വയലാര്‍ ഗാനങ്ങളില്‍ സംബോധന എത്രത്തോളം?                                         

ഗാനരചനയില്‍ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയ കവിയാണ് വയലാര്‍ രാമവര്‍മ്മ. അദ്ദേഹം തനതായി വാര്‍ത്തെടുത്ത ശൈലി  ഏതുതരക്കാരെയും ഒരുപോലെ രസിപ്പിച്ചു. മണിപ്രവാളപദങ്ങള്‍ ഗാനങ്ങള്‍ക്ക് അലങ്കാരമായി മാറ്റിയപ്പോഴും ആശയത്തിന്‍്റെ ഗരിമ കാത്തുസൂക്ഷിക്കണമെന്ന നിഷ്ഠ വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം പിന്തുടര്‍ന്നു. ആയുസ്സിന്‍റെ പുസ്തകത്തില്‍ വിധി 47 വസ്സുവരെ മാത്രം എഴുതിച്ചേര്‍ക്കുകയും ഗാനനിര്‍മ്മിതിയില്‍ രണ്ടു പതിറ്റാണ്ടുകള്‍ തികയാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കുകയും ചെയ്തപ്പോള്‍ ഈ ലോകത്തോടു തന്നെ എന്നെന്നേക്കുമായി യാത്ര പറഞ്ഞ അദ്ദേഹം ഇക്കാലയളവിനുള്ളിലാണ് രത്നങ്ങളെന്ന് കണ്ണുമടച്ചു വിശേഷിപ്പിക്കാവുന്ന സകല ഗാനങ്ങളും കൈരളിക്ക് കാഴ്ചവച്ചത്.
 ഉദ്ബോധനം അഥവാ വിശദീകരണം, അതുമല്ളെങ്കില്‍ പേരുചൊല്ലിവിളിക്കല്‍ എന്ന് പറയാവുന്ന സംബോധന വയലാര്‍ രാമവര്‍മ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നുവോ? അങ്ങനെ കരുതാന്‍ തക്ക ന്യായങ്ങളുണ്ട് അദ്ദേഹത്തിന്‍റെ ഗാനങ്ങളില്‍. ആ തൂലിക ജന്മം നല്‍കിയ നല്ളൊരു ശതമാനം ഗാനങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും സംബുദ്ധി കടന്നു വന്നിട്ടുണ്ട്. ഇവിടെ അത് ഒരു കുറവായി പറയുകയല്ല. മറിച്ച് വയലാറിന്‍്റെ രചനയുടെ രസതന്ത്രം ആ വഴിക്കായിരുന്നുവെന്ന് ഒരു എളിയ ആസ്വാദകന്‍റെ പക്ഷത്തുനിന്നുകൊണ്ട് ചിന്തിക്കുക മാത്രമാണ് ചെയ്യുന്നത്. രചനയുടെ പ്രാഭവം കൊണ്ട് പലരും അത് തിരിച്ചറിഞ്ഞില്ല എന്നതത്രേ വാസ്തവം.
                  1956ല്‍ പ്രദര്‍ശനത്തിനു വന്ന ‘കൂടപ്പിറപ്പ്’ ആണ് വയലാര്‍ രാമവര്‍മ്മ ആദ്യമായി ഗാനരചന നിര്‍വഹിച്ച ചിത്രം. അതിലെ ഏറെ പ്രശസ്തി നേടിയ,
                      ‘തുമ്പീ തുമ്പീ വാ വാഈ 
                      തുമ്പത്തണലില്‍ വാ വാ’ എന്ന ഗാനം അദ്ദേഹത്തിന്‍റെ തൂലികയില്‍ നിന്ന് പുറത്തുവന്ന കന്നിരചനയായി പൊതുവെ പരിഗണിച്ചു പോരുന്നു. അങ്ങനെയാണെങ്കില്‍ ആദ്യഗാനം പോലും സംബോധനയെ കൂട്ടുപിടിച്ചുകൊണ്ടാണ് അദ്ദേഹം എഴുതിയത് എന്നു വരുന്നു.
