അടൂർ: ഉഷസ്സ് വന്നു വിളിച്ചിട്ടും ഉണരാതെ പോയ എ.പി. ഗോപാലെൻറ ഓർമ്മകൾക്ക് ചൊവ്വാഴ്ച 11 വയസ്സ് തികയുന്നു. അവസരങ്ങൾ തേടിപ്പോകാനോ അംഗീകാരങ്ങൾ വെട്ടിപ്പിടിക്കാനോ മെനക്കെടാതെ 2007 ജൂൺ 26ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അദ്ദേഹത്തിന് മരണാനന്തരവും ഓർമപൂക്കളിടാൻ കലാരംഗത്ത് ആരുമുണ്ടായില്ല. ചലച്ചിത്ര ഗാനരചയിതാവും നാടകകൃത്തുമായിരുന്ന എ.പി ഗോപാലൻ 16 ചലച്ചിത്രങ്ങൾക്കും 2000 നാടകങ്ങൾക്കും ഗാനങ്ങൾ രചിച്ചു. 15 ാളം കഥാപ്രസംഗവും ലളിതഗാനങ്ങളും ദേശഭകതിഗാനങ്ങളും രചിച്ചിട്ടുണ്ട്.
നാടകഗാനങ്ങളിലൂടെയും ആകാശവാണി ലളിതഗാനങ്ങളിലൂടെയുമാണ് ഗോപാലൻ ചലച്ചിത്ര ഗാനശാഖയിലെത്തിയത്. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ’എ’ േഗ്രഡ് ആർട്ടിസ്റ്റായിരുന്നു. വയലാറും പി.ഭാസ്കരനും ശ്രീകുമാരൻ തമ്പിയും ഒ.എൻ.വി കുറുപ്പും യൂസഫലി കേച്ചേരിയുമെല്ലാം നിറഞ്ഞു നിന്ന കാലത്ത് ഗോപാലെൻറ വരവും അദ്ദേഹത്തിെൻ്റ പാട്ടുകളും ചലച്ചിത്രസംഗീതശാഖക്ക് പുതുപരിവേഷം പകർന്നു. അദ്ദേഹത്തിെൻറ പാട്ടുകളെ ആസ്വാദകർ ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.
1973 മാർച്ച് 30ന് പുറത്തിറങ്ങിയ ‘പൊന്നാപുരം കോട്ട’യായിരുന്നു ആദ്യ ചിത്രം. സിനിമയിലെ ഏഴ് ഗാനങ്ങളിൽ ആറെണ്ണം വയലാർ എഴുതിയപ്പോൾ ഒരു പാട്ടെഴുതാനുള്ള അവസരം ഗോപാലന് ലഭിക്കുകയായിരുന്നു. കുഞ്ചാക്കോ ആയിരുന്നു സംവിധായകൻ. സംഗീതം–ദേവരാജൻ. യേശുദാസും മാധുരിയും ചേർന്ന് പാടിയ ‘വയനാടൻ കേളൂെൻ്റ പൊന്നുംകോട്ട പടകാളി നിർമിച്ച പൊന്നും കോട്ട’ എന്ന ഗോപാലൻ രചിച്ച ഗാനവും ഇക്കൂട്ടത്തിൽ ശ്രദ്ധപിടിച്ചുപറ്റി.
തുടർന്ന് നാടകഗാന രംഗത്തായിരുന്നു ഇദ്ദേഹത്തിെൻ്റ ശ്രദ്ധ. ജ്യേഷ്ഠൻ എ.പി. ബാലകൃഷ്ണനോടൊപ്പം കട്ടച്ചിറ നന്ദോദയ നാടകകമ്പനി രൂപവത്കരിച്ച ഗോപാലൻ 15 നാടകം എഴുതി. ’കാപട്യം’, ’അവകാശി’, രണ്ടു തുള്ളി കണ്ണീർ’ എന്നിവ പ്രശസ്തമായി. കെ.പി.എ.സി, കായംകുളം പീപ്പിൾസ് തീയറ്റേഴ്സ്, അടൂർ ജയ തിയറ്റേഴ്സ് എന്നിവയുടെ നാടകങ്ങൾക്കാണ് പ്രധാനമായും പാട്ടുകൾ എഴുതിയത്. എം.ജി. രാധാകൃഷ്ണൻ സംഗീതം നൽകിയ ‘വിഷ്ണുപഞ്ചമി സന്ധ്യയിൽ ഞാൻ കൃഷ്ണപ്രിയ ദളം ചൂടിയിരുന്നു’, എം.എസ്. ബാബുരാജ് ഈണമിട്ട ‘ദേവഗംഗ ഉണർത്തിയ കാവിലെ ദേവദാര പൊൻമയിലേ’,കെ.പി. ഉദയഭാനു ചിട്ടപ്പെടുത്തിയ ‘കരകാണാക്കടലിൻ അക്കരെയുണ്ടൊരു കസ്തൂരിപ്പൂങ്കടവ്’, എം.കെ അർജുനൻ സംഗീതം ചെയ്ത ‘ഈ വഴി വസന്തം ഇനിയും വരും ജീവിതമിനിയും തേൻ കിനിയും’ തുടങ്ങിയവയെല്ലാം ഗോപാലെൻറ ചലച്ചിേത്രതര ഗാനങ്ങളിൽ പ്രസിദ്ധമാണ്.
ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം 1978ൽ എ.എൻ. തമ്പി സംവിധാനം ചെയ്ത ‘പാദസരം’ എന്ന ചിത്രത്തിലെ എക്കാലത്തെയും ഹിറ്റായ ‘ഉഷസേ നീയെന്നെ വിളിക്കുകില്ലെങ്കിൽ ഒരിക്കലും ഞാൻ ഉണരുകില്ല’ എന്ന ഗാനവുമായായിരുന്നു സിനിമയിലേക്ക് ഗോപാലെൻറ രണ്ടാം വരവ്. ദേവരാജെൻറ ഹൃദയാർദ്രമായ വിഷാദസംഗീതവും യേശുദാസിെൻറ ഭാവാത്മകമായ ആലാപനവും ഈ പാട്ടിനെ ഹൃദ്യമാക്കി. ഈ ഗാനം വയലാറിേൻറതാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. എ.ടി. അബുവിെൻറ സംവിധാനത്തിൽ 1980ൽ പുറത്തുവന്ന ‘രാഗം താനം പല്ലവി’യിലെ നാല് ഗാനങ്ങളും എഴുതിയത് ഗോപാലനും സംഗീതം എം.കെ. അർജുനനുമായിരുന്നു.
യേശുദാസ് പാടിയ ‘പാർവതി സ്വയംവരം കഴിഞ്ഞ നാളിൽ’, ‘കണ്ണുണ്ടെങ്കിലും കാണാതെ പോകും മണ്ണിൽ മനുഷ്യെൻറ വ്യാജ മുഖങ്ങൾ’ എന്നീ പാട്ടുകൾ വലിയ ഹിറ്റായി. ശിവഗംഗ തീർഥമാടും, അച്ഛൻ സുന്ദര സൂര്യൻ (ചിത്രം: സ്വരങ്ങൾ സ്വപ്നങ്ങൾ, സംഗീതം: ദേവരാജൻ), ഉദയശോഭയിൽ, ഇളംകൊടി മലർകൊടി, സ്ത്രീ ഒരു ലഹരി (മദ്രാസിലെ മോൻ, ദേവരാജൻ), ഇങ്ക് നുകർന്നുറങ്ങി, ദൂരം എത്ര ദൂരം (കാട്ടരുവി ദേവരാജൻ), സ്നേഹ പ്രപഞ്ചമേ (നിത്യവസന്തം, എം.കെ. അർജുനൻ), മുത്തുകിലുങ്ങും ചെപ്പാണെടാ, താലിക്കുരുവീ തേൻകുരുവീ (മുത്തുച്ചിപ്പികൾ, കെ.ജെ. ജോയ്), പൊന്നുരുക്കീ തട്ടണ് മുട്ടണ് (തീക്കടൽ, കുമരകം രാജപ്പൻ), ആദ്യത്തെ നാണം പൂവിട്ട നേരം, ഒരു ദേവ ശിൽപി (തേടിയ വള്ളി കാലേ ചുറ്റി, കെ.ജെ.ജോയ്) എന്നിവയാണ് ഗോപാലെൻ്റ മറ്റ് പ്രശസ്ത ഗാനങ്ങൾ.
കതിർമണ്ഡപം, അഗ്നിഗോളം, കൗരവപ്പട, സഹനം, ഹോമം, മണിക്കിനാക്കൾ തുടങ്ങിയ നാടകങ്ങൾക്കായി ഗോപാലൻ രചിച്ച ഗാനങ്ങൾ എം.എസ്. ബാബുരാജ്, എം.കെ. അർജുനൻ, മുരളി സിതാര, അയിരൂർ സദാശിവൻ, വൈപ്പിൻ സുരേന്ദ്രൻ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, എം.ജി. രാധാകൃഷ്ണൻ എന്നിവരുടെയും ഈണങ്ങളിലൂടെ ആസ്വാദക മനസുകളിൽ ഇടംനേടി. പെരുമ്പാവൂർ സംഗീതസംവിധാനം നിർവഹിച്ച ’ദേവഗായികേ...’ എന്ന ലളിതഗാനം പ്രസിദ്ധമാണ്. കെ.എസ്. ജോർജ്, എം.കെ. അർജുനൻ, കെ.രാഘവൻ, യേശുദാസ്, ജയചന്ദ്രൻ തുടങ്ങി ഒട്ടേറെ പ്രമുഖരോടൊപ്പം ഗോപാലൻ പ്രവർത്തിച്ചിട്ടുണ്ട്.
1993ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, 1984ലെ മികച്ച് െപ്രാഫഷനൽ നാടകരചയിതാവിനുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കായംകുളം രണ്ടാംകുറ്റി ഐക്കരേത്ത് മേലേതിൽ പത്്മനാഭെൻ്റയും ഉമ്മിണിയുടെയും മകനായ എ.പി. ഗോപാലൻ 16 വർഷം മുമ്പ് അടൂർ ഏഴംകുളത്ത് വിശ്രമ ജീവിതത്തിനെത്തുകയായിരുന്നു. ചരമദിനത്തിലും സംസ്കാരചടങ്ങിലും കലാരംഗത്തു നിന്ന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയവരിൽ പ്രമുഖർ ഫ്രാൻസിസ് ടി. മാവേലിക്കരയും പ്രഫ. കോഴിശേരി രവിന്ദ്രനാഥും മാത്രമായിരുന്നു.
അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിർമിക്കുമെന്ന് ഏഴംകുളം ഗ്രാമപഞ്ചായത്ത് അധികൃതർ അന്നു പറഞ്ഞിരുന്നു. എന്നാൽ ഒരു അനുസ്മരണ യോഗം പോലും ചരമവാർഷിക ദിനങ്ങളിൽ സംഘടിപ്പിക്കാൻ അദ്ദേഹത്തിെൻ്റ ജന്മനാട്ടിലും ഏഴംകുളത്തും ആരും തയാറായില്ല എന്നത് അദ്ദേഹത്തോടുള്ള അവഗണനയുടെ പ്രതീകമായി അവശേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.