെ ആയിരങ്ങൾ അറിഞ്ഞത് ആ വൈകുന്നേരമാണ്. കോറസ് പാടേണ്ടിയിരുന്നയാൾ പ്രധാന ഗായികയായി. ‘തൊള്ളായിരത്തി ഇരുപത്തൊന്നില് മാപ്പിളമാര് വെള്ളക്കാരോടേറ്റ് പടവെട്ടിയേ’ എന്ന ഗാനത്തോടെ തുടക്കം. പാട്ട് കേട്ടതോടെ എ.കെ.ജി സദസ്സിലിരുന്ന വി.എം. കുട്ടിയെയും വത്സലയെയും സ്റ്റേജിലേക്ക് വിളിച്ചു. ചുവന്ന ഹാഫ് പാവാടയും ജംബറും തലയിൽ ചുവന്ന റിബണുമിട്ട കൊച്ചുകുട്ടിയായ വത്സലയെ അഴീക്കോടൻ രാഘവൻ സ്റ്റേജിലേക്ക് എടുത്തുകയറ്റുകയായിരുന്നുവെന്ന് വി.എം. കുട്ടി. ഈ പാട്ടിനെപ്പറ്റി പറഞ്ഞാണ് ഇമ്പിച്ചി ബാവ പ്രസംഗം തുടങ്ങിയത്. ‘വരികയായ് ഞങ്ങൾ വരികയായ് വിപ്ലവത്തിൻ കാഹളം മുഴക്കുവാൻ’ എന്ന വി.എം. കുട്ടി എഴുതിയ പാട്ടും ഇവിടെ ആലപിച്ചു. ഇതോടെ പാർട്ടി വേദികളിൽ സ്ഥിരം സാന്നിധ്യമായി വത്സല. ലീഗ് നേതാക്കളായ ബാഫഖി തങ്ങൾ, പൂക്കോയ തങ്ങൾ, സി.എച്ച്. മുഹമ്മദ് കോയ തുടങ്ങിയവരെക്കുറിച്ചും ധാരാളം പാടി.
വത്സലയെ ഫസീലയാക്കിയത് നോമ്പുകളും പെരുന്നാളുകളുമാണ്. വി.എം. കുട്ടിയുടെ വീട്ടിൽ താമസിക്കുമ്പോൾ അവിടെയുള്ളവർ നോമ്പെടുക്കുന്നതു കണ്ട് കൂടെക്കൂടി. നോമ്പെടുക്കുന്നത് സ്ഥിരമാക്കി. അക്കാലത്ത് ചെറിയ പെരുന്നാളിന് ബാംഗ്ലൂരിൽ സ്ഥിരമായി പരിപാടിയുണ്ടായിരുന്നു. താമസിക്കുന്ന ഹോട്ടലിനു തൊട്ടടുത്ത് പള്ളിയുണ്ട്. പെരുന്നാൾ നമസ്കാരത്തിന് ധാരാളം പേർ വരും അവിടേക്ക്. എല്ലാവരും ഒരേ വരിയിൽ നിന്ന് നമസ്കരിക്കുന്നതും നമസ്കാര ശേഷം ആളുകൾ പരസ്പരം ആശ്ലേഷിച്ച് പെരുന്നാൾ ആശംസകൾ കൈമാറുന്നതുമെല്ലാം ഞാൻ നോക്കിനൽക്കാറുണ്ടായിരുന്നു. വത്സലയിൽനിന്ന് ഫസീലയിലേക്കുള്ള മാറ്റത്തിൽ വി.എം. കുട്ടിക്ക് പങ്കുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന് ഇരുവരും. വിശ്വാസം എന്നത് ആരുടെയെങ്കിലും പ്രേരണയിൽ മാറാൻ കഴിയുന്നതല്ലെന്ന് ഫസീല. ‘ഖല്ലാക്കായുള്ളോനെ നിന്റെ രിളാകെന്റെ’ എന്ന തന്റെ പ്രശസ്തമായ ഗാനത്തിന്റെ തുടക്കത്തിൽ ‘അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാ...’ തുടങ്ങുന്ന വിരുത്തം പാടുന്നുണ്ട്. മറ്റുള്ളവർ ഇത് പാടാൻ ബുദ്ധിമുട്ടിയപ്പോൾ തനിക്ക് എളുപ്പത്തിൽ വഴങ്ങി.