ആലുവാപ്പുഴയുടെ കുറുകെ നിരത്തിലൂടെ പലതവണ സഞ്ചരിച്ചിട്ടുള്ള കവി അപ്പോഴൊക്കെയും അതിന്‍െറ അകൃത്രിമ സൗന്ദര്യത്തില്‍ ആകൃഷ്ടനായിട്ടുണ്ട്. പര്‍വതനിരയുടെ പനിനീരായും കുളിരുംകൊണ്ട് കുണുങ്ങി നടക്കുന്ന മലയാളിപ്പെണ്ണായും ആ പുഴയെ കണ്ട അദ്ദേഹത്തിന് അതിനോട് സംവദിക്കേണ്ടിവന്നപ്പോള്‍  ‘പെരിയാറേ  പെരിയാറേ’ എന്ന് സംബോധന ചെയ്യാതെ വയ്യെന്നായി,(ചിത്രം:  ഭാര്യ). അന്ത്യയാത്രക്ക് അകമ്പടിയായി കേള്‍ക്കുന്ന ഇതേ ചിത്രത്തിലെ ഗാനം ആരംഭിക്കുന്നതാകട്ടെ ‘ദയാപരനായ കര്ത്താവേ’ എന്നാണ്. 
ഗാനഗന്ധര്‍വന്‍ യേശുദാസ് തന്‍െറ ഗാനമേളയില്‍ സ്ഥിരമായി ആദ്യം പാടുന്നതാണ്,
                     ‘ഇടയകന്യകേ  പോവുക നീ 
                      ഈയനന്തമാം ജീവിതവീഥിയില്‍’ (ചിത്രം: മണവാട്ടി) എന്ന ഗാനം. മനുഷ്യപുത്രനെ ഇന്നല്ളെങ്കില്‍ നാളെ കണ്ടത്തൊനാകുമെന്ന് ആശ്വസിപ്പിക്കുന്ന ഈ ഗാനം ഇടയകന്യകയോടാണ് എന്നതിനാല്‍ സംബുദ്ധി ചെയ്യാതെ തരമില്ല എന്നുവന്നു. പലതുകൊണ്ടും ശ്രദ്ധേയമായ ‘ചെമ്മീനി’ന് വേണ്ടി വയലാര്‍ എഴുതിയ നാലു ഗാനങ്ങളും സംബോധനാധിഷ്ടിതമാണ് എന്നതത്രേ അദ്ഭുതം.‘കടലിനക്കരെ പോണോരേ’, ‘മാനസമൈനേ വരൂ’, ‘പുത്തന്‍വലക്കാരേ’, ‘പെണ്ണാളേ  പെണ്ണാളേ’ എന്നീ നാലു പാട്ടുകളും    കേള്‍ക്കാത്ത മലയാളികള്‍ ആരു കാണും? 
‘കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി’ എന്ന ഗാനം കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് വ്യക്തമാകുന്നു, വയലാര്‍ ആ പക്ഷിയോട് ആശയവിനിമയം ചെയ്യാന്‍ പോവുകയാണെന്ന്. അത് എന്താണെന്ന് അറിയാനുള്ള താല്‍പര്യം ആസ്വാദകര്‍ക്ക്  വര്‍ദ്ധിക്കുകയും ചെയ്യുന്നു. 
