റിയാദ്: യൂട്യൂബിൽ തരംഗം തീർക്കുന്ന ‘മാണിക്യ മലരായ പൂവി’യെ സൃഷ്ടിച്ച പാെട്ടഴുത്തുകാരൻ തിരക്കിലാണ്. പലചരക്ക് കടയിൽ നിറയെ ആളുകൾ. കസ്റ്റമറുടെ ആവശ്യമറിയണം, സാധനങ്ങളുടെ വിലപറയണം, കണക്ക് പറഞ്ഞ് പണം വാങ്ങണം. അതിനിടയിൽ അസർ ബാങ്ക് കേൾക്കുന്നു. കടയടക്കണം. സഹജോലിക്കാരൻ ഷട്ടറിടുന്നു. അപ്പോൾ, അപ്പോൾ മാത്രം ഒന്ന് മൂരി നിവർന്നുനിന്നു. ‘‘ക്ഷമിക്കണം, ഇതാണ് അവസ്ഥ. ഇപ്പോൾ ബാങ്കുവിളിച്ചത് കൊണ്ട് നമുക്കൽപം സംസാരിക്കാം.’’ പി.എം.എ ജബ്ബാർ കരുപ്പടന്ന എന്ന ബഖാല ജീവനക്കാരൻ, സിനിമാപാെട്ടഴുത്തുകാരനായി, അല്ല നാല് പതിറ്റാണ്ടായി മലയാളികളുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്ന വിശ്രുത മാപ്പിളപ്പാട്ടിന്‍റെ രചയിതാവായി സംസാരിക്കാൻ തുടങ്ങി. ‘ഒരു അഡാർ ലവ്’ എന്ന പുതിയ മലയാള സിനിമയിലെ 10 പാട്ടുകളിലൊന്നായ ‘മാണിക്യ മലരായ പൂവി’ റിലീസ് ചെയ്തത് വെള്ളിയാഴ്ചയാണ്. വൈകീട്ടത് യൂട്യൂബിലെത്തി മണിക്കൂറുകൾക്കകം തരംഗമായി മാറി. 48 മണിക്കൂർ കഴിയുേമ്പാഴേക്കും ഹിറ്റ് 30 ലക്ഷം കടന്നു.
പാട്ടിന്‍റെ വിജയശിൽപികളുടെ പേരുകൾക്കിടയിൽ കണ്ട പി.എം.എ ജബ്ബാർ കരുപ്പടന്ന റിയാദിലുണ്ടെന്ന് അറിഞ്ഞ് അദ്ദേഹം ജോലി ചെയ്യുന്ന ബഖാല തേടിപ്പിടിച്ചുപോയതാണ്. മൊബൈൽ നമ്പർ തരപ്പെടുത്തി അതിൽ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. വാട്സ് ആപ്പിലും ഫേസ്ബുക്കിലുമൊന്നും പ്രതികരണമില്ല. ഒടുവിൽ സത്താർ മാവൂർ എന്ന മാപ്പിളപ്പാട്ട് ഗായകന്‍റെ സഹായത്തോടെയാണ് മലസ് ഫോർട്ടീൻ സ്ട്രീറ്റിലെ ആഷിഖ് സ്റ്റോർ ബഖാലയിൽ നിന്ന് ആളെ കൈയ്യോടെ പിടികൂടിയത്. ‘‘ദേഷ്യമരുത്, ഫോൺ എടുക്കാൻ പോലും സമയമില്ലാത്തത് കൊണ്ടാണെന്ന്’’ കണ്ടയുടനെ തന്നെ ക്ഷമാപണം. പാട്ട് റിലീസ് ചെയ്തതും ഹിറ്റാവുന്നതും എല്ലാം അറിയുന്നുണ്ട്. അന്ന് തന്നെ യൂട്യൂബിൽ കയറി പാട്ടും കേട്ടു. ഷാൻ റഹ്മാന്റെ പുനരാവിഷ്കാരവും ഉമർ ലുലുവിന്‍റെ ദൃശ്യാവിഷ്കാരവും ഇഷ്ടമായി. പാട്ട് രംഗങ്ങളെ കുറിച്ച് ചില്ലറ വിവാദങ്ങളുണ്ടെന്ന് കേൾക്കുന്നു. അതിലൊരു കാര്യവുമില്ല. ഒരു പാട്ട് കേൾക്കുേമ്പാൾ, സിനിമ കാണുേമ്പാൾ ആളുകളുടെ മനസ്സിൽ പല വികാരങ്ങളും വിചാരങ്ങളും വരും. പ്രവാചകനും ഖദീജയും തമ്മിലുള്ള വിവാഹവും അവർ തമ്മിലുള്ള സ്നേഹത്തിന്റെ ഇഴയടുപ്പവുമാണ് പാട്ടിന്‍റെ വിഷയം.
