കോഴിക്കോട് ബാലുശ്ശേരി എസ്.ബി.ടിയിൽ ലോണിന് അപേക്ഷയുമായി ഒരു ചെറുപ്പക്കാരനെത്തി. അഞ്ചു സെൻറ് സ്ഥലം വാങ്ങുന്നതിന് തുല്യം ചെലവ് വരുന്ന ഒരു കീബോർഡ് വാങ്ങുകയാണ് ലക്ഷ്യം. അതിന് വായ്പ വേണം. സംഗീതേപ്രമിയായ ബാങ്ക് മാനേജർ അപേക്ഷ അനുഭാവ പൂർവം പരിഗണിച്ചു. ബാങ്കിന് ഗാരൻറി വേണമല്ലോ, പി. സുശീല, എസ്. ജാനകി, മനോ, എസ്.പി.ബി തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം ഗാനമേളകളിൽ ഹാർമോണിയം വായിക്കുന്നതിെൻറ ഫോട്ടോയായിരുന്നു ചെറുപ്പക്കാരൻ സമർപ്പിച്ച ഗാരൻറി. ലോൺ അനുവദിച്ചു. ഒരു സംഗീതോപകരണം വാങ്ങാനായി മുഴുവൻ തുക ലോണായി അനുവദിച്ച ആദ്യ സംഭവമായിരുന്നു അത്. സസന്തോഷം അന്ന് കീബോർഡ് ഏറ്റുവാങ്ങിയ ഉള്ള്യേരിക്കാരൻ പ്രകാശ് പിന്നെ സംഗീതജ്ഞരുടെയും ആസ്വാദകരുടെയും പ്രിയപ്പെട്ട കീബോർഡിസ്റ്റും ഹാർമോണിസ്റ്റുമായി.
കേരളത്തിലെ സാധാരണക്കാർക്കിടയിൽ അധികം അറിയപ്പെട്ടില്ലെങ്കിലും മുംബൈ മുതൽ ഇങ്ങോട്ടുള്ള നഗരങ്ങളിലെ സംഗീതാസ്വാദകർക്കിടയിലെ പരിചിത നാമമായി പ്രകാശ് ഉള്ള്യേരിയുടേത്. ഗസലിലെ മാന്ത്രികസ്പർശമായ ഹരിഹരെൻറയും ശങ്കർ മഹാദേവെൻറയും അന്തരിച്ച മാൻഡലിൻ വിദഗ്ധൻ യു. ശ്രീനിവാസിെൻറയും വീണവിദ്വാൻ രാജേഷ് വൈദ്യയുടെയും ഘടം കാർത്തികിെൻറയും ശിവമണിയുടെയും കദിഗോപാൽ നാഥിെൻറയുമൊക്കെ അടുത്ത സൃഹൃത്തും േപ്രാഗ്രാമുകളിലെ സഹയാത്രികനുമാണ് പ്രകാശ്. ഇന്ത്യയിൽ താൻ ഏറ്റവും ഇഷ്ടപ്പെടുന്ന കീബോർഡിസ്റ്റ് എന്നാണ് ഒരിക്കൽ യു. ശ്രീനിവാസ് തന്നെ ചാർത്തിയ ബിരുദം. ഉള്ള്യേരി എന്ന ഗ്രാമത്തിൽനിന്ന് പ്രകാശ് തെൻറ സംഗീത സപര്യ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടായി. അമേരിക്കയും ഇംഗ്ലണ്ടും പോലുള്ള രാജ്യങ്ങളിലേക്കുവരെ വളർന്ന യാത്ര. എല്ലാത്തിെൻറയും തുടക്കം ഒരു നാദസ്വരത്തിൽനിന്നാണ്. തനിക്കും കുടുംബത്തിനും അന്നം തന്ന ‘ജീവാളി’ പുല്ല് ഘടിപ്പിച്ച ഒരു നീളൻ കുഴലിൽനിന്നൊഴുകിയ മംഗളവാദ്യത്തിൽനിന്ന്.