‘ഓടയില്‍ നിന്നി’ലെ ‘ഓ...റിക്ഷാവാലാ’ ആകട്ടെ,‘വണ്ടിക്കാരാ വണ്ടിക്കാരാ’ ആകട്ടെ,‘അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവന്‍ എപ്പൊവരും?’ ആകട്ടെ എല്ലാം സംബോധനാഗാനങ്ങളാണ്. ‘കാട്ടുതുളസി’ എന്ന ചിത്രത്തിലും ഇത് തന്നെയാണ് സ്ഥിതി. ‘മൈനാ മൈനാ’, ‘തുളസീ തുളസീ’, ‘സൂര്യകാന്തീ സൂര്യകാന്തീ’ എന്നീ മൂന്നു ഗാനങ്ങള്‍ ആ വകുപ്പില്‍പ്പെടുത്താവുന്നതായുണ്ട്. വൃശ്ചികമാസത്തിലെ അശ്വതി നക്ഷത്രത്തില്‍ ജനിച്ച അമ്മിണിക്കുട്ടന് ജാതകം കുറിക്കാന്‍ ആവശ്യപ്പെടുന്നത്‘റൌഡി’ എന്ന ചിത്രത്തില്‍ ഗാനരൂപേണ നാം കേട്ടു. ‘പക്ഷിശാസ്ത്രക്കാരാ കുറവാ’ എന്നു വിളിച്ചിട്ട് കാര്യങ്ങള്‍ നേരിട്ടുണര്‍ത്തിക്കുകയാണ് നായികക്കുവേണ്ടി തൂലികയേന്തിയ വയലാര്‍. ഇതേ ചിത്രത്തില്‍ ‘നീലാഞ്ജനക്കിളീ  നീലാഞ്ജനക്കിളീ’ എന്ന ഗാനവും കേള്‍ക്കാം. വാകച്ചാര്‍ത്തും തിരുവുടലഴകും കാണാറാകേണം എന്നറിയിക്കുന്നത് ഭഗവാന്‍ കൃഷ്ണനോടാണ്. ‘റൌഡി’യിലെ ആ ഗാനത്തിന്‍്റെ തുടക്കത്തില്‍ തന്നെ സംബോധനകള്‍ വേണ്ടുവോളമുണ്ട്. 
               ‘ഗോകുലപാലാ ഗോപകുമാരാ 
                ഗുരുവായൂരപ്പാ’ (പല്ലവിയുടെ ഒടുവില്‍‘കൃഷ്ണാ..’ എന്ന് വേറെയും കേള്‍ക്കാം.)
വയലാറിന്‍റെ ഈ രചനാശൈലിക്ക് നല്ല ഉദാഹരണങ്ങള്‍ ‘തിലോത്തമ’ എന്ന ചിത്രത്തിലുണ്ട്. നായകന് നായികയെ,
                 ‘പ്രിയേ പ്രണയിനീ പ്രിയേ മാനസ
                  പ്രിയേ പ്രണയിനീ പ്രിയേ’ എന്ന് സംബോധന ചെയ്യുമ്പോള്‍ മറ്റൊരു ഗാനത്തില്‍ നായിക നായകനെ വിളിക്കുന്നതിങ്ങനെ:
                  ‘ദേവകുമാരാ ദേവകുമാരാ
                   പ്രേമസരോരുഹമാലയിതണിയൂ’
              ഇഷ്ടമില്ലാത്ത വിവാഹം നടക്കാന്‍ പോകുന്ന ദിവസം തിലോത്തമ തോഴിമാരോട് പരിഭവം പങ്കുവെക്കുമ്പോഴും വയലാര്‍ സംബോധന കൈവെടിയുന്നില്ല. 
             ‘എഴരവെളുപ്പിനുണര്‍ന്നവരേ
              എന്‍റെ സഖിമാരേ’.
      ‘ഒള്ളതുമതി’ എന്ന ചിത്രത്തിനുവേണ്ടി പലരാണ് പാട്ടുകള്‍ എഴുതിയത്. വയലാര്‍ എഴുതിയ ഏക ഗാനത്തില്‍ സംബോധന ഒന്നല്ല രണ്ടുണ്ട്: ‘അജ്ഞാതസഖീ അത്മസഖീ’. 
      സ്വയം ദേവദാസിയായി മാറിക്കൊണ്ട് തന്നെ മറക്കാന്‍ ആവശ്യപ്പെടുന്ന നായികയുടെ ഗാനം ‘അഗ്നിപുത്രി’ എന്ന ചിത്രത്തിലാണ് നാം കേട്ടത്. 
      ‘കണ്ണുതുറക്കാത്ത ദൈവങ്ങളേ
       കരയാനറിയാത്ത ചിരിക്കാനറിയാത്ത 
       കളിമണ്‍ പ്രതിമകളേ’
       ഇവിടെയൊക്കെ സംബോധന എത്ര ശക്തവും  അതെ സമയം അവശ്യം വേണ്ടതുമാണെന്ന് തിരിച്ചറിയുക. 