കലയെ സ്നേഹിക്കുന്നൊരാളെ ജീവിതത്തിലേക്ക് കിട്ടിയത് ഫസീലക്ക് വലിയ സൗഭാഗ്യമായി. കാസർകോട് തൃക്കരിപ്പൂർ വലിയപറമ്പ് സ്വദേശി മുഹമ്മദലിയെ ആദ്യമായി കാണുന്നത് അബൂദബിയിൽ വെച്ചാണ്. സഹൃദയനായ മുഹമ്മദലിയും കൂട്ടുകാരും 1978ൽ അൽമേരിയ തിയറ്ററിൽ വി.എം. കുട്ടിയുടെ ഗാനമേളയൊരുക്കി. വത്സലയുടെ ആദ്യ വിദേശയാത്ര. പാട്ടിനൊപ്പം വത്സലയും മുഹമ്മദലിയുടെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ടാവണം. അത് പിന്നെ വിവാഹത്തിലെത്തുകയായിരുന്നു. 1986 ആഗസ്റ്റ് നാലിന് കോഴിക്കോട് മുഖദാർ തർബിയത്തുൽ ഇസ്ലാം സഭയിൽ വെച്ച് ഫസീല മുഹമ്മദലിയുടെ ജീവിതത്തിലേക്ക് വന്നു. വി.എം. കുട്ടിയടക്കം ഏതാനും പേർ മാത്രം പങ്കെടുത്ത ചടങ്ങ്. വിവാഹശേഷം വന്നതും വി.എം. കുട്ടിയുടെ വീട്ടിലേക്ക്. താമസിയാതെ മുഹമ്മദലി അബൂദബിയിലേക്ക് മടങ്ങി. മതംമാറിയതോടെ എതിർപ്പുകൾ വന്നു. ദാറുസ്സലാമിൽ നിന്ന് മാറാനായിരുന്നു ഫസീലയുടെ തീരുമാനം. വേണ്ടെന്ന് കുട്ടി മാഷിന്റെ ഭാര്യ ആമിനക്കുട്ടി പറഞ്ഞുനോക്കിയെങ്കിലും ഫസീല കൂട്ടാക്കിയില്ല. മുഖദാർ തർബിയത്തിലേക്ക് തിരിച്ചുപോയി. 1991ൽ കോഴിക്കോട്ട് വീടെടുത്തു സ്ഥിരതാമസമാക്കി.
ഫയാദലിയുടെയും ഫാഹിമയുടെയും ഉമ്മയായി ഫൈസാന്റെയും റിസ്വാന്റെയും റിയാന്റെയും വല്യുമ്മയായി വെള്ളിപറമ്പിലെ വീടായ ‘ഫസീൽ അലി’യിലുണ്ട് ഫസീലയിപ്പോൾ. എല്ലാവരെയും പോലെ ജീവിതത്തിൽ സന്തോഷവും ദുഃഖവും സമ്മിശ്രം. അറിയപ്പെടുന്ന പാട്ടുകാരിയായി. ആയിരക്കണക്കിന് വേദികൾ ലഭിച്ചു. ഭർത്താവും കുട്ടി മാഷും മറ്റു സുഹൃത്തുക്കളും സുഖദുഃഖങ്ങളിൽ കൂടെ നിന്നു. ഏതാനും വർഷം മുമ്പ് സൗദിയിൽ വെച്ച് ഭർത്താവ് മുഹമ്മദലി അപകടത്തിൽപെട്ടതാണ് ഓർമയിലെ ഏറ്റവും വലിയ സങ്കടം. മരിച്ചെന്ന് വരെ പറഞ്ഞുകേട്ടു. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നതിൽപരം സന്തോഷം വേറെയില്ല. ഇപ്പോഴും രംഗം വിട്ടിട്ടില്ല ഫസീല. ഒന്നരമാസം മുമ്പ് ഖത്തറിൽ പരിപാടിയുണ്ടായിരുന്നു.
