ഒടുവിൽ അനേകം വർഷങ്ങൾക്കു ശേഷം ഉണ്ണിമേനോൻ ആ കടം വീട്ടി....
തികച്ചും യാദൃച്ഛികമെങ്കിലും അതൊരു കടംവീട്ടൽ തന്നെയായിരുന്നു അതിനു വേണ്ടിവന്നത് 37 വർഷം...
ഇക്കഴിഞ്ഞ വ്യാഴാഴ്ച കോഴിക്കോട് ടാഗോർ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിനു മുന്നിൽ ‘തൃഷ്ണ’ എന്ന ചിത്രത്തിലെ ‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ...’ എന്ന പാട്ട് ഉണ്ണിമേനോൻ പാടുമ്പോൾ അതൊരു കടംവീട്ടൽ കൂടിയാണെന്ന് അറിയുന്ന വളരെ കുറച്ചുപേർ കൂടിയുണ്ടായിരുന്നു എന്നതാണ് ഏറെ കൗതുകം. മലയാളികൾ എന്നും ഒാർത്തുകൊണ്ടു നടക്കുന്ന ഒട്ടനവധി പാട്ടുകൾ സമ്മാനിച്ച സാമുവൽ ജോസഫ് എന്ന ശ്യാമിനെ ആദരിക്കുന്നതിനായാണ് ടാഗോർ ഹാളിൽ ‘ശ്യാമസന്ധ്യ’ എന്ന പരിപാടി നടത്തിയത്. ശ്യാം സംഗീതം നൽകിയ പാട്ടുകളായിരുന്നു പരിപാടിയിൽ അവതരിപ്പിച്ചത്.
ബിച്ചു തിരുമല രചിച്ച് ശ്യാം സംഗീതം നൽകി യേശുദാസ് പാടിയ ‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ...’ എന്ന പാട്ട് സദസ്സ് ഏറെ കാത്തിരുന്നതാണ്. അതിന്‍െറ ആരവം ഉണ്ണിമോനോൻ പാടിത്തുടങ്ങുമ്പോഴേ ഉണ്ടായിരുന്നു....
ഉണ്ണി മേനോൻ വീട്ടിയ ആ കടം എന്തായിരുന്നു എന്നറിയണമെങ്കിൽ ഒരൽപം ഫ്ലാഷ്ബാക്കിലേക്ക് പോകേണ്ടിവരും...
ശ്യാം എൺപതുകളിൽ ചലച്ചിത്ര സംഗീത രംഗത്ത് കത്തിക്കയറി നിൽക്കുന്ന കാലമാണ്. സിനിമ സംഗീതം കഴിഞ്ഞാൽ ഗാനമേളകൾ അവതരിപ്പിക്കുകയായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്‍െറ പതിവ്. ഇന്ത്യയിലും വിദേശത്തും നിരവധി ഗാനമേളകളിൽ അദ്ദേഹം സജീവമായിരുന്ന കാലം. അങ്ങനെ കോഴിക്കോട് ടാഗോർ ഹാളിലും ഗാനമേള അവതരിപ്പിക്കാൻ ശ്യാമും സംഘവുമെത്തി. ഉണ്ണിമേനോൻ, ലതിക, കൃഷ്ണചന്ദ്രൻ എന്നിവരൊക്കെയാണ് പ്രധാന പാട്ടുകാർ.
‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ...’ എന്ന പാട്ട് അന്ന് ഹിറ്റ് ചാർട്ടിലാണ്...
യേശുദാസിനായി ആ പാട്ടിന്‍െറ ട്രാക്ക് പാടിയതാകട്ടെ ഉണ്ണിമേനോനും. ടാഗോർ ഹാളിൽ ആ ഗാനം പാടി തകർക്കാനുള്ള തയാറെടുപ്പിലായിരുന്നു ഉണ്ണിമേനോൻ. ഒാരോരുത്തരായി പാടിക്കൊണ്ടിരിക്കുന്നു. അടുത്ത ഉൗഴം ഉണ്ണിമേനോെൻറതാണ്. ഒാർക്കസ്ട്ര ബി.ജി.എം തുടങ്ങിയതുമാണ്. മ്യൂസിക് കണ്ടക്ട് ചെയ്തുകൊണ്ടിരുന്ന ശ്യാമിന്‍െറ സ്റ്റോപ് ആക്ഷൻ പെെട്ടന്നായിരുന്നു. സ്റ്റേജിനു പിന്നിൽ ചെറിയൊരു തിരയിളക്കം. ദാ, കയറിവരുന്നു സാക്ഷാൽ ഗാനഗന്ധർവൻ...