ഹാര്‍മോണിയം തുറന്ന്
സംഗീതം അന്നം മുടക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു എന്നും. കുട്ടിക്കാലം മുതലേ പാട്ടിനോടും ഹാർമോണിയത്തോടും വലിയ താൽപര്യമായിരുന്നു. വീടിനടുത്ത് ഭജന പാടാൻ പോയത് മൂന്നിലും നാലിലും പഠിക്കുന്ന കാലത്ത്. പാട്ടിനൊപ്പം സ്വന്തമായി ഹാർമോണിയം വായനയും തുടങ്ങി. സംഗീതത്തിൽ താൽപര്യമുണ്ടെന്ന് കണ്ടതോടെ അച്ഛൻ പൂക്കാട്ടിൽ വേണു മാസ്റ്ററുടെയടുത്തേക്ക് പാട്ടുപഠിക്കാൻ വിട്ടു. അവിടെ പാടിപ്പഠിച്ചതൊക്കെയും കുട്ടിയായ പ്രകാശ് ഹാർമോണിയത്തിൽ പരീക്ഷിച്ചു. എത്രയും വേഗം കട്ടകളിലൂടെ കൈയോടിക്കുമെന്നതായിരുന്നു കുട്ടിക്കാലത്തെ പരീക്ഷണം. ഇത് പിന്നീട് അത്ഭുത വേഗമായി വളർന്നു. കൈയിൽ മോട്ടോർ പിടിപ്പിച്ചാണ് ഹാർമോണിയം വായിക്കുന്നതെന്ന് സംഗീതസംവിധായകൻ വിദ്യാധരൻ മാഷ് പ്രകാശിനെപ്പറ്റി പറയാറുണ്ട്. പ്രകാശിന് സംഗീതംകൊണ്ട് ജീവിക്കാമെന്ന് ആദ്യം കാട്ടിക്കൊടുത്തത് സ്വന്തം പിതാവ് പി.കെ. ഗോപാലപണിക്കരായിരുന്നു. അന്ന് സംഗീതം കൊണ്ടുനടക്കുന്നയാളിന് വെണ്ണപോലും കിട്ടുന്ന കാലമല്ല.
ആത്മബന്ധങ്ങളുടെ മാന്‍ഡലിന്‍
പിന്നീടങ്ങോട്ട് ഒരു ജൈത്രയാത്രയായിരുന്നു. കമൽഹാസൻ, വിജയ്, ഖുശ്ബു, രേവതി, സിമ്രാൻ, ചിത്ര, സുജാത തുടങ്ങിയവരുമായൊക്കെ അടുത്ത ബന്ധമുണ്ടായി. ശങ്കർ മഹാദേവെൻറയും ഉണ്ണികൃഷ്ണെൻറയുമൊക്കെ േപ്രാഗ്രാമുകളിലും കീബോർഡിസ്റ്റായി. ഇതിനകംതന്നെ ‘നാദം’ ബ്രാൻഡും അറിയപ്പെട്ടുതുടങ്ങി. ഉള്ളിലെ സംഗീതം വളരുന്നതിനൊപ്പം ജീവിതവും പച്ചപിടിച്ചു. ഗാനമേളകിൽ പാടി പ്രണയിനിയായി ജീവിതത്തിലെത്തിയ സഹധർമിണി ഗിരിജ ഹരിഹരെൻറയും ശങ്കർ മഹാദേവെൻറയുമൊക്കെ േപ്രാഗ്രാമുകളിൽ പാട്ടുകാരിയായി. മകളും ഇന്ന് അമ്മയുടെ വഴിയേ പാടുന്നുണ്ട്, നല്ലവണ്ണം. ‘ഹരിഹരൻ അങ്കിളിെൻറ മിക്ക ഗസലുകളും അവൾക്ക് കാണാപ്പാഠമാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ അവൾതന്നെ അദ്ദേഹത്തെ ഫോണിൽ വിളിക്കും. അദ്ദേഹം പാടിക്കേൾപ്പിച്ചുകൊടുക്കും’ –പ്രകാശ് പറയുന്നു.
