കേന്ദ്ര ഗവ. ജീവനക്കാരുടെ കുറഞ്ഞ പെന്‍ഷന്‍ 9000, കൂടിയത് 1,25,000

ന്യൂഡല്‍ഹി: ഏഴാം ശമ്പളകമീഷന്‍ ശിപാര്‍ശകള്‍ പ്രാബല്യത്തിലാകുന്നതോടെ കേന്ദ്ര ഗവ. ജീവനക്കാരുടെ കുറഞ്ഞ പെന്‍ഷന്‍ 3500 രൂപയില്‍നിന്ന് 9000 രൂപയായി വര്‍ധിക്കും. നിലവിലെ നിരക്കില്‍നിന്ന് 157.14 ശതമാനത്തിന്‍െറ വര്‍ധനയാണുണ്ടാവുക. കമീഷന്‍ ശിപാര്‍ശകള്‍ അംഗീകരിച്ച് പഴ്സനല്‍-പെന്‍ഷന്‍ മന്ത്രാലയം ഉത്തരവിറക്കി. ഗ്രാറ്റ്വിറ്റി പരിധി നിലവിലെ 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമാക്കി.
ഡി.എ 50 ശതമാനത്തിലത്തെിയാല്‍ ഗ്രാറ്റ്വിറ്റി 25 ശതമാനം കൂടി ഉയര്‍ത്താമെന്ന ശിപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. 58 ലക്ഷത്തോളം കേന്ദ്ര ഗവ. പെന്‍ഷന്‍കാരാണ് നിലവിലുള്ളത്. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 9000 ആയിരിക്കുമ്പോള്‍ കൂടിയ പെന്‍ഷന്‍ 1,25,000 ആയിരിക്കും. കേന്ദ്ര സര്‍വിസിലെ ഏറ്റവും ഉയര്‍ന്ന ശമ്പളത്തിന്‍െറ 50 ശതമാനമായാണ് ഈ തുക നിശ്ചയിച്ചിരിക്കുന്നത്. 2016 ജനുവരി ഒന്നുമുതല്‍ കേന്ദ്ര സര്‍വിസിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം 2,50,000 രൂപയാണ്.
സിവില്‍, പ്രതിരോധ വിഭാഗങ്ങളില്‍ ഡ്യൂട്ടിക്കിടെ മരണമടയുന്നവരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന എക്സ്ഗ്രേഷ്യ നഷ്ടപരിഹാരത്തുകയിലും വന്‍ വര്‍ധനയുണ്ട്. ജോലിക്കിടെയുണ്ടാകുന്ന അപകടം, തീവ്രവാദം, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം എന്നിവമൂലം മരണപ്പെട്ടാലുള്ള നഷ്ടപരിഹാരം പത്തു ലക്ഷത്തില്‍നിന്ന് 25 ലക്ഷമായി കൂട്ടി.
അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകള്‍, കടല്‍ക്കൊള്ള, സമുദ്ര നിരപ്പില്‍നിന്ന് വളരെ ഉയരമുള്ള സ്ഥലങ്ങളിലെ  ജോലി, എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള അതിര്‍ത്തി പോസ്റ്റുകളിലെ ജോലി, പ്രകൃതിക്ഷോഭം, പ്രതികൂല കാലാവസ്ഥ എന്നിവ കാരണം ജോലിക്കിടെ മരിച്ചാല്‍ കിട്ടുന്ന നഷ്ടപരിഹാരം 15 ലക്ഷത്തില്‍നിന്ന് 35 ലക്ഷമാക്കി ഉയര്‍ത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.