മലപ്പുറം: ‘മിഴിയില്‍ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയി നമ്മള് മെല്ലെ... മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ നമ്മള് തമ്മില്‍ മെല്ലെ’... ‘മായാനദി’യിലെ പാട്ട് കേട്ടവർ പറയും, ഇത് ഷഹബാസ് അമൻ പാടേണ്ടതുതന്നെ. ആസ്വാദകർ അറിഞ്ഞ് നൽകുന്ന വിശേഷണത്തിലേക്ക് ഒന്ന് കൂടിയെത്തി -മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം.
2005ൽ പുറത്തിറങ്ങിയ ‘ചാന്തുപൊട്ട്’ മുതൽ സിനിമക്കൊപ്പം ഷഹബാസുണ്ട്. പാട്ട് ചോദിച്ച് ആരെയും സമീപിച്ചില്ല. പാടേണ്ടതും സംഗീതം നിർവഹിക്കേണ്ടവയും തേടിയെത്തി. ദുഃഖഭരിതവും ഭാവപൂർണവുമായ ശബ്ദവും, പ്രത്യേകതയുള്ള ആലാപനവുമായി ആസ്വാദകരുടെ ഹൃദയത്തിലേക്ക് തോണി തുഴഞ്ഞെത്തി.
13 വർഷങ്ങൾ ദീർഘ കാലയളവാണ്. ചുരുക്കം സിനിമകൾ, എണ്ണിപ്പറയാൻ കഴിയുന്ന പാട്ടുകൾ. എന്നാൽ, അവ മതി ഷഹബാസിനെ ഒാർക്കാൻ. ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത് (ചാന്തുപൊട്ട്), ഇഷ്ടമല്ലേ (ചോക്ലേറ്റ്), കായലിനരികെ, സമ്മിലൂനി, കണ്ടുരണ്ട് കണ്ണ് (അന്നയും റസൂലും), ഇൗ രാത്രിയിൽ (ഷട്ടർ), കിഴക്കു കിഴക്കു (ദൈവത്തിെൻറ സ്വന്തം ക്ലീറ്റസ്), പത്തേമാരി (പത്തേമാരി), ആ നമ്മളു കണ്ടില്ലന്ന (ബാല്യകാലസഖി) തുടങ്ങിയ പാട്ടുകൾ സ്വന്തം ശൈലിയിൽ മലയാളി ആസ്വദിച്ചു. പിന്നണിഗായകൻ, സംഗീത സംവിധായകൻ എന്നതിനൊപ്പം മലയാളി ഷഹബാസിനെ ഹൃദയത്തോട് ചേർത്തുവെക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്-ഗസലും സൂഫിസംഗീതവും തീവ്രമായി അനുഭവിപ്പിച്ചയാൾ. ബാങ്കുവിളിയിലും ഒാത്തിലും സംഗീതം കണ്ടെത്തിയ കുട്ടിക്കാലം. ബാല്യകാലത്ത് റഫീഖ് എന്ന പേരിലറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിെൻറ ശ്രുതിമധുരമായ ബാങ്കൊലി ജന്മനാടായ മലപ്പുറം കുന്നുമ്മലിലെ മസ്ജിദുൽ ഗഫാറിൽനിന്ന് നാട്ടുകാർ എത്രയോ കേട്ടു. മലപ്പുറത്തെ ഫുട്ബാൾ മൈതാനങ്ങളിൽ നിറഞ്ഞുനിന്ന യൗവനം. വരയുടെ വർണങ്ങളിൽ മുഴുകി കുറച്ചുകാലം.
പാട്ടിനെ സ്നേഹിക്കുന്ന മലപ്പുറം കൂട്ടായ്മയാണ് ശബ്ദത്തിനും ഭാവത്തിനും മൂർച്ചകൂട്ടിയത്. സൈഗാളും റാഫിയും മുകേഷും, നാടകഗാനങ്ങളും ഒഴുകി. അടുപ്പക്കാരൊക്കെ റഫീഖിനെ റാഫിയെന്ന് വിളിച്ചുതുടങ്ങി.
മലപ്പുറത്തെ ഗഫൂർഭായിയിൽനിന്ന് ഹാർമോണിയം പാഠങ്ങൾ പഠിച്ചതോടെ പൂർണമായി സംഗീതത്തിൽ അലിഞ്ഞു. സോള്‍ ഓഫ് അനാമിക ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്, നീയും നിലാവും, ജൂണ്‍ മഴയിൽ, സഹയാത്രിക, അലകള്‍ക്ക് തുടങ്ങിയ ആൽബങ്ങൾ പുറത്തിറങ്ങി. കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ ഷഹബാസ് നിറഞ്ഞുപാടി.
മലപ്പുറം കോട്ടക്കുന്നിലെ മരക്കാരുടെയും കുഞ്ഞിപ്പാത്തുവിെൻറയും അഞ്ച് മക്കളിൽ മൂന്നാമനാണ്. ഭാര്യ: അനാമിക. മകൻ: അലൻ റൂമി. പുറത്തിറങ്ങാനിരിക്കുന്ന ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയിൽ ഷഹബാസിെൻറ പാട്ടുണ്ട്.
‘നിറഞ്ഞ സന്തോഷം’
മലപ്പുറം: പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് ഷഹബാസ് അമൻ. ഒരുപാട് പേരുടെ ശ്രദ്ധ നമ്മിലേക്ക് വരുന്ന നിമിഷമാണിത്. തെൻറ പുതിയതും പഴയതുമായ പാട്ടും സംഗീതവും ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ ഇതിടയാക്കുമെന്നും ഷഹബാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.