ന്യൂഡല്‍ഹി: ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഏതൊക്കെ ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങളാണ് ശത്രുക്കള്‍ വികലമാക്കിയതെന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര വിവരാവകാശ കമീഷണര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ സൈനികരെക്കുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും വിവരാവകാശ കമീഷണര്‍ ദിവ്യ പ്രകാശ് സിന്‍ഹ പറഞ്ഞു.
പാകിസ്താന്‍, ചൈന അതിര്‍ത്തികളില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ചുള്ള വിവരങ്ങളാണ് കമീഷന്‍ തേടിയത്. ഇക്കാര്യം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് 2013ല്‍ അഭിഷേക് ശുക്ള വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നെങ്കിലും സൈന്യം വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. രാജ്യത്തിന്‍െറ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ളെന്ന നിയമം