വി.എം. കുട്ടി 83ലേക്ക് കടന്നു. ഫസീല 50കളുടെ അവസാനത്തിൽ. നാട്ടിലും വിദേശത്തുമായി നൂറുകണക്കിന് വേദികളിൽ ഇരുവരും ഒരുമിച്ചു പാടി. നിരവധി കാസറ്റുകളിലായി ആയിരക്കണക്കിന് പാട്ടുകൾ പുറത്തിറങ്ങി. ഗാനരചയിതാവ്, സംഗീതജ്ഞൻ, ഗവേഷകൻ, ഗ്രന്ഥകാരൻ, ചിത്രകാരൻ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് വി.എം. കുട്ടി. ബാബുരാജ് ഉൾപ്പെടെയുള്ളവർക്കൊപ്പം പ്രവർത്തിക്കാനായി. സംഗീതം പഠിക്കാതെതന്നെ ഗാനഗന്ധർവൻ യേശുദാസിനൊപ്പം വരെ പാടാനായതിന്റെ ചാരിതാർഥ്യം ഫസീലക്കുമുണ്ട്. 1970 മുതൽ 1991 വരെ രണ്ടു പതിറ്റാണ്ടിലധികം ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു.
സിനിമ പിന്നണി ഗാനരംഗത്തും ഒരു കാലത്ത് വി.എം. കുട്ടിയുടെയും വിളയിൽ ഫസീലയുടെയും പേരുകൾ തിളങ്ങിനിന്നു. 1978ൽ റിലീസ് ചെയ്ത ‘പതിനാലാം രാവ്’ സിനിമയിലായിരുന്നു ഫസീലയുടെ തുടക്കം. എരഞ്ഞോളി മൂസക്കൊപ്പം ‘മണവാട്ടി കരംകൊണ്ട് മുഖം മറച്ച്...’ എന്ന പാട്ട്. മൈലാഞ്ചി എന്ന സിനിമയിലെ ‘കൊക്കര കൊക്കര കോഴിക്കുഞ്ഞേ ചക്കര മാവിലെ തത്തപ്പെണ്ണേ...’ പാട്ട് വി.എം. കുട്ടി-വിളയിൽ ഫസീല കൂട്ടുകെട്ട് പാടി. ബാലൻ കെ. നായരും ശുഭയുമാണ് ഗാനരംഗത്തിൽ അഭിനയിച്ചത്. 1921 സിനിമയിലെ ‘ഫിർദൗസിലടുക്കുമ്പോൾ’ എന്നു തുടങ്ങുന്ന ഗാനവും പാടിയത് ഫസീലയാണ്.
വി.എം. കുട്ടി എഴുതി ഈണം നൽകിയ ‘കിരി കിരി ചെരുപ്പുമ്മൽ അണഞ്ഞുള്ള പുതുനാരി...’ എന്ന ഒപ്പനപ്പാട്ടാണ് ഫസീലയുടെ ശബ്ദത്തിൽ ആദ്യം റെക്കോഡ് ചെയ്തത്. പി.ടി. അബ്ദുറഹ്മാന്റെ ‘ആമിന ബീവിക്കോമന മോനേ’ എന്ന പാട്ട് ഇറങ്ങിയതോടെ ഇവരെ ജനഹൃദയങ്ങൾ സ്വീകരിച്ചു. 1973^74 കാലഘട്ടത്തിലായിരുന്നു ഇത്. പി.ടി തന്നെ എഴുതിയ ‘വിശ്വപ്രപഞ്ചത്തിന്നാകെ റസൂലേ...’ എന്ന പാട്ട് ബാബുരാജിനൊപ്പമാണ് ഫസീല പാടിയത്. തരംഗിണിക്കുവേണ്ടി വി.എം. കുട്ടിയും ഫസീലയും പാടിയ രണ്ടു കാസറ്റുകളും ഹിറ്റായി. ഹഖാന കോനമറാൽ, തശ്രിഫും മുബാറക്കാദര, ഹസ്ബീ റബ്ബീ ജല്ലല്ലാ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾ ഇതിൽപെടും. ആലപ്പി രംഗനാഥായിരുന്നു ഓർക്കസ്ട്ര.
