വിവാഹ ക്ഷണം റദ്ദാക്കിയ അറിയിപ്പുമായി കശ്മീരി പത്രങ്ങള്‍

ശ്രീനഗര്‍: കശ്മീരില്‍ ചൊവ്വാഴ്ച  ഇറങ്ങിയ പത്രങ്ങളുടെ ക്ളാസിഫൈഡ് പേജില്‍ നിറഞ്ഞു നിന്നത് വിവാഹങ്ങള്‍ മാറ്റിവെച്ചതും  വിവാഹ ക്ഷണങ്ങള്‍ റദ്ദാക്കിയതുമായ അറിയിപ്പുകള്‍. ക്ഷണം റദ്ദാക്കി വിവാഹം ലളിതമായി നടത്തുന്നതായും അറിയിപ്പുകളുണ്ടായിരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട കശ്മീരില്‍ ജനജീവിതം താളംതെറ്റുന്നതിന്‍െറ നേര്‍ചിത്രമാണ് അറിയിപ്പുകള്‍. നാലു ദിവസമായി കര്‍ഫ്യൂ തുടരുന്ന കശ്മീരില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍  അടക്കം റദ്ദാക്കിയിരിക്കുകയാണ്.

കശ്മീരിലെ പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ 'ഗ്രേറ്റര്‍ കശ്മീരിന്‍്റെ രണ്ടാം പേജില്‍ വിവാഹ ക്ഷണങ്ങള്‍ റദ്ദാക്കിയത് അറിയിച്ചുകൊണ്ടുള്ള പരസ്യങ്ങളുടെ നീണ്ടനിരയാണ് ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ടത്.   സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്ഷണം റദ്ദാക്കി വിവാഹം ലളിതമായി നടത്തുന്നതായാണ് കൂടുതല്‍ അറിയിപ്പുകളും. ജൂലൈ 14മുതല്‍ 17 വരെ നടക്കാനിരുന്ന വിവാഹങ്ങളും പരിപാടികളുമാണ് റദ്ദാക്കിയത്. റമദാന്‍ കഴിഞ്ഞതിന് ശേഷം  നിരവധി  വിവാഹങ്ങളാണ് തീരുമാനിച്ചിരുന്നത്. മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ് കശ്മീരിലെ പ്രധാന കല്യാണ സീസണ്‍. വിവാഹ ക്ഷണങ്ങള്‍ക്കൊപ്പം ജോലിക്കുള്ള അഭിമുഖങ്ങളും റദ്ദാക്കിയതായിതായി അറിയിപ്പുകളുണ്ട്. പരിക്കേറ്റവര്‍ക്ക് രക്തദാനം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന അറിയിപ്പുകളുമുണ്ട്. കാശ്മീര്‍ സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായും അറിയിച്ചിട്ടുണ്ട്. 2010 ല്‍ സംഘര്‍ഷം നടന്നപ്പോഴും ഇതുപോലെ വിവാഹങ്ങള്‍ റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.