       ‘അവള്‍’ എന്ന ചിത്രത്തിലെ നായികയെ നായകന്‍ ‘മൃണാളിനീ  മൃണാളിനീ ’ എന്ന് സംബോധന ചെയ്യുമ്പോള്‍ വെറും ഭംഗിവാക്കായല്ല അതു പരിണമിക്കുന്നത്. അര്‍ത്ഥവത്തായ പ്രയോഗം കൊണ്ട് വയലാര്‍ സംബോധനയുടെ ചരിത്രം തിരുത്തിക്കുറിക്കുകയാണുണ്ടായത്.
കസവുതട്ടമിട്ട് കാട്ടിലാടിനെ മേച്ചു നടക്കുന്ന പാല്‍വില്‍പനക്കാരിയെ‘പാല്‍ക്കാരീ പാല്‍ക്കാരീ ’ എന്നല്ലാതെ മറ്റെന്താണ് വിളിക്കുക? (ചിത്രം: കസവുതട്ടം) പ്രേമകഥയിലെ നായികയായിത്തീരുന്ന സുദിനമെന്നെന്ന് അന്വേഷിക്കുന്നതാരോടാണെന്ന് ഓര്‍മ്മയില്ളേ? ഇല്ളെങ്കില്‍ ഇതാ കേള്‍ക്കുക: ‘ബാല്യകാലസഖീസഖീ ബാല്യകാലസഖീ’(ചിത്രം: കുടുംബം). ‘പൂച്ചക്കണ്ണി’'യിലെ ‘ഗീതേ ഹൃദയസഖീ ഗീതേ’ എന്നാ ഗാനം കേള്‍ക്കുമ്പോള്‍ പേരുചൊല്ലി വിളിക്കുകയാണല്ളോ എന്ന് തോന്നും. പക്ഷേ ഹൃദയസഖിയായ ഗീതക്ക് വേറെ കണ്ടത്തെിയിരിക്കുകയാണ് ധിഷണാശാലിയായ വയലാര്‍ രാമവര്‍മ്മ. അതെ ചിത്രത്തിലെ ‘മുരളീ മുരളീ’ എന്ന ഗാനവും സംബോധനയില്‍ ഉരുത്തിരിഞ്ഞതുതന്നെ.
            ‘വധൂവരന്മാരേ പ്രിയ
             വധൂവരന്മാരേ
             വിവാഹമംഗളാശംസകളുടെ
             വിടര്‍ന്ന പൂക്കളിതാ ഇതാ’ (ചിത്രം: ജ്വാല) എന്ന ഗാനം നമുക്കു മറക്കാന്‍ പറ്റുമോ? ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഇങ്ങനെയല്ലാതെ എഴുതുന്നതെങ്ങനെ ? ‘സൂസി’യിലെ നായികയോട് ‘നിത്യകാമുകീ ഞാന്‍ നിന്‍ മടിയിലെ ചിത്രവിപഞ്ചികയാകാന്‍ കൊതിച്ചു’ എന്നു പറഞ്ഞ വയലാറിന്‍റെ നായകന്‍ ‘നാടന്‍പെണ്ണി’ലത്തെുമ്പോള്‍ ‘ഹിമാവാഹിനീ ഹൃദയഹാരിണീ’ എന്നാണ് സംബോധനചെയ്തത്. 
