തമിഴ്നാട് ഹൈകോടതിയായി പുനര്‍നാമകരണം ചെയ്യണമെന്ന് നിയമസഭാ പ്രമേയം

ചെന്നൈ: മദ്രാസ് ഹൈകോടതി പുനര്‍നാമകരണം ചെയ്യുമ്പോള്‍ തമിഴ്നാട് ഹൈകോടതി എന്നാക്കി മാറ്റണമെന്ന് തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. പേര് മാറ്റം പരിഗണിക്കുന്ന കേന്ദ്രം, ചെന്നൈ ഹൈകോടതി എന്ന് പരിഗണിക്കാനിരിക്കെയാണ് സംസ്ഥാനം പുതിയ ആവശ്യം ഉയര്‍ത്തിയത്. പാര്‍ലമെന്‍റില്‍ കേന്ദ്രം അവതരിപ്പിച്ച ഹൈകോടതികളുടെ പേര് മാറ്റ ബില്ലില്‍ ചെന്നൈ എന്നതിനുപകരം തമിഴ്നാട് എന്ന് ചേര്‍ക്കണമെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. 

ബോംബെ, കൊല്‍ക്കത്ത എന്നീ ഹൈകോടതികളുടെ പേരുമാറ്റത്തിനൊപ്പമാണ് മദ്രാസ് ഹൈകോടതിയും ഉള്‍പ്പെട്ടത്. ചെന്നൈ എന്ന പേര് ചെന്നൈ നഗരത്തെ മാത്രം പ്രതിനിധാനം ചെയ്യുന്നതാണെന്നും സംസ്ഥാനമെങ്ങും ഹൈകോടതിയുടെ സേവനം ലഭ്യമായതിനാല്‍ തമിഴ്നാട് എന്ന പേരാണ് ഉചിതമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റ് ഹൈകോടതികള്‍ അതാത് സംസ്ഥാനത്തിന്‍െറ പേരിലാണ് അറിയപ്പെടുന്നത്. ജയലളിത അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷമായ ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്ലിംലീഗ് അംഗങ്ങള്‍ പിന്താങ്ങി. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
എക്സൈസ് പരിശോധനക്കെതിരെ

ഒൗഷധ വ്യാപാരികള്‍ സമരത്തിന്
കൊച്ചി: എക്സൈസ് കമീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പുകളില്‍ നടക്കുന്ന പരിശോധനക്കെതിരെ ഒൗഷധ വ്യാപാരികള്‍ രംഗത്ത്. ഷെഡ്യൂള്‍ എച്ച് 1ല്‍ ഉള്‍പ്പെടുന്ന മരുന്നുകള്‍ക്കെതിരെയാണ് പരിശോധന. ഇതില്‍ പ്രതിഷേധിച്ച് സമരവുമായി മുന്നോട്ടുപോകുമെന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എക്സൈസ് വകുപ്പ് സ്വമേധയാ സര്‍ക്കുലര്‍ ഇറക്കിയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് വാങ്ങുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പരിശോധന നടത്തുന്നത്. കേരളത്തില്‍ വില്‍പന നടത്താന്‍ അനുമതിയുള്ള ഇത്തരം മരുന്നുകള്‍ പിടിച്ചെടുക്കാന്‍ എക്സൈസ് വകുപ്പിന് അധികാരമില്ളെന്നും പരിശോധന നിയമ വിരുദ്ധമാണെന്നും അസോസിയേന്‍ ആരോപിച്ചു. എച്ച് 1ല്‍ ഉള്‍പ്പെട്ട 46 മരുന്നുകളില്‍ 12 എണ്ണം സ്റ്റോക് തീരുന്നതുവരെ മാത്രമേ വില്‍ക്കൂ എന്നും സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടാകുംവരെ ഇവ നിര്‍മാതാക്കളില്‍നിന്ന് വാങ്ങില്ളെന്നും ഒൗഷധ വ്യാപാരികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എ.എന്‍. മോഹന്‍, ജനറല്‍ സെക്രട്ടറി തോമസ് രാജു, ട്രഷറര്‍ അബ്ദുല്‍ ജലീല്‍, എറണാകുളം ജില്ലാ പ്രസിഡന്‍റ് ടോമി, സെക്രട്ടറി ഷൈജു എബ്രഹാം എന്നിവര്‍ സംബന്ധിച്ചു.
ഉദ്യോഗക്കയറ്റത്തിനുള്ള പരീക്ഷയില്‍ കൃത്രിമം: സി.എ.ജി ഓഫിസിലെ രണ്ടുപേര്‍ക്ക് തടവ്
ന്യൂഡല്‍ഹി: ഉദ്യോഗക്കയറ്റത്തിനുള്ള പരീക്ഷയില്‍ കൃത്രിമം നടത്തിയ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷം തടവ്. കെയര്‍ടേക്കറായ രാജേഷ് കുമാര്‍ ഭരദ്വാജിനും അക്കൗണ്ടന്‍റായ ദിനകര്‍ ജോഷിക്കുമാണ്  പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഗൂഢാലോചന, വഞ്ചനാശ്രമം, വ്യാജരേഖ നിര്‍മിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 45000 രൂപ പിഴയും വിധിച്ചു.  തെളിവിന്‍െറ അഭാവത്തില്‍ നാലുപേരെ കോടതി വെറുതെ വിട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.