എക്കാലത്തും പ്രസക്തമായ മതസമഭാവനയുടെ അതിശക്തമായ സന്ദേശം പാടി കേരളത്തിന് ശുദ്ധസംഗീതത്തിെൻറ സ്വരസ് ഥാനങ്ങൾ സമ്മാനിച്ച ഗന്ധർവനാദത്തിന് ഇന്ന് 80 വയസ്സ്. കെ.ജെ. യേശുദാസ്, മലയാളത്തിെൻറ ദാസേട്ടൻ. ആറു പതിറ്റാ ണ്ടായി ദിവസത്തിൽ ഒരു തവണയെങ്കിലും മലയാളിയുടെ കാതിൽ തേൻമഴയായി പെയ്തിറങ്ങുന്നു ഈ രാഗമാധുര്യം. ലോകത്ത് മലയാള ി ഉള്ളിടത്തെല്ലാം ദാസേട്ടെൻറ പാട്ടുമുണ്ട്. ആ അർഥത്തിൽ ലോകഗായകനായി വാഴ്ത്താം ഇൗ നാദ വിസ്മയത്തെ. സന്ത ോഷം, ദുഃഖം, പ്രണയം, വിരഹം, ഉല്ലാസം, ഭക്തി തുടങ്ങി എല്ലാ അനുഭൂതികളും ദാസേട്ടെൻറ ആലാപനത്തിലൂടെ മലയാളിക്കാ യി ആവിഷ്കരിക്കപ്പെട്ടു.
പതിറ്റാണ്ടുകളോളം രണ്ടാമതോ മൂന്നാമതോ പോലും ആരുമില്ലാത്ത വിധം മലയാള സിനിമാ ഗാനരംഗത്ത് ഒന്നാമനായിരുന്നു യേശുദാസ്. അതേ കാലത്തുതന്നെ കച്ചേരികളിലൂടെ ശാസ്ത്രീയ സംഗീത േപ്രമികളുടെ മനസിലും പ്രഥമസ്ഥാനത്ത് അദ്ദേഹം കുടിയേറി. നസീർ, മധു, സത്യൻ/ ജയൻ, സുകുമാരൻ, സോമൻ/ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി/ തുടങ്ങി അതത് കാലഘട്ടത്തിലെ നായകത്രയങ്ങൾ മാത്രമല്ല പുതുതലമുറയിലെ നിവിൻ പോളി അടക്കമുള്ള താരങ്ങൾ തിരശ്ശീലയിൽ അദ്ദേഹത്തെ ഏറ്റുപാടി. ഇന്നത്തെ നായകർക്ക് അദ്ദേഹത്തിേൻറതു പോലെ മധുരവും പരിഷ്കൃതവുമായ ശബ്ദം ആവശ്യമില്ലെന്ന് പറയുേമ്പാൾ പോലും മലയാളത്തിന് ഒരു ‘ലീഡ്’ ഗായകൻ ഇല്ലാത്തത് യേശുദാസിന് പകരക്കാരനില്ലെന്നത് അടിവരയിടുന്നു
കമുകറ പുരുഷോത്തമൻ, മെഹബൂബ്, കെ.പി. ഉദയഭാനു, എ.എം. രാജ, സി.ഒ. ആേൻറാ, പി.ബി. ശ്രീനിവാസ് തുടങ്ങിയവരെയൊക്കെ മറികടന്ന് ഏത് റേഞ്ചിലും പാടുന്ന ദാസിെൻറ മധുരശബ്ദം എത്തിയതോടെ എങ്ങിനെ വേണമെങ്കിലും പാട്ട് കേമ്പാസ് ചെയ്യാനുള്ള സ്വാതന്ത്ര്യവും സംഗീത സംവിധായകർക്ക് ലഭിച്ചു. ദക്ഷിണാമൂർത്തി, ദേവരാജൻ, കെ.രാഘവൻ, ബാബുരാജ്, എം.കെ. അർജുനൻ, എം.എസ്. വിശ്വനാഥൻ എന്നിവരുടെ കാലത്തിനു ശേഷം എ.ടി. ഉമ്മർ, കെ.ജെ. ജോയ്, ശ്യാം, ജെറി അമൽദേവ് തുടങ്ങിയവരിൽ എത്തുമ്പോൾ ദാസിന്റെ ആലാപനത്തിന്റെ അനായാസ കാലമായി. രവീന്ദ്രൻ, ജോൺസൺ, എം. ജയചന്ദ്രൻ എന്നിവരിലേക്ക് എത്തിയപ്പോൾ വീണ്ടും ആലാപനവെല്ലുവിളികളുടെ ഈണങ്ങൾ പിറന്നു. യേശുദാസിൽ ഏഴു ശൈലിയിലുള്ള ഗായകർ ഉണ്ടെന്നാണ് സ്വര വിദഗ്ധരുടെ നിരീക്ഷണം. അങ്ങിനെ ദൈവം ശ്രുതിയിട്ട സപ്തസ്വരങ്ങളോടാണ് യേശുദാസിെൻറ സമകാലികർക്ക് മത്സരിക്കേണ്ടി വന്നതും.