ഒരുകാലത്ത് കല്യാണവീടുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു വി.എം. കുട്ടിയും വിളയിൽ ഫസീലയും. മലബാറിലെ എല്ലാ ജില്ലകളിലും വിവാഹത്തലേന്ന് ഗാനമേളകൾ പതിവായിരുന്നു. മൈലാഞ്ചിപ്പാട്ടുകൾക്കായിരുന്നു ഇവിടങ്ങളിൽ പ്രിയം. വടകര കൃഷ്ണദാസിനൊപ്പം പാടിയ ‘ഉടനെ കഴുത്തെേൻറതറുക്കൂ ബാപ്പാ...’ എന്ന ഗാനവും ഫസീലയോട് ആസ്വാദകർ എല്ലായ്പോഴും ആവശ്യപ്പെടും. വി.എം. കുട്ടിയുടെ ‘സംകൃത പമഗിരി’ക്കായിരുന്നു ആവശ്യക്കാർ കൂടുതൽ. ‘മുല്ലപ്പൂ പൂവിലും പൂവായ ഫാത്തിമ’, ‘കൈതപ്പൂ മണത്താലും കദളിപ്പൂ നിറത്താലും’ തുടങ്ങിയവ ഇരുവരെയും ഒരുമിച്ചു കിട്ടുമ്പോൾ ശ്രോതാക്കൾ പാടിച്ചു.
ഗൾഫ് പരിപാടികളിൽ ഫസീലയുണ്ടെങ്കിൽ ‘കടലിന്റെ ഇക്കരെ വന്നോരേ’ എന്ന പാട്ട് നിർബന്ധമാണ്. എസ്.എ. ജമീലിന്റെ കത്തുപാട്ടുകളിലൂടെയും ഇവർ പ്രവാസികളിൽ വേദന നിറച്ചു. ഒരിക്കൽ ബോംബെയിൽ പരിപാടിക്ക് പോയപ്പോൾ ജമീലിന്റെ ‘എത്രയും ബഹുമാനപ്പെട്ട’ കത്തുപാട്ട് പാടണമെന്ന് പെട്ടെന്ന് ആവശ്യം വന്നു. ഒരു മുന്നൊരുക്കവും നടത്തിയില്ലായിരുന്നുവെന്ന് വി.എം. കുട്ടിയും ഫസീലയും ഓർക്കുന്നു. പാടിക്കഴിഞ്ഞപ്പോൾ എതിരേറ്റത് നോട്ടുമാലകൾ. ഹാർമോണിയവും തബലയും മാത്രമായിരുന്നു അക്കാലത്തെ ഓർക്കസ്ട്ര.
