ട്രാന്‍സ് ജെന്‍റര്‍ ഗായകര്‍ പാടുന്നു.....‘നിനഗു ആനേ കൃഷ്ണാ’

ഇന്ത്യയില്‍ വിവിധതരം സംഗീതമുണ്ടെങ്കിലും എല്ലമ്മ എന്ന ദേവതയെ ആരാധിക്കുകയും ആ ദേവതയുടെ പാട്ടുകളും ഭജനുകളും മാത്രം പാടുകയും ചെയ്യുന്ന ജോഗപ്പ എന്ന ട്രാന്‍സ്ജെന്‍റര്‍ ഗായകരെക്കുറിച്ച് പുറംലോകത്തിന് വളരെക്കുറച്ചേ അറിയൂ. കഴിഞ്ഞ ദിവസം ബംഗളുരുവില്‍ ഇവരോടൊപ്പം വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ ടി.എം.കൃഷ്ണ വേദി പങ്കിട്ടത് മാധ്യമങ്ങളില്‍ വാര്‍ത്തയായി. കര്‍ണാടക സംഗീതത്തെപറ്റി ഗവേഷണം നടത്തുകയും പുസ്തകങ്ങള്‍ എഴുതുകയും പത്ര മാസികകളില്‍ വിവിധ വിഷയങ്ങളെകുറിച്ച് എഴുതുകയും ചിന്തിക്കുകയും ചെയ്യുന്ന ടി.എം. കൃഷ്ണ സംഗീത പരീക്ഷണങ്ങള്‍ നടത്തിയും പാരമ്പര്യ സംഗീതവാദികളെ ചോദ്യം ചെയ്തും ശ്രദ്ധേയനാണ്. അതുകൊണ്ടാവണം ബംഗളുരുവില്‍ മനുഷ്യാവകാശത്തിനായി ശബ്ദിക്കുന്ന സോളിഡാരിറ്റി ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടന കൃഷ്ണയത്തെന്നെ ഇവര്‍ക്കൊപ്പം പാടാന്‍ ക്ഷണിച്ചത്. 
തികച്ചും വ്യത്യസ്തമായ പരീക്ഷണമായിരുന്നു ഇവരുടെ സംഗീതം. കര്‍ണാടകയുടെ വടക്കന്‍ അതിര്‍ത്തിയായ ബലാഗവി, വിജയപുര ജില്ലകളില്‍ നിന്നുള്ളവരാണ് ജോഗപ്പ ഗായകര്‍. സംഗീതമാണ് ഇവരുടെ ഉപജീവനം. ഗവണ്‍മെന്‍റ് ഇന്നും ഇവര്‍ക്ക് പൗരാവകാശം നല്‍കുന്നില്ല. നല്ല വീടോ സ്വത്തോ ഇവര്‍ക്കില്ല. യഥാര്‍ഥത്തില്‍ ഭിക്ഷാടനമാണ് ഇവരുടെ ജീവിതമാര്‍ഗ്ഗം. ജോഗ എന കന്നഡ വാക്കിന്‍െറ അര്‍ഥം തന്നെ ഭിക്ഷ എന്നാണ്. 
എല്ലമ്മയുടെ ആരാധനയാണ് ഇവര്‍ക്ക് ജീവിതം. മക്കളില്ലാത്തവരും വിവാഹം കാത്തിരിക്കുന്ന പെണ്ണുങ്ങളുമെല്ലാം ആചാരപരമായി ഇവരുടെ അനുഗ്രഹത്തിനായി എത്താറുണ്ട്. ഇവര്‍ അനുഗ്രഹിച്ചാല്‍ കാര്യം നടക്കുമെന്നാണ് വിശ്വാസം. സംഗീതാര്‍ച്ചനയാണ് ഇവരുടെ അനുഗ്രഹം. അനുഗ്രഹത്തിനായി എല്ലാവരും വരുമെങ്കിലും ജീവിതത്തില്‍ മറ്റൊന്നിനും സാധാരണക്കാര്‍ ഇവരെ അടുപ്പിക്കാറില്ല. ശുഭകരമായ ചടങ്ങുകിളില്‍ നിന്ന് എല്ലാവരും ഇവരെ അകറ്റി നിര്‍ത്തും. 
കര്‍ണാടക സംഗീതവുമായി വലിയ വ്യത്യാസമുള്ളതല്ല ഇവരുടെ സംഗീതം. എന്നാല്‍ ഹിന്ദുസ്ഥാനി രീതിയോടാണ് അടുപ്പം കൂടുതല്‍. ഭജന്‍, നാമസങ്കീര്‍ത്തനം രീതിയിലുള്ള പാരമ്പര്യ സംഗീതംതന്നെയാണ് ഇവരും പിന്തുടരുന്നത്. 

ടി.എം.കൃഷ്ണയെപ്പോലെ ഒരു വലിയ സംഗീതജ്ഞനുമൊത്തുള്ള വേദി പങ്കിടല്‍ ഇവര്‍ക്ക് വലിയ അനുഭവമായിരുന്നു. രണ്ടുപേരും അവരവരുടെ സംഗീതം കലര്‍പ്പില്ലാതെ പാടുക എന്നതായിരുന്നു പ്രോഗ്രാം കൊണ്ട് ഉദ്ദേശിച്ചത്. അതേസമയം ഇവരുടെ സംഗീതവും ജ്ീവല്‍പ്രശ്നങ്ങളും സമൂഹമധ്യത്തില്‍ കൊണ്ടുവരിക എന്നതും സംഘടനയുടെ ഉദ്ദേശമായിരുന്നു. കന്നഡ, മറാത്തി ഗാനങ്ങളാണ് ജോഗപ്പകള്‍ പാടുന്നത്. ആണുങ്ങളുടെതോ പെണ്ണുങ്ങളുടെതോ അല്ല ഇവരുടെ ശബ്ദം. എന്നാല്‍ ഇവരുടെ സംഗീതവും ദൈവീകമാണ്. ‘നിനഗു ആനേ കൃഷ്ണാ’ എന്ന ഇവര്‍ പാടാറുള്ള പുരന്തരദാസരുടെ കന്നഡ കൃതി കൃഷ്ണ പഠിച്ചിട്ടാണ് വേദിയില്‍ പാടിയത്. സംഗീതത്തില്‍ പരീക്ഷണങ്ങള്‍ എന്നും ഇഷ്ടപ്പെടുന്ന ടി.എം.കൃഷ്ണ വളരെ ആത്മര്‍ഥമായാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.