100 രൂപ കൈക്കൂലി നൽകിയില്ല; രണ്ട്​ യുവാക്കളെ പൊലീസ്​ തല്ലി​ക്കൊന്നു

ആഗ്ര: കൈക്കൂലിയായി ആവശ്യപ്പെട്ട 100 രൂപ കൊടുക്കാന്‍ വിസമ്മതിച്ച രണ്ട് തൊഴിലാളികളെ പൊലീസുകാര്‍ മർദ്ദിച്ച്​ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. പങ്കജ് യാദവ്, ദിലീപ് യാദവ് എന്നീ യുവാക്കളെയാണ് നാലുപേരടങ്ങിയ പൊലീസ് സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ നാലു പൊലീസുകാരെയും രണ്ട് ഹോം ഗാര്‍ഡുകളേയും സസ്‌പെന്‍ഡ് ചെയ്തു.

മെയിന്‍പുരിയിലെ കോസ്മയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ട്രക്കില്‍ കട്ടകളുമായി വരികയായിരുന്നു പങ്കജും ദിലീപും. കോസ്മയില്‍വെച്ച് പൊലീസ് ഇവരെ തടഞ്ഞുനിര്‍ത്തി. വണ്ടി കടത്തിവിടാന്‍ 100 രൂപ കൈക്കൂലി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ട്രക്കിന്റെ ഡ്രൈവറായിരുന്ന വിനേഷ് കൈക്കൂലി നല്‍കാനാകില്ലെന്ന് പറഞ്ഞു. പ്രശ്‌നം വഷളാകുമെന്ന് കണ്ട് ട്രക്കുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പങ്കജിനെയും ദിലീപിനേയും പൊലീസ് പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു.

രാവിലെ 10.30 ഓടെ ഇരുവരുടേയും മൃതദേഹങ്ങള്‍ അടുത്തുള്ള കുളത്തില്‍ നിന്നും നാട്ടുകാര്‍ കണ്ടെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച്​ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു. പൊലീസ് ഇവരെ കൊലപ്പെടുത്തിയതിന്​ ശേഷം കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ യുവാക്കള്‍ മുങ്ങിമരിച്ചതാണെന്നാണ് പൊലീസ് പറഞ്ഞത്​.

അതേസമയം, യുവാക്കള്‍ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാര്‍ക്കെതിരെ വീട്ടുകാരുടെ പരാതിയില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.