ചെന്നൈയിൽ ഹരിഹരെൻറ ഒരു േപ്രാഗ്രാം. പരിപാടിക്കു ശേഷം ഗുരുസ്ഥാനീയരായ ഒട്ടേറെ പേർ എന്നെ വന്ന് അഭിനന്ദിച്ചു. ഇതിനിടെ ഒരാൾ വന്ന് ‘മനോഹരമായി വായിച്ചു, God Bless you’ എന്ന് പറഞ്ഞ് എന്നെ അഭിനന്ദിച്ചു. എന്നാൽ, തിരക്കിനിടെ ഞാൻ അത്ര ശ്രദ്ധിച്ചില്ല. ആരെന്ന് മനസ്സിലായതുമില്ല. അപ്പോൾ എന്നോടൊപ്പം എെൻറ സുഹൃത്തും പാട്ടുകാരനുമായ ശ്രീറാം ഉണ്ട്. ശ്രീറാം എന്നെ തോണ്ടിക്കൊണ്ട് പറഞ്ഞു; ‘അതാരാണെന്ന് നിനക്കറിയാമോ? അതാണ് യു. ശ്രീനിവാസ്’. ഞാൻ അക്ഷരാർഥത്തിൽ തകർന്നുപോയി. മാൻഡലിൻ എന്ന സംഗീതോപകരണത്തിെൻറ പര്യായംപോലെ അറിയപ്പെടുന്ന സംഗീതജ്ഞൻ. ഞാൻ അദ്ദേഹത്തിെൻറ കാലിൽ വീണ് നമസ്കരിച്ചു. അന്നു തുടങ്ങി അദ്ദേഹവുമായുള്ള ആത്മബന്ധം. അത് മരണംവരെ തുടർന്നു. അദ്ദേഹത്തിെൻറ അനുജൻ യു. രാജേഷുമായി ഇന്നും ആത്മബന്ധം തുടരുന്നു.
ഹാര്‍മോണിയത്തിലൊരു കച്ചേരി
ഗുരുവായൂരിൽ നടന്ന ഒരു ചെമ്പൈ സംഗീതോത്സവം. അത് പ്രകാശിെൻറ സംഗീത കരിയറിനെ വേറൊരു തരത്തിൽ ഉലച്ചിട്ടു. സംഗീതോത്സവ സമിതിയാണ് ഒരുദിവസം വിളിച്ചിട്ട് ഗുരുവായൂരിൽ ഒരു മണിക്കൂർ കച്ചേരി അവതരിപ്പിക്കാമോ എന്ന് ചോദിച്ചത്. ഏൽക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. അങ്ങനെ ഹാർമോണിയം കച്ചേരിയിൽ അരങ്ങേറ്റം. മാൻഡലിൻ ശ്രീനിവാസ് മാൻഡലിനിൽ കച്ചേരി വായിച്ചതു പോലെ ഒരു വിശേഷപ്പെട്ട കാര്യമായി അങ്ങനെ പ്രകാശ് ഉള്ള്യേരിയുടെ ഹാർമോണിയവും. വയലിനും വീണയിലും ഫ്ലൂട്ടിലുമൊക്കെ മാത്രം കേട്ട ഈ കച്ചേരി സംഗീതം പ്രകാശ് ഹാർമോണിയത്തിൽ കേൾപ്പിച്ചു. പ്രകാശിെൻറ ഓർമകളിൽ ഇന്നും ആ സംഗീതരാവുണ്ട്.
ശിവമണി, മൃദംഗചക്രവർത്തി ഉമയാൾപുരം ശിവരാമൻ, ഘടം കാർത്തിക്, രാജേഷ് വൈദ്യ, യു. ശ്രീനിവാസ്, ശെൽവം ഗണേഷ്, ഗണേഷ് കുമരേഷ് തുടങ്ങിയവരുമായുള്ള, കീബോർഡും ഹാർമോണിയവും ചേർത്തുള്ള ഫ്യൂഷൻ േപ്രാഗ്രാമുകൾ പ്രകാശിെൻറ ജീവിതത്തിലെ അടുത്ത ഘട്ടം. കുറേക്കാലം ബാലഭാസ്കറുമൊത്ത് കേരളത്തിൽ നിരവധി ഫ്യൂഷൻ േപ്രാഗ്രാമുകൾ വായിച്ചിരുന്നു. കേരളത്തിലെതന്നെ വലിയ കലാകാരന്മാരായ കുടമാളൂർ ജനാർദനൻ, ബാലഭാസ്കർ, പെരുകാവ് സുധീർ (ഘടം), നാഞ്ചിൽ അരുൾ (മൃദംഗം), സുന്ദർരാജൻ (വീണ) തുടങ്ങിയവരുടെ കൂടെയും നിരവധി ഫ്യൂഷൻ േപ്രാഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.