ന്യൂഡൽഹി: സംഘ്പരിവാർ കേന്ദ്രങ്ങൾ വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടതോടെ പ്രമുഖ കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണയുടെ കച്ചേരി എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ ഉപേക്ഷിച്ചു. ദേശവിരുദ്ധൻ, അർബൻ നക്സൽ, ജീസസിനും അല്ലാഹുവിനും വേണ്ടി പാടുന്നവൻ തുടങ്ങിയ വാദങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ സംഘ്പരിവാർ പ്രചരിപ്പിച്ചു. ഇതേത്തുടർന്ന് നവംബര്‍ 17, 18 തീയതികളിലായി ഡൽഹി ചാണക്യപുരിയിൽ നടത്താനിരുന്ന സംഗീത, നൃത്ത പരിപാടിയിൽനിന്നും ടി.എം. കൃഷ്ണയുടെ കച്ചേരി എയർപോർട്ട് അതോറിറ്റി ഒഴിവാക്കുകയായിരുന്നു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു, റെയില്‍വേ മന്ത്രി പീയുഷ് ഗോയൽ, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥർ തുടങ്ങിയവരെ ടാഗ് ചെയ്തായിരുന്നു സംഘ്പരിവാർ കാമ്പയിൻ.
അതേസമയം, ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും നവംബര്‍ 17ന് ഡല്‍ഹിയില്‍ എവിടെ വേദി കിട്ടിയാലും സംഗീത കച്ചേരി നടത്തുമെന്നും ടി.എം. കൃഷ്ണ പ്രതികരിച്ചു. സാമൂഹികമായ നിലപാടുകളുടെ പേരിലും ബി.ജെ.പി വിരുദ്ധതയുടെ പേരിലും ഏറെക്കാലമായി തന്നെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അല്ലാഹുവും ക്രിസ്തുവും രാമനും ഭേദമില്ലാത്ത ബഹുസ്വരതയുള്ള രാജ്യമാണിത്. ഭരണപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന ‘ട്രോള്‍ ആര്‍മി’ തന്നെ ക്രൈസ്തവ പക്ഷപാതിയായും മതമാറ്റക്കാരനായും അര്‍ബന്‍ നക്സലായും ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ക്ഷണം തിങ്കളാഴ്ച കൃഷ്ണ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ, സര്‍ക്കാറിനെ വിമര്‍ശിച്ചതുകൊണ്ടോ, സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിെൻറയോ പശ്ചാത്തലത്തിലോ അല്ല ടി.എം. കൃഷ്ണയുടെ പരിപാടി ഉപേക്ഷിച്ചതെന്നും ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ ആ ദിവസം വന്നുചേര്‍ന്നതാണ് പ്രശ്നമെന്നുമാണ് എയർപോർട്ട് അതോറിറ്റിയുടെ വിശദീകരണം. ഇതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ താൽപര്യപ്പെടുന്നില്ലെന്നും അതോറിറ്റി ഡയറക്ടർ ഗുരുപ്രസാദ് മഹാപാത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.