1935 ഏപ്രിൽ 16ന് കൊണ്ടോട്ടിക്കടുത്ത ആലുങ്ങലിൽ ഉണ്ണീൻ മുസ്ലിയാരുടെയും ഉമ്മാച്ചുക്കുട്ടിയുടെയും മകനായി ജനിച്ച വടക്കുംകര മുഹമ്മദ് കുട്ടി എന്ന വി.എം. കുട്ടി സ്കൂൾ അധ്യാപകനായി വിരമിച്ചയാളാണ്. എട്ടു മക്കളെ സമ്മാനിച്ച് പ്രിയസഖി ആമിനക്കുട്ടി കാൽനൂറ്റാണ്ടു മുമ്പ് മണ്ണോട് ചേർന്നു. സുൽഫത്താണ് ഇപ്പോൾ കൂട്ടിന്. മൂത്തമകൻ അഷ്റഫ് അടുത്തുണ്ട്. ഷാർജയിൽനിന്ന് ആറാമൻ റഹ്മത്തലിയും ഉപ്പയെ കാണാൻ നാട്ടിലെത്തിയിരിക്കുകയാണ്. റഹ്മത്തലിയെ കണ്ടപ്പോൾ ഫസീലക്ക് ഉമ്മയുടെ വാത്സല്യം. ഇവരിവിടെ വരുമ്പോൾ മാഷിന് മൂന്നു മക്കളേ ഉണ്ടായിരുന്നുള്ളൂ. അഷ്റഫ് കളിക്കൂട്ടുകാരനായിരുന്നു. റഹ്മത്തലിയൊക്കെ ജനിച്ചത് വർഷങ്ങൾ കഴിഞ്ഞാണ്. ഞാൻ ഹസ്ബീ റബ്ബീ ജല്ലല്ലാ പാടിക്കൊടുത്താലേ അന്നിവൻ ഉറങ്ങുമായിരുന്നുള്ളൂവെന്ന് റഹ്മത്തലിയെ നോക്കി വാത്സല്യത്തോടെ ഫസീല. ഇവരെത്തുമ്പോൾ അപ്രതീക്ഷിതമായി മറ്റു ചില അതിഥികളുമുണ്ടായിരുന്നു ദാറുസ്സലാമിൽ. വണ്ടൂർക്കാരി ശ്യാമളയും കുടുംബവും. ശ്യാമളക്കും ഒമ്പതു വയസ്സുള്ള മകൾ ദിയ സുരേഷിനുമൊപ്പവും വി.എം. കുട്ടി പാടിയിട്ടുണ്ട്. ഫസീലയെയും ശ്യാമളയെയും ദിയയെയും അടുത്തുനിർത്തി പാടിച്ച മാഷിന്റെ ചോദ്യം: ‘ഇതിപ്പോൾ എത്ര തലമുറയായെന്ന് എണ്ണിനോക്കിയോ?’
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. എം. അബ്ദുസ്സലാം 82ാം പിറന്നാളിന് സമ്മാനിച്ച ഹാർമോണിയത്തിൽ വിരലുകൾ ചലിപ്പിക്കവെ വഴങ്ങുന്നില്ലെന്ന് വി.എം. കുട്ടിക്ക് പരിഭവം. ഇടക്കിടെ തുടർന്നുകൊണ്ടിരുന്നാൽ പഴയ പോലെ പറ്റുമെന്ന് മക്കളുടെയും ഫസീലയുടെയും സാന്ത്വനം. ദാറുസ്സലാമിന്റെ മുറ്റത്ത് ഇരുട്ടു വീഴവെ ഫസീല പാട്ടുകാരിയുടെ കളി ചിരികളിൽ നിന്ന് കുടുംബിനിയുടെ കാര്യഗൗരവത്തിലേക്ക് തിരിച്ചുപോയി. ഒരു ജീവിതം മുഴുവൻ പാടിയും പറഞ്ഞും തന്നതിന്റെ ആനന്ദത്തോടെ ചാരുകസേരയിൽ വിശ്രമിക്കുകയായിരുന്ന മാഷിന്റെ കൈപിടിച്ച് ഫസീല സലാം പറഞ്ഞിറങ്ങുമ്പോൾ ‘ഇടക്കൊക്കെ കാണാൻ വരണ’മെന്ന ഉണർത്തൽ. തിരക്കായതിനാലാണ് വൈകുന്നതെന്ന് സങ്കടം പറഞ്ഞ് ഫസീല നടന്നകന്നു. മഹാകവി മോയിൻകുട്ടി വൈദ്യരുടെ മണ്ണിലിരുന്ന് കുട്ടി മാഷ് അന്ന് വത്സലക്ക് പാടിപ്പഠിപ്പിച്ചുകൊടുത്ത ബദർ പടപ്പാട്ടിലെ ആദ്യ ഇശൽ ആരോ മൂളിയ പോലെ.
‘അഹദത്തിലെ അലിഫ് അലിഫ് ലാം അകമിയം അലിഫക്ഷരപ്പൊരുൾ ബിസ്മില്ലാ...’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.