ചെന്നൈ: അറുപതാണ്ടായി പെയ്യുന്ന സംഗീതമധുമഴക്ക് വിരാമം. വസന്തകാകളി നിറച്ച കണ്ഠത്താല്‍ കേള്‍വിയെ കോരിത്തരിപ്പിച്ച ഗായിക എസ്. ജാനകി ഇനി പാടില്ല. ‘പത്തു കല്‍പനകള്‍’ എന്ന മലയാളചിത്രത്തിലെ ‘അമ്മപ്പൂവിന്’ എന്ന താരാട്ടുപാടിയാണ് അവര്‍ സംഗീതജീവിതം അവസാനിപ്പിക്കുന്നത്. ‘ഇത് എന്‍െറ അവസാന ഗാനമാണ്. ഇനിയൊരിക്കലും പാട്ട് റെക്കോഡ് ചെയ്യില്ല. സ്റ്റേജ് ഷോയിലും മറ്റു പരിപാടികളിലും പാടില്ല’; അവര്‍ വെളിപ്പെടുത്തി. ‘78 വയസ്സായി. നിരവധി ഭാഷകളില്‍ പാടി. മതിയാവോളം പാടി എന്നു ഞാന്‍ കരുതുന്നു, ഇനി വിശ്രമിക്കണം’ -അവര്‍ പറഞ്ഞു.
ദക്ഷിണേന്ത്യയുടെ വാനമ്പാടിയായി വിശേഷിപ്പിക്കപ്പെടുന്ന ജാനകി ഇന്ത്യന്‍ സിനിമാസംഗീതത്തിലെ എക്കാലത്തെയും സുന്ദരഗാനങ്ങളുടെ ശബ്ദത്തിനുടമയാണ്. തന്‍െറ ശബ്ദത്തെ അനശ്വരമാക്കിയ ഭാഷയെതന്നെ മംഗളം പാടി അവസാനിപ്പിക്കാന്‍ അവര്‍ തെരഞ്ഞെടുത്തത് സ്വഭാവികം. 1957ല്‍ 19ാം വയസ്സില്‍ ‘വിധിയിന്‍ വിളയാട്ട്’ എന്ന തമിഴ്ചിത്രത്തില്‍ ടി. ചലപ്പതി റാവു ഈണമിട്ട പാട്ടുപാടിയാണ് ജാനകി സിനിമാ സംഗീതത്തിലത്തെുന്നത്. ഇതുവരെ 48,000ഓളം പാട്ടുകള്‍ പാടി. നാല് ദേശീയ പുരസ്കാരങ്ങള്‍, 32 സംസ്ഥാന അവാര്‍ഡുകള്‍ എന്നിവ നേടി. 11 തവണ മികച്ച ഗായികക്കുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡിന് അര്‍ഹയായി.
1977ല്‍ ‘പതിനാറുവയതിനിലേ’ എന്ന തമിഴ് ചിത്രത്തിലെ ‘സിന്ദൂരപ്പൂവേ...’ എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്കാരം. 1980ല്‍ ‘ഓപ്പോള്‍’ എന്ന മലയാളചിത്രത്തിലെ ‘ഏറ്റുമാനൂരമ്പലത്തില്‍...’ എന്ന ഗാനത്തിനും ദേശീയ അവാര്‍ഡ് ലഭിച്ചു. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കിയെങ്കിലും അവര്‍ അത് നിരസിച്ചു.
അനൂപ് മേനോന്‍, മീര ജാസ്മിന്‍ എന്നിവര്‍ പ്രധാന വേഷത്തിലത്തെുന്ന ‘പത്തു കല്‍പനകള്‍’ എന്ന സിനിമയുടെ സംഗീതം മിഥുന്‍ ഈശ്വര്‍ ആണ്. ജാനകിയുടെ സംഗീതജീവിതത്തിന് അരനൂറ്റാണ്ട് തികയുന്നവേളയില്‍ കോഴിക്കോട്ട് നടന്ന പരിപാടിയിലാണ് മിഥുന്‍ അവരെ കണ്ടത്. ‘ശൃംഗാര വേലനേ ദേവാ...’ എന്ന പ്രശസ്തഗാനം മിഥുന്‍ വയലിനില്‍ വായിച്ചത് ജാനകിക്കിഷ്ടമായി. അങ്ങനെയാണ് ‘പത്തു കല്‍പനകള്‍’ എന്ന ചിത്രത്തിലെ പാട്ട് പാടാമെന്ന് അവര്‍ സമ്മതിച്ചത്. കഴിഞ്ഞമാസം ഹൈദരാബാദിലായിരുന്നു ജാനകിയുടെ അവസാന ഗാനത്തിന്‍െറ റെക്കോഡിങ്. സന്തോഷത്തോടെയാണ് അവര്‍ റെക്കോഡിങ് പൂര്‍ത്തിയാക്കിയതെന്ന് മിഥുന്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.