മദീന: ഈ വര്‍ഷത്തെ ഹജ്ജ് സീസണ് തുടക്കം കുറിച്ച് തീര്‍ഥാടകരുടെ ആദ്യസംഘം മദീനയിലത്തെി. ഡല്‍ഹിയില്‍ നിന്നുള്ള ഇന്ത്യന്‍ ഹാജിമാരുടെ സംഘമാണ് മദീനയിലെ പുണ്യഭൂമിയില്‍ ആദ്യമിറങ്ങിയത്. പ്രവാചക നഗരിയില്‍ പൂക്കള്‍ കൊണ്ടലങ്കരിച്ച ഈത്തപ്പഴവും കഹ്വയും തസ്ബീഹ്മാലയും നല്‍കി പരമ്പരാഗത വേഷം ധരിച്ച അറബികളും കുട്ടികളുമടങ്ങുന്ന സംഘമാണ് ഹാജിമാരെ വരവേറ്റത്. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിങ്, അംബാസഡര്‍ അഹ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ശാഹിദ് ആലം എന്നിവരും മദീന അമീര്‍ മുഹമ്മദ്ബിന്‍ അബ്ദുല്‍ അസീസും വിമാനത്താവളത്തില്‍ ഹാജിമാരെ സ്വീകരിക്കാനത്തെിയിരുന്നു. സൗദി ഹജ്ജ് മന്ത്രാലയ പ്രതിനിധികള്‍, മദീന ഹജ്ജ് മിഷന്‍ ഇന്‍ ചാര്‍ജ് അബ്ദുല്‍ ശുകൂര്‍ പുളിക്കല്‍, ഹജ്ജ് വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
മദീന വിമാനത്താവളത്തില്‍ ലഭിച്ചത് ഹാജിമാരുടെ ജീവിതത്തില്‍ മറക്കാനാവാത്ത സ്വീകരണമാണെന്നും സുരക്ഷിതവും സമാധാനവും ചൈതന്യവും നിറഞ്ഞ ഹജ്ജായിരിക്കട്ടെ അവരുടേതെന്നും വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് ആശംസിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് എയര്‍ ഇന്ത്യയുടെ 5101 വിമാനത്തില്‍ 340 ഹാജിമാര്‍ പുണ്യഭൂമിയിലിറങ്ങിയത്. 176 പുരുഷന്മാരും 164 വനിതക്ളുമടങ്ങുന്ന സംഘത്തില്‍ കൂടുതലും പ്രായം കൂടിയ തീര്‍ഥാടകരായിരുന്നു. പുണ്യഭൂമിയില്‍ ആദ്യ വിമാനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതില്‍ എറെ സന്തോഷമുണ്ടെന്ന് ഡല്‍ഹി സ്വദേശി മാമു ഹമ്മദി പറഞ്ഞു.
വ്യാഴാഴ്ച ഏഴ് വിമാനങ്ങളിലായി 1690 ഹാജിമാര്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളം വഴി മദീനയിലത്തെിയിട്ടുണ്ട്. മസ്ജിദുന്നബവിക്ക് സമീപം മാര്‍കസിയ ഏരിയയിലെ മുക്താര്‍ ഇന്‍റര്‍നാഷനല്‍, സഫിയ ഇല്യാസ്, മുക്താര്‍ അല്‍ ദഹബി എന്നീ ഹോട്ടലുകളിലാണ് ഇവര്‍ക്ക് താമസമൊരുക്കിയിരിക്കുന്നത്. എട്ടു ദിവസം മദീനയില്‍ ചെലവഴിച്ച ശേഷം ബസ് മാര്‍ഗം ഇവര്‍ മക്കയിലേക്ക് പുറപ്പെടും.
340 തീര്‍ഥാടകരുടെ സംഘമാണ് ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. 1,00020 തീര്‍ഥാടകരാണ് രാജ്യത്തുനിന്ന് ഇത്തവണ സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെടുന്നത്. എല്ലാ തീര്‍ഥാടകരും രാജ്യത്തും ലോകത്തും സമാധാനവും സമൃദ്ധിയും സാഹോദര്യവുമുണ്ടാകാന്‍ പ്രാര്‍ഥിക്കണമെന്ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യസംഘത്തിന്‍െറ യാത്ര ഫ്ളാഗ് ഓഫ് ചെയ്യവെ സ്വതന്ത്ര ചുമതലയുള്ള ന്യൂനപക്ഷകാര്യസഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. 21 കേന്ദ്രങ്ങളില്‍നിന്നായാണ് ഹജ്ജ് കമ്മിറ്റി വഴി 1,00020 പേര്‍ ഇത്തവണ യാത്രയാവുക. 36,000 പേര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി പോകും. എയര്‍ ഇന്ത്യയുടെ 37 വിമാനങ്ങളിലായി 12,500 പേര്‍ ഡല്‍ഹിയില്‍നിന്ന് ജിദ്ദയിലേക്ക് പോകും. ഇതില്‍ 8,690 പേര്‍ ഉത്തര്‍പ്രദേശില്‍നിന്നും ബാക്കിയുള്ളവര്‍ ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.