മൈക്ക് കൈയിലെടുത്ത് യേശുദാസ് പറഞ്ഞു തുടങ്ങി..
‘ഒരു സ്വകാര്യ ചടങ്ങില്‍ പെങ്കടുക്കാനായി ഇതുവഴി പോകുമ്പോഴാണ് ശ്യാംജിയുടെ പ്രോഗ്രാം ഇവിടെ നടക്കുന്ന വിവരം പോസ്റ്ററിൽനിന്ന് അറിഞ്ഞത്. ഇതുവഴി പോകുമ്പോള്‍ അദ്ദേഹത്തെ കാണാതെ പോകുന്നത് ഗുരുനിന്ദയാകും. അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ ഒരു പാട്ടു പാടാം.”
കാതോർത്തിരുന്ന സദസ്സിനു മുന്നിൽ യേശുദാസ് ആ പാട്ടുപാടി.
‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ...
സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
മനസ്സിന്റെ ഉപവനത്തിൽ പറന്നു വാ..’
നിറഞ്ഞ കൈയടിയിൽ ടാഗോർ ഹാൾ കിലുങ്ങുമ്പോൾ നിരാശ തോന്നാതിരുന്നില്ല ഉണ്ണി മേനോന്...
37 വർഷത്തിനു ശേഷം അതേ ടാഗോർ ഹാളിൽ അതേ പാട്ട് ഉണ്ണിമേനോൻ പാടി... അതേ ശ്യാം സാറിനെ സാക്ഷി നിർത്തി.. അന്നു കൂടെയുണ്ടായിരുന്ന ലതികയെയും കൃഷ്ണചന്ദ്രനെയും ആ ചരിത്രമറിയുന്ന മാധ്യമ പ്രവർത്തകനും സംഗീത സംവിധാന സഹായിയും ലതികയുടെ സഹോദരനുമായ രാജേന്ദ്ര ബാബുവിനെയും സാക്ഷി നിർത്തി.
‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ...
സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
മനസ്സിന്‍െറ ഉപവനത്തിൽ പറന്നു വാ..’
അന്നത്തെ അതേ ആരവത്തോടെ ആസ്വാദക ഹൃദയങ്ങൾ ആ ഗാനമേറ്റുവാങ്ങി...
അന്ന് നടക്കാതെ പോയ ആ മോഹം ഉണ്ണിമേനോൻ അങ്ങനെ സാർത്ഥകമാക്കി...
ഉണ്ണിമേനോനും സുഹൃത്തുക്കളും ചേർന്ന് കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷന്‍െറ (കല) ആഭിമുഖ്യത്തിലായിരുന്നു ‘ശ്യാമസന്ധ്യ’ എന്ന ആദരപരിപാടി സംഘടിപ്പിച്ചത്. നിരവധി സിനിമകളിൽ ട്രാക്ക് പാടിയിരുന്ന ഉണ്ണിമേനോനെ പിന്നണി ഗായകൻ എന്ന മേൽവിലാസം ആദ്യമായി ചാർത്തിയത് ശ്യാം ആയിരുന്നു. ആ ഗുരുസ്മരണയിൽ നിന്നാണ് ‘ശ്യാമസന്ധ്യ’ സംഘടിപ്പിച്ചതും.
പരിപാടി നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഉണ്ണിമേനോനെ തേടി മറ്റൊരു ബഹുമതിയുമെത്തി. തമിഴ്നാട് സർക്കാരിന്‍െറ ‘കലൈമാമണി’ പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തെന്ന വാർത്തയായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.