'യാത്രയാകുമ്പോൾ എൻെറ ഈ പാട്ട് ഓർത്തുവെക്കുക' -സംഗീത ലഹരിയായിരുന്നു ബപ്പി ലാഹിരി

ബപ്പി ലാഹിരി എന്ന പേര് ഒരു തലമുറക്ക് സംഗീത ലഹരിയായിരുന്നു. ഇന്ത്യൻ യുവത്വത്തെ ഒന്നാകെ താളം പിടിപ്പിച്ചിരുന്ന ലഹരി. ഡിസ്കോ സംഗീതം ജനപ്രിയമാക്കിയ ബോളിവുഡിന്റെ സ്വന്തം 'ഡിസ്കോ കിങി'ന്റെ ഫാസ്റ്റ് നമ്പറുകൾക്കായി 80കളിലും 90കളിലും ഇന്ത്യൻ യുവത്വം കാത്തിരുന്നിരുന്നു. അവരൊന്നും നിരാശരായതുമില്ല. 'ഐ ആം എ ഡിസ്കോ ഡാൻസർ' പോലുള്ള ഫാസ്റ്റ് നമ്പരുകൾ അന്നത്തെ 'ന്യൂജൻ പിള്ളേർക്ക്' ഏറ്റെടുത്ത് ആടിപ്പാടാനായി ബപ്പി ഒരുക്കി. യുവത്വത്തെ ത്രസിപ്പിച്ച അനേകം അടിപൊളി നമ്പരുകൾക്കെല്ലാം മുകളിലായി സംഗീതാസ്വാദകർ ഏറ്റെടുത്ത ബപ്പിയുടെ ഒരു ക്ലാസിക് സൃഷ്ടിയുണ്ട്. 1976ൽ പുറത്തിറങ്ങിയ 'ചൽത്തേ ചൽത്തേ'യിലെ കിഷോർ കുമാർ അനശ്വരമാക്കിയ 'ചൽത്തേ ചൽത്തേ, മേരേ യേ ഗീത് യാദ് രഖ്നാ' എന്ന ഗാനം. അറിയപ്പെടുന്നത് ഫാസ്റ്റ് നമ്പറുകളുടെ പേരിലാണെങ്കിലും ഏത് സംഗീതവും തനിക്ക് വഴങ്ങുമെന്നെഴുതി ബപ്പി ക​യ്യൊപ്പ് പതിപ്പിച്ച ഗാനം.

തന്നെതന്നെ നായകനാക്കി ഭിഷം കോഹ്ലി (സ്ക്രീനിലെ പേര് വിശാൽ ആനന്ദ്) നിർമ്മിച്ച സിനിമയാണ് 'ചൽത്തേ ചൽത്തേ'. അതിലെ ഗാനങ്ങൾ ചെയ്യാൻ ലക്ഷ്മികാന്ത്-പ്യരേലാലിനെയാണ് നിശ്ചയിച്ചിരുന്നത്. അവരുടെ തിരക്ക് മൂലം സംഗീതമൊരുക്കൽ വൈകിയപ്പോളാണ് ദേവാനന്ദനിന്റെ നവ്കേതൻ സ്റ്റുഡിയോയിൽവെച്ച് നന്നേ പുതുമുഖങ്ങളായ ബപ്പിയെയും ഗാനരചയിതാവ് അമിത് ഖന്നയെയും ഭിഷം ​കോഹ്ലി കാണുന്നത്. ബപ്പി ഈണമിട്ടതനുസരിച്ച് അപ്പോൾ അമിത് എഴുതിയ 'ചൽത്തേ ചൽത്തേ, മേരേ യേ ഗീത് യാദ് രഖ്നാ' പാടി നോക്കുകയായിരുന്നു ഇരുവരും. കേട്ടപ്പോൾ തന്നെ പാട്ട് ഇഷ്ടപ്പെട്ട ഭിഷം കോഹ്ലി പുതിയ സിനിമയുടെ സംഗീത സംവിധായകനായി ബപ്പിയെ തീരുമാനിക്കുകയായിരുന്നു. പടം പൊട്ടിയെങ്കിലും ഈ പാട്ട് ചരിത്രമായി. ബപ്പിക്കും അമിത്തിനും വൻ ബ്രേക്കാണ് ഈ പാട്ട് നൽകിയത്. അന്ന് അമിത് ഖന്നയ്ക്ക് 21 ഉം ബപ്പിക്ക് 23 ഉം ആണ് പ്രായമെന്നോർക്കുക. പടം ബോക്സോഫിസിൽ തക​ർന്നെങ്കിലും ഭിഷം കോഹ്ലിക്കും നേട്ടമുണ്ടായി. ഈ പാട്ടിലൂടെ പോളിഗ്രാമിൽ നിന്ന് റോയൽറ്റിയായി ലഭിച്ച വരുമാനം കൊണ്ടാണ് അദ്ദേഹം ബാന്ദ്രയിൽ ഒരു ഫ്ലാറ്റും പ്രീമിയർ പദ്മിനി കാറും വാങ്ങി. ജന്മദിനം നവംബർ 27നാണെങ്കിലും ഈ പാട്ട് റെക്കോർഡ് ചെയ്ത ജൂലൈ 18 പിറന്നാൾ പോലെ ആഘോഷിച്ചിരുന്നു ബപ്പി.

