തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തനിക്ക് മാത്രമായി പ്രവേശനം അനുവദിച്ചാല്‍ പോകില്ലെന്ന് ഗായകൻ യേശുദാസ്. പൂർണ ഭക്തിയും വിശ്വാസവും ഉള്ള ഏവര്‍ക്കും ക്ഷേത്രദര്‍ശനം അനുവദിക്കുന്ന കാലത്തേ താന്‍ പോകൂ. അവരില്‍ ഏറ്റവും അവസാനത്തെ ആളായിട്ടായിരിക്കും താന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുക -അദ്ദേഹം പറഞ്ഞു. തൃശൂർ തെക്കേമഠം ശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ ശങ്കരപത്മം പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗുരുവായൂർ അമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും’ എന്ന ഗാനം വയലാർ എഴുതിയതാണ്. ഇൗശ്വര കൃപയാൽ അത് എനിക്ക് പാടാൻ അവസരം ലഭിച്ചു. സമയമാകുമ്പോള്‍ ക്ഷേത്ര അധികാരികള്‍ അമ്പലനട എല്ലാവർക്കുമായി തുറക്കും. ഗുരുവായൂർ അമ്പലനടയിൽ ഒരു ദിവസം എല്ലാവരും പോകും. പ്രവേശനം അനുവദിക്കാത്തകാലത്തോളം താന്‍ പോകില്ല. തെൻറ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തെക്കുറിച്ച് ദേവസ്വം അധികാരികള്‍ തീരുമാനിച്ചോട്ടെ. അവരുടെ തീരുമാനം എന്തായാലും തനിക്ക് പ്രശ്നമില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ശേഷം മാത്രമെ താന്‍ മറ്റു ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ കയറുകയുള്ളൂ -അദ്ദേഹം പറഞ്ഞു.
ഭാരതീയ സംസ്കാരത്തിൽ നിധിയായി കിടക്കുന്ന വേദങ്ങളെ മതത്തിെൻറ ചട്ടക്കൂട്ടിൽ ഒതുക്കരുത്. വേദങ്ങൾ എല്ലാവരും പഠിച്ചാൽ ലോകസമാധാനം ഉണ്ടാകും -യേശുദാസ്പറഞ്ഞു. തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി അധ്യക്ഷത വഹിച്ചു. മാടമ്പ് കുഞ്ഞുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പ്രഫ. എം. മാധവൻകുട്ടി, പ്രഫ. ടി.കെ. ദേവനാരായണൻ, പ്രഫ. പി.സി. മുരളീധരൻ എന്നിവർ സംസാരിച്ചു. വടക്കുമ്പാട്ട് നാരായണൻ സ്വാഗതവും അഡ്വ. പി. പരമേശ്വരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.