തിരുവനന്തപുരം: കണ്ണീരിൽകുതിർന്ന പ്രാർഥനകൾക്ക് നടുവിൽ വയ ലിൻ മാന്ത്രികൻ ബാലഭാസ്കറിനെ ശാന്തികവാടത്തിലെ വൈദ്യുതശ്മശാനം ഏറ്റുവാങ്ങി. പ്രിയ വയലിൻ ഇടനെഞ്ചിൽ ചേർത്തുെവച്ചായിരുന്നു വീടായ ഹിരൺമയയിൽനിന്ന് ശാന്തികവാടത്തിലേക്കുള്ള അന്ത്യയാത്ര. സുഹൃത്തുക്കളുടെ തേങ്ങലുകൾക്കിടയിലും ആ വയലിൻ മൂകമായിരുന്നു, തെൻറ ചങ്ങാതിയെപ്പോലെ...
അന്ത്യകർമങ്ങൾക്കുശേഷം രാവിലെ 11ന് തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ആയിരങ്ങളാണ് ഹിരൺമയയിലും ശാന്തികവാടത്തിലും ഒഴുകിയെത്തിയത്. രാവിലെ 10.15 ഒാടെ മൃതദേഹം ശാന്തികവാടത്തിലേക്കെടുത്തു. ബാലഭാസ്കറിെൻറ സംഗീതജീവിതത്തിലെ മുറിച്ചുമാറ്റാനാകാത്ത സാന്നിധ്യമായ ശിവമണിയും സ്റ്റീഫൻ ദേവസിയും ആംബുലൻസിൽ ഒപ്പമിരുന്നു. വിലാപയാത്ര നിശ്ചയിച്ചിരുന്നില്ലെങ്കിലും സഹപ്രവർത്തകരും ആരാധകരും ബന്ധുക്കളും അനുഗമിച്ചതോടെ അതൊരു കണ്ണീർയാത്രയായി. രാവിലെ 11 ഒാടെ സംസ്കാരച്ചടങ്ങ് തുടങ്ങി. പൊലീസ് ഉപചാരമർപ്പിച്ചതിനെ തുടർന്ന് പിതൃസഹോദര പുത്രൻ അന്ത്യകർമം ചെയ്തു. 11.30 ഒാടെ ശിവമണിയുടെയും സ്റ്റീഫൻ ദേവസിയുടെയും നേതൃത്വത്തിൽ മൃതദേഹം ചിതയിലേക്കെടുത്തു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.കെ. ബാലൻ, വി.എസ്. സുനിൽകുമാർ, എം.എം. മണി, രാമചന്ദ്രൻ കടന്നപ്പള്ളി, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, എം. വിജയകുമാർ തുടങ്ങിയവർ ശാന്തികവാടത്തിലെത്തിയിരുന്നു. സെപ്റ്റംബർ 25 നു പുലർച്ച പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം കാറപകടത്തിൽ പരിക്കേറ്റ ബാലഭാസ്കർ ചൊവ്വാഴ്ച പുലർച്ചയാണ് മരിച്ചത്. ഏകമകൾ ഒന്നരവയസ്സുകാരി തേജസ്വിനി ബാല (ജാനി) തൽക്ഷണം മരിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള ഭാര്യ ലക്ഷ്മി മകളുടെയോ ഭർത്താവിെൻറയോ വേർപാട് അറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.