മുംബൈ: മതനേതാവിൻറെ വെല്ലുവിളി സ്വീകരിച്ച് ബോളിവുഡ് ഗായകൻ സോനു നിഗം. സ്വന്തം തല മൊട്ടയടിച്ചാണ് സോനു തനിക്കെതിരായ ഭീഷണിയെ നേരിട്ടത്. സോനു നിഗത്തിൻെറ തല മൊട്ടയടിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പശ്ചിമ ബംഗാളിൽ നിന്നുള്ള മുസ്ലിം നേതാവ് രംഗത്തെത്തിയിരുന്നു. മുസ്ലിം പള്ളികളിൽ ബാങ്കുവിളിക്കുന്നതിനെതിരെ സോനു നിഗം ട്വീറ്റ് ചെയ്തതാണ് മതനേതാവിനെ പ്രകോപിപ്പിച്ചത്.
ഇതിനോട് പ്രതികരിക്കവെ താൻ തന്നെ മൊട്ടയടിപ്പിക്കാമെന്നും പണം തയ്യാറാക്കിവെക്കാനും ആവശ്യപ്പെട്ട് സോനു നിഗം ട്വിറ്ററിലൂടെ മതനേതാവിന് മറുപടിയും കൊടുത്തു. ഉച്ചക്ക് രണ്ട് മണിക്ക് മൊട്ടയടിക്കുമെന്നും മാധ്യമങ്ങളെ ക്ഷണിക്കുന്നതായും സോനു ട്വിറ്ററിലൂടെ വ്യക്തമാക്കി. തുടർന്ന് നിശ്സചിത സമയത്ത് തന്നെ സോനു നിഗം തല മൊട്ടയടിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തി. മുസ്ലിം ബാർബറാണ് സോനുവിൻെറ മുടിമുറിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം തനിക്കുമുണ്ടെന്ന് സോനു നിഗം മാധ്യമങ്ങളോട് വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ കൗൺസിലെ മുതിർന്ന അംഗമാണ് സോനുവിനെതിരെ രംഗത്തു വന്നത്. സോനുവിനെ മൊട്ടയടിച്ച് ഷൂ മാല കഴുത്തിൽ തൂക്കി രാജ്യം മുഴുവൻ ചുറ്റിയടിപ്പിക്കുന്നവർക്ക് പത്ത് ലക്ഷം വാഗ്ദാനം ചെയ്യുന്നു എന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം.
Today at 2pm Aalim will come to my place, and shave my head. Keep your 10 lakhs ready Maulavi. https://t.co/5jyCmkt3pm
— Sonu Nigam (@sonunigam) April 19, 2017
ട്വീറ്റുകളിലൂടെ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ സോഷ്യൽമീഡയയിൽ വിമർശമുയർന്നു . ചിലർ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾ നിരോധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ജാഥകളിലും റാലികളിലും സോനു നിഗം പാടിയിട്ടുണ്ടെന്നും ചിലർ മറുപടി ട്വീറ്റായി പരിഹസിക്കുന്നു. മറ്റു മതങ്ങളെ കൂടി ഉൾക്കൊള്ളുന്ന മതേതര രാജ്യമാണ് ഇന്ത്യയെന്നും അത് മനസിലാക്കാൻ സോനു നിഗം തയാറാകണമെന്നും വിമർശമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.