പിള്ളേരെത്തല്ലി മാഷന്മാര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും; ദേഹോപദ്രവമേല്‍പിക്കുന്നത് അന്വേഷിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കുട്ടികളെ തല്ലിപ്പൊട്ടിക്കുന്ന മാഷന്മാരും സ്കൂളുകാരും ചൂരലിനൊപ്പം നഷ്ടപരിഹാരം നല്‍കാനുള്ള തുകകൂടി കൈയില്‍ കരുതുക. കുട്ടികളെ ദേഹോപദ്രവം ഏല്‍പിക്കുന്നത് ബാലനീതി നിയമം ഉള്‍പ്പെടെ നിരവധി നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി അത്തരം സംഭവങ്ങളില്‍ അന്വേഷണം നടത്താനും മാര്‍ഗരേഖ തയാറാക്കാനും കേന്ദ്ര വിവരാവകാശ കമീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു. വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും ചട്ടങ്ങള്‍ നിലവിലുണ്ടോ, അത്തരം സംഭവങ്ങള്‍, വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തിന്‍െറ വിശദാംശം എന്നിവ വെളിപ്പെടുത്താന്‍ കേന്ദ്രീയ വിദ്യാലയ സംഘടനയോട് ആവശ്യപ്പെട്ട കമീഷന്‍ വിദ്യാര്‍ഥികളെ ദേഹോപദ്രവമേല്‍പിച്ച് ശിക്ഷ നല്‍കിയ സംഭവങ്ങളില്‍ സ്വമേധയാ ഇടപെടാനും അന്വേഷണ സമിതികളെ നിയോഗിക്കാനും സി.ബി.എസ്.ഇ, ഐ.സി.എസ്.സി ബോര്‍ഡുകളോടും ആവശ്യപ്പെട്ടു. പിലിബിത്തിലെ കേന്ദ്രീയ വിദ്യാലയ അധ്യാപകന്‍െറ ബാലമര്‍ദനങ്ങളെക്കുറിച്ച് ബ്രഹ്മാനന്ദ് മിശ്ര എന്നയാള്‍ നല്‍കിയ വിവരാവകാശ അപേക്ഷയാണ് ചരിത്രപരമായ നിര്‍ദേശങ്ങള്‍ക്ക് കാരണമായത്. മകളുടെ വിവാഹമോചന കേസിന് തെളിവു ശേഖരിക്കാനായിരുന്നു ഇയാള്‍ വിവരാവകാശ അപേക്ഷ നല്‍കിയത്. അപേക്ഷക്ക് മറുപടി നല്‍കാന്‍ വിവരാവകാശ ഓഫിസര്‍ വിസമ്മതിച്ചതോടെ അധ്യാപകന്‍െറ ശിക്ഷാ രീതികള്‍ അറിഞ്ഞാല്‍ മാത്രമേ വിവാഹമോചന കേസില്‍ തന്‍െറ പേരമക്കളുടെ സംരക്ഷണച്ചുമതല സംബന്ധിച്ച നിലപാട് കൈക്കൊള്ളാനാവൂ എന്നു കാണിച്ച് മിശ്ര അപ്പീല്‍ നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത് നിയമലംഘനമാണ് എന്ന കാര്യം ഊന്നിപ്പറഞ്ഞ് കമീഷന്‍ അപേക്ഷകന്‍െറ രക്ഷക്കത്തെി. പ്രസ്തുത അധ്യാപകന്‍െറ മാത്രമല്ല, വിദ്യാര്‍ഥികളെ ദേഹോപദ്രവമേല്‍പിക്കുന്ന മുഴുവന്‍ അധ്യാപകരുടെയും വിവരം പുറത്തുവിടുന്നത് പൊതുതാല്‍പര്യത്തിന് ഗുണകരമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യവിവരാവകാശ കമീഷണര്‍ എം. ശ്രീധര്‍ ആചാര്യലു ബാലാവകാശ സംരക്ഷണത്തിനുള്ള ദേശീയ കമീഷന്‍ (എന്‍.സി.പി.ആര്‍.സി) അനുശാസിച്ചതു പ്രകാരം മാനദണ്ഡങ്ങള്‍ രൂപവത്കരിക്കാനും കേന്ദ്രീയ വിദ്യാലയങ്ങളുടെ സംഘടനക്ക് നിര്‍ദേശം നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.