സ്കൂളിലെ കലോത്സവ വേദിയിൽ ഒരു ഗായകൻ പാടുന്നതാണ് സിനിമയിലെ രംഗം. അത് കേൾക്കുേമ്പാൾ കൗമാരപ്രായക്കാരുടെ മനസിൽ വിടരുന്ന വികാര വിചാരങ്ങളും ഭാവനയുമാണ് അതിലുള്ളത്. മനോഹരമായാണ് അത് ചിത്രീകരിച്ചിരിക്കുന്നത്. പാട്ടിനെ പാട്ടായും പ്രണയത്തെ പ്രണയമായും സിനിമയെ സിനിമയുമായി കണ്ടാൽ ഒരു വിവാദത്തിനുമിടയില്ല. പാട്ടിന്‍റെ സിനിമാവിഷ്കാരം ഇത്ര ഹിറ്റാവുമെന്ന് കരുതിയതേയില്ല. 1978ലാണ് താനീ പാട്ട് എഴുതുന്നത്. ആകാശവാണിയിലൂടെയും മറ്റും അറിയപ്പെട്ട മാപ്പിളപ്പാട്ടുകാരനായ റഫീഖ് തലശ്ശേരി തന്‍റെ ഒരു ബന്ധുവിനെയാണ് വിവാഹം കഴിച്ചത്. അങ്ങനെയാണ് അദ്ദേഹവുമായുള്ള അടുപ്പം. മാണിക്യമലരടക്കം താനെഴുതിയ നിരവധി പാട്ടുകൾ റഫീഖ് ഇൗണം നൽകി പാടിയിട്ടുണ്ട്. മൂന്നുമാസം മുമ്പാണ് ഷാൻ റഹ്മാൻ സിനിമക്ക് വേണ്ടി ഇൗ പാട്ട് ആവശ്യപ്പെട്ട വിവരം റഫീഖ് അറിയിച്ചത്. സന്തോഷം തോന്നി. പാട്ട് റിലീസ് ചെയ്യുന്ന വിവരവും ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.
തൃശുർ ജില്ലയിലെ കരുപ്പടന്ന പുതിയ വീട്ടിൽ പരേതരായ മുഹമ്മദ് മുസ്ലിയാർ - ആമിന ദമ്പതികളുടെ ഏക ആൺതരിയായാണ് ജനനം. ഒരു സഹോദരിയുണ്ട് ഫാത്തിമ. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളജിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം മതപഠനം നടത്തി. ഒരു മദ്റസയിൽ അധ്യാപകനായി. അതുകൊണ്ട് ആളുകൾ ഇപ്പോഴും ഉസ്താദ് എന്നാണ് വിളിക്കാറ്. 15 വർഷം ഖത്തറിൽ ജോലി ചെയ്തു. പിന്നീടാണ് റിയാദിലേക്ക് വന്നത്. പുത്തൻചിറ ചിലങ്ക സ്വദേശി അബ്ദുറഷീദാണ് വിസ തന്ന് ഇവിടെ കൊണ്ട് വന്ന് ബഖാലയിൽ ജോലിയേൽപിച്ചത്. ഇവിടെയും 15 വർഷമായി. എട്ടുമാസം മുമ്പാണ് ഒടുവിൽ നാട്ടിൽ പോയി മടങ്ങിയത്. ഭാര്യ: ആയിഷ ബീവി. ഗ്രാഫിക് ഡിസൈനറായ മകൻ അമീൻ മുഹമ്മദ് കുറച്ചുകാലം റിയാദിലുണ്ടായിരുന്നു. മകൾ റഫീദ വിവാഹിത. അനീഷാണ് മരുമകൻ. കുട്ടിക്കാലം മുതലേ പരന്ന വായനയുണ്ടായിരുന്നു. ഇപ്പോഴും വായിക്കും. നാട്ടിൽ പോയിവരുേമ്പാഴെല്ലാം പുസ്തകങ്ങൾ കൊണ്ടുവരും. വായനയിൽ നിന്നാണ് വാക്കുകളുടെ സമ്പത്തുണ്ടായത്. 16 വയസ് മുതൽ പാെട്ടഴുതുന്നു.
ഇതുവരെ 500ലേറെ പാട്ടുകളെഴുതി കഴിഞ്ഞു. എന്നാലും ‘മാണിക്യമലരോളം’ ഹിറ്റായത് വേറെയില്ല. എന്നാൽ സർഗവഴിയിൽ നിന്ന് ഇതുവരെ ഒരു വരുമാനവും ലഭിച്ചിട്ടില്ല. മാണിക്യമലരിന്‍റെ രചയിതാവ് എന്ന് തിരിച്ചറിഞ്ഞ റിയാദിലെ ചില സാംസ്കാരിക പ്രവർത്തകർ മുെമ്പാരിക്കൽ ഒരു സ്വീകരണം നൽകിയിരുന്നു. ആ ചടങ്ങിൽ രണ്ട് നോട്ടുമാല ആളുകൾ അണിയിച്ചു. മാലകൾ അഴിച്ച് എണ്ണിയപ്പോൾ ആയിരത്തിലേറെ റിയാലുണ്ടായിരുന്നു. അതാണ് പാട്ടിലൂടെ ആകെ കിട്ടിയ വരുമാനം. വരുമാനത്തിന് വേണ്ടിയല്ല, മനസംതൃപ്തിക്കും റഫീഖിന് പാടാനും വേണ്ടിയാണ് എഴുതിയിരുന്നത്. അടുത്തിടെ എഴുതിയ 12 പാട്ടുകൾ റിയാദിലെ സുഹൃത്ത് സത്താർ മാവൂർ ‘അറേബ്യൻ നശീദ’ എന്ന പേരിൽ മാപ്പിളപ്പാട്ട് ആൽബമാക്കി ഇറക്കിയിട്ടുണ്ട്. ഇത്രയും പറഞ്ഞുകഴിയുേമ്പാഴേക്കും അസർ നമസ്കാര സമയം കഴിഞ്ഞു കട തുറക്കേണ്ട സമയമായിരുന്നു. ഷട്ടർ തുറന്നതും പുറത്തുകാത്തുനിന്ന ആളുകൾ അകത്തേക്ക് കയറി. മാണിക്യമലര് മൂളി അദ്ദേഹം ജോലിയിലേക്കും ഞങ്ങൾ പുറത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.