        വയലാറിന്‍റെ സംബോധനാഗാനങ്ങള്‍ മുഴുവനും പരാമര്‍ശിക്കാന്‍ തുനിഞ്ഞാല്‍ അതിന് ഒരു ഗ്രന്ഥം തന്നെ എഴുതേണ്ടി വരും. എനിക്കു തോന്നുന്നത് അദ്ദേഹം എഴുതിയ പാട്ടുകളില്‍ എഴുപത് ശതമാനവും അത്തരത്തിലുള്ളവയാണെന്നാണ്. ഏതു വിഷയം കൈകാര്യം ചെയ്തപ്പോഴും ഗാനത്തില്‍ മുടങ്ങാത്ത പതിവ് എന്നും അദ്ദേഹത്തിന്‍റെ ഈ രചനാരീതിയെ വിശേഷിപ്പിക്കാം. ഭക്തിഗാനങ്ങളെടുത്തു നോക്കുക. ‘കൊടുങ്ങല്ലൂരമ്മേ  കൊടുങ്ങല്ലൂരമ്മേ’ (കൊടുങ്ങല്ലൂരമ്മ),‘കൈലാസശൈലാധിനാധാ’ (സ്വാമി അയ്യപ്പന്‍), ‘ശുചീന്ദ്രനാഥാ’ (ദേവി കന്യാകുമാരി), ‘യെരുശലേമിന്‍ നാഥാ’ (സ്ഥാനാര്‍ത്ഥി സാറാമ്മ), ‘ഈശോ മറിയം ഒൗസേപ്പേ’(മയിലാടുംകുന്ന്), ‘നിത്യവിശുദ്ധയാ ംകന്യാമറിയമേ’(നദി),‘വിശുദ്ധനായ സെബസ്റ്റ്യാനോസേ’(പേള്‍വ്യു) ‘പിതാവേ  പിതാവേ’ (തൊട്ടാവാടി)........ഇനിയും   എത്രയെത്ര ഗാനങ്ങള്‍.
വയലാര്‍ എഴുതിയ പ്രണയഭംഗഗാനങ്ങള്‍ ഏതാണ്ടെല്ലാം തന്നെ ഈ വകുപ്പില്‍ പെടുതാവുന്നവയാണ്. ചിലത് പറയാം. ‘സുമംഗലീ’ (വിവാഹിത), ‘പ്രേമഭിക്ഷുകീ’ (പുനര്‍ജ്ജന്മം), ‘സന്ന്യാസിനീ’ (രാജഹംസം), ‘മാനസേശ്വരീ മാപ്പ് തരൂ’ (അടിമകള്‍)...
    പ്രചാരത്തില്‍ എന്നും മുന്നിട്ടു നില്‍ക്കുന്ന പ്രേമഗാനങ്ങളില്‍ ഒട്ടുമുക്കാലും നായികയെ (നായകനെ) സംബോധന ചെയ്തുകൊണ്ടുള്ളതാണ്. ഇതാ ചില ഉദാഹരണങ്ങള്‍.‘ചക്രവര്‍ത്തിനീ’ (ചെമ്പരത്തി), ‘മഞ്ജുഭാഷിണീ’ (കൊടുങ്ങല്ലൂരമ്മ), ‘യവന സുന്ദരീ’ (പേള്‍വ്യു), ‘അനുപമേ അഴകേ’ (അരനാഴികനേരം) , ‘കാമാക്ഷീ കാതരാക്ഷീ’ (കരിനിഴല്‍), ‘പ്രിയതമാ’(ശകുന്തള) ,‘  പ്രണയകലാവല്ലഭാ’ (തേനരുവി)...ഈ പട്ടിക എത്ര വേണമെങ്കിലും നീട്ടിക്കൊണ്ടു പോകാം. 
    ‘സഖാക്കളേ മുന്നോട്ട്’ (പുന്നപ്ര വയലാര്‍) എന്ന വാക്കുകള്‍ സഖാവ് പി. കൃഷ്ണപിള്ളയില്‍ നിന്ന് താന്‍ കടംകൊണ്ടതാണെന്ന് വയലാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, വിപ്ളവഗാനമെഴുതാന്‍ തയ്യാറെടുത്തപ്പോള്‍ മറ്റൊരാളിന്‍െറ വാക്കുകള്‍ ആയിട്ടുപോലും ‘സഖാക്കളേ’ എന്ന സംബോധന കൊണ്ടുതന്നെ ഗാനം ആരംഭിക്കാമെന്നു കവി കരുതി. തത്ത്വചിന്താപരമായ 
ഗാനങ്ങള്‍ എഴുതേണ്ടിവന്നപ്പോഴും വയലാര്‍ ഒളിച്ചല്ല തെളിച്ചു തന്നെ സംബോധനയെ ഉപയോഗപ്പെടുത്തി. ‘പ്രവാചകന്മാരേ’ (അനുഭവങ്ങള്‍ പാളിച്ചകള്‍), ‘വിഗ്രഹ ഭഞ്ജകരേ’(തനിനിറം) എന്നിവ പെട്ടെന്ന് ഓര്‍മ്മവരുന്ന ചില പാട്ടുകളാണ്. 
