കുറ്റ്യാടി: പ്രശസ്ത മാപ്പിളപ്പാട്ടു ഗായകൻ കുറ്റ്യാടി ചെറിയകുമ്പളം കൂടക്കടവത്ത് ഹമീദ് ഷർവാനി (65) നിര്യാതനായി. ‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’ എന്ന പാട്ടിലൂടെ ശ്രദ്ധേയനായ ഷർവാനി അടുക്കത്ത് എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. വിരമിച്ച ശേഷം ഖത്തറിലും ദുബൈയിലുമായി ബിസിനസ് രംഗത്ത് പ്രവർത്തിച്ചിരുന്നു. രോഗബാധിതനായിരുന്ന അദ്ദേഹം ചെറിയകുമ്പളത്തെ വീട്ടിൽ വിശ്രമത്തിലായിരുന്നു. പ്രമുഖ പണ്ഡിതൻ പരേതനായ എം. അബ്ദുല്ലക്കുട്ടി മൗലവിയുടെയും എം.കെ. ഫാത്തിമയുടെയും മകനാണ്.
പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് റഹീം കുറ്റ്യാടി എഴുതിയ പാട്ടുകളാണ് കൂടുതലും ഷർവാനി ആലപിച്ചത്. നാട്ടിലും ഗൾഫിലുമായി നിരവധി സ്റ്റേജ് പരിപാടികൾ നടത്തിയിട്ടുണ്ട്. 1975ൽ എം.ഇ.എസ് ആഭിമുഖ്യത്തിൽ കോഴിക്കോട്ട് നടത്തിയ അഖില കേരള മാപ്പിളപ്പാട്ട് മത്സരത്തിൽ മികച്ച ഗായകനുള്ള സ്വർണമെഡൽ നേടി. ഇതേ വർഷം തലശ്ശേരിയിൽ നടന്ന മത്സരത്തിലും അവാർഡ് ലഭിച്ചു. തേൻതുള്ളി എന്ന സിനിമയിൽ പാടി അഭിനയിച്ചിട്ടുണ്ട്. കുറ്റ്യാടിയിലെ ആദ്യകാല കലാസംഘടനയായ ആസാദ് കലാമന്ദിറിെൻറ ശിൽപികളിലൊരാളാണ്.
മക്കൾ: ഷമീർ ഷർവാനി, ഷബ്ന. മരുമക്കൾ: സബീദ തൂണേരി, സാജിദ്. സഹോദരങ്ങൾ: ഖദീജ വാഴക്കാട്, കുഞ്ഞിമറിയം, എ.എ.റഹീം കുറ്റ്യാടി, നഫീസ, മഹമൂദ് മാസ്റ്റർ(റിട്ട. അധ്യാപകൻ ചെറിയകുമ്പളം ഗവ. എൽ.പി സ്കൂൾ), അബ്ദുൽ കരീം അബ്ദുല്ല, റുഖിയ അബ്ദുൽ ജലീൽ അബ്ദുല്ല, അബ്ദുൽ മജീദ് അബ്ദുല്ല, ഷരീഫ, നൂറുദ്ദീൻ പരേതനായ എം. സൈനുദ്ദീൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.