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സംസ്കൃതം, ബംഗാളി, ഒറിയ, കശ്മീരി, പഞ്ചാബി, ആസാമി, കൊങ്കിണി തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും അറബിക്, ഇംഗ്ലീഷ്, റഷ്യൻ, ലാറ്റിൻ, ചൈനീസ് തുടങ്ങി വിദേശ ഭാഷകളിലും അദ്ദേഹം സംഗീതമുദ്ര ചാർത്തി. പാടിയ 80,000ത്തിനടുത്ത് ഗാനങ്ങൾക്കും പത്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ തുടങ്ങിയ ബഹുമതികൾക്കും ദേശീയ അവാർഡുകൾ അടക്കമുള്ള അസംഖ്യം പുരസ്കാരങ്ങൾക്കും അപ്പുറം അരനൂറ്റാണ്ടിലേറെ പ്രതിഭ നിലനിർത്താനായത് ശ്വാസത്തിൽ പോലും സംഗീതമുള്ള യേശുദാസിനെ വേറിട്ട് നിർത്തുന്നു.
അഭിനേതാവെന്ന നിലക്കും യേശുദാസ് മലയാള സിനിമയിൽ സ്വന്തം അടയാളം പതിച്ചിട്ടുണ്ട്. നസീർ നായകനായ 1965ലെ ‘കാവ്യമേള’ മുതൽ 2012ൽ ഇറങ്ങിയ ‘തെരുവുനക്ഷത്രങ്ങൾ’ വരെയുള്ള 11 സിനിമകൾ. മിക്കതിലും ഗായകെൻറ വേഷമായിരുന്നെങ്കിലും ‘കായംകുളം കൊച്ചുണ്ണി’യിലെ ഖാദർ എന്ന ഉപനായകനും ‘അനാർക്കലി’യിലെ താൻസനുമൊക്കെ ദാസിലെ അഭിനയ പ്രതിഭയെയും ലോകത്തിന് കാണിച്ചുകൊടുത്തു.
പതിറ്റാണ്ടുകൾക്കു മുൻപു കണ്ട അതേ കണിശതയോടെയും സമർപ്പണത്തോടെയും എൺപതാം വയസ്സിലും സംഗീതം ഉപാസിക്കുന്നത് ഗുരുക്കന്മാർക്കുള്ള ദക്ഷിണയാണെന്നാണ് യേശുദാസ് പറയുന്നത്. ചെൈമ്പ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനാകാൻ കഴിഞ്ഞത് ജന്മസുകൃതമായി കരുതുന്ന യേശുദാസ് എന്നും സൂക്ഷിക്കുന്നൊരു ജന്മദിന സമ്മാനമുണ്ട്. 33ാം ജന്മദിനത്തിൽ ചെൈമ്പ സമ്മാനിച്ച തംബുരു. ഈ തംബുരുവിൽ ശ്രുതിയിട്ട് പഠിച്ച മകൻ വിജയ് യേശുദാസിനെ സംഗീത വഴിയിൽ പിതാവിന് പിൻഗാമിയായി കൈരളിക്ക് ലഭിച്ചു. ഇപ്പോൾ വിജയ് യേശുദാസിെൻറ മകൾ അമേയയെ അരികിലിരുത്തി സംഗീതപാഠങ്ങൾ പകർന്നു നൽകുന്നു യേശുദാസ്.
അഗസ്റ്റിൻ ജോസഫ്, യേശുദാസ്, വിജയ്, അമേയ... തലമുറകളിലൂടെ ഒഴുകുകയാണ് ഈ സ്വരരാഗ ഗംഗ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.