സംബോധനയോടെ ആരംഭിക്കുന്ന പാട്ടുകളെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. അവതന്നെ നല്ളൊരു ശതമാനം സ്ഥലപരിമിതി മൂലം ഒഴിവാക്കേണ്ടിവന്നിട്ടുണ്ട്. ആദ്യവരി കഴിഞ്ഞും സംബോധനകള്‍ ഗാനങ്ങളില്‍ ധാരാളമായി പ്രയോഗിച്ചിട്ടുണ്ട് വയലാര്‍ രാമവര്‍മ്മ. ഏതാനും എണ്ണം ചൂണ്ടിക്കാണിക്കാം. 
1.‘മുങ്ങി മുങ്ങി മുത്തുകള്‍ വാരും 
     മുക്കുവനേ, ഓ മുക്കുവനേ’ (കടലമ്മ)
2. ‘പൂവും പ്രസാദവും ഇളനീര്‍ക്കുടവുമായ്
      കാവില്‍ തൊഴുതു വരുന്നവളേ’ (തോക്കുകള്‍ കഥ പറയുന്നു)
3. ‘പ്രേമവല്ലഭന്‍ തൊടുത്തുവിട്ടൊരു 
      പ്രമദസായകമേ’(ചക്രവര്‍ത്തിനി)
4. ‘പ്രളയപയോധിയില്‍ ഉറങ്ങിയുണര്‍ന്നൊരു
      പ്രഭാമയൂഖമേ കാലമേ’ (മഴക്കാറ്)
5. ‘അമ്പലപ്പറമ്പിലെയാരാമത്തിലെ 
      ചെമ്പരത്തിപ്പൂവേ’(നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി )
6. ‘കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച 
     കാവ്യഭാവനേ’(പണിതീരാത്തവീട്)

      വയലാര്‍ രാമവര്‍മ്മക്കു മുന്‍പ് ഗാനരചനാരംഗത്ത് നിലയുറപ്പിച്ച പി.ഭാസ്കരന്‍, ഒ.എന്‍.വി. കുറുപ്പ് എന്നീ കവികളുടെ സൃഷ്ടികളിലോ പില്‍ക്കാലത്തുവന്ന യൂസഫലി കേച്ചേരി, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ പാട്ടുകളിലോ കാണാന്‍ കഴിയാത്തതാണ് സംബോധനയ്ക്കുവേണ്ടിയുള്ള താല്‍പര്യം. വയലാര്‍ഗീതികളെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ ഗുണങ്ങള്‍ അക്കമിട്ടുനിരത്താന്‍ പലതുണ്ടെങ്കിലും ഈ സവിശേഷത പ്രത്യേക പരിഗണന ലഭിക്കേണ്ടതാണെന്നു   തോന്നുന്നു. ഇത്രയേറെ സംബോധനകള്‍ ഗാനങ്ങളില്‍ കൊണ്ടുവന്നെങ്കിലും രചനയുടെ മഹത്വം കൊണ്ട് അവ ഒരിക്കലും അരോചകമായില്ല. ഓരോ ഗാനത്തിലും സ്വന്തം കൈയൊപ്പുപതിപ്പിച്ച അദ്ദേഹം നമ്മെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിക്കുകയാണല്ളോ ചെയ്തത്. വെറുതെ കൗതുകത്തിനുവേണ്ടി വയലാറിന്‍െറ സംബോധനകളെപ്പറ്റി പറയാമെന്നു മാത്രം. അത് ഗാനത്തിന് അല്‍പം പോലും ന്യൂനത വരുത്താത്ത സ്ഥിതിക്ക് അലങ്കാരമായി മാറി എന്ന് പറഞ്ഞാലും തെറ്റില്ല.

            
              
     


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.