Full View

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ബപ്പി ജനിച്ചത്. അലോകേഷ്‌ ലാഹിരി എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. മാതാപിതാക്കളായ അപരേഷ് ലാഹിരിയും ബൻസുരി ലാഹിരിയും പ്രശസ്ത ബംഗാളി ഗായകരും ശാസ്ത്രീയ സംഗീതത്തിലും ശ്യാമ സംഗീതത്തിലും പ്രശസ്തരായ സംഗീതജ്ഞരുമായിരുന്നു. മൂന്നാം വയസ്സിൽ തബല വായിച്ചാണ് ബപ്പി സംഗീതലോകത്തേക്കുള്ള തന്റെ വരവ് അറിയിച്ചത്. ശങ്കർ ജയ്കിഷന് വേണ്ടി അച്ഛൻ ഒരു സിനിമയിൽ പാടിയതിന്റെ മാത്രം ബലത്തിൽ ബോളിവുഡിൽ ഭാഗ്യം പരീക്ഷിക്കാനെത്തിയ ബപ്പി ആദ്യം സംഗീത സംവിധാനം നിർവഹിക്കുന്നത് 19ാം വയസ്സിലാണ്. ഡാഡു (1972) എന്ന ബംഗാളി സിനിമയിൽ. തൊട്ടടുത്ത വർഷം 'നൻഹാ ശിക്കാരി' എന്ന സിനിമക്കുവേണ്ടിയും അദ്ദേഹം പാട്ടൊരുക്കി. 1975ൽ താഹിർ ഹുസൈന്റെ 'സഖ്മേ'യിലാണ് അദ്ദേഹത്തെ ഹിന്ദി സിനിമാലോകം ശ്രദ്ധിച്ച് തുടങ്ങുന്നത്. അതിൽ ഗായകൻ എന്ന നിലയിലും ബപ്പി അരങ്ങേറി. പിന്നെയാണ് 'ചൽത്തേ ചൽത്തേ'യിലെയും 'സുരക്ഷ'യിലെയുമൊക്കെ ഗാനങ്ങൾ അദ്ദേഹത്തെ സംഗീതപ്രേമികളുടെ പ്രിയങ്കരനാക്കുന്നത്.


പിന്നെയാണ് യുവഹൃദയങ്ങളെ കയ്യിലെടുത്തത് 'ഐ ആം എ ഡിസ്കോ ഡാൻസർ' പോലുള്ള ഫാസ്റ്റ് നമ്പറുകൾ പിറക്കുന്നത്. അമർ സംഗീ, ആശാ ഓ ഭലോബാഷ, അമർ തുമി, അമർ പ്രേം, മന്ദിര, ബദ്നാം, രക്തലേഖ, പ്രിയ തുടങ്ങിയ ബംഗാളി ചിത്രങ്ങൾ ബപ്പിയുടെ പാട്ടുകൾ കൊണ്ടുമാ​ത്രം ബോക്സോഫീസ് വിജയങ്ങൾ നേടിയിട്ടുണ്ട്. വാർദത്ത്, ഡിസ്കോ ഡാൻസർ, നമക് ഹലാൽ, ഷറാബി, ഡാൻസ് ഡാൻസ്, കമാൻഡോ, സാഹേബ്, ഗാംഗ് ലീഡർ, സൈലാബ് തുടങ്ങിയ സിനിമകളിലൂടെ 1980കളിലും 90കളിലും ബപ്പി ഇന്ത്യൻ യുവത്വത്തെ ഇളക്കി മറിച്ചു. 'ദ ഡേർട്ടി പിക്ചറി'ലെ 'ഊലാലാ' എന്ന ​ഗാനം, ​'ഗുണ്ടേ'യിലെ 'തൂനെ മാരി', 'ബദ്രിനാഥ് കി ദുൽഹനിയ' എന്ന ചിത്രത്തിലെ 'തമ്മാ തമ്മാ' എന്നിവയാണ് പുതിയ കാലത്തെ പാട്ടുകൾ. ഹിന്ദിക്ക് പുറമെ മലയാളത്തിലും തമിഴിലും കന്നഡയിലും ബപ്പി പാട്ടൊരുക്കി. 'ദി ഗുഡ് ബോയ്സ്' ആണ് ബപ്പി സംഗീതമൊരുക്കിയ മലയാള സിനിമ. 2020ൽ പുറത്തിറങ്ങിയ 'ബാഗി3' ആണ് അവസാന ചിത്രം.

ബപ്പി ലാഹിരിയെന്ന സംഗീത ലഹരി വിടവാങ്ങു​മ്പോൾ അദ്ദേഹവും കിഷോർദായും അനശ്വരമാക്കിയ പാട്ടിന്റെ വരികൾ യാത്രാമൊഴിയാകുകയാണ്. 'ചൽത്തേ ചൽത്തേ, മേരെ യേ ഗീത് യാദ് രഖ്‌നാ, കഭി അൽവിദ നാ കെഹനാ, കഭി അൽവിദ നാ കെഹനാ...' 'യാത്രയാകുമ്പോൾ എന്റെ ഈ പാട്ട് ഓർത്തുവെക്കുക; ഒരിക്കലും യാത്രാമൊഴി പറയാതിരിക്കുക...'

Tags:    
News Summary - tribute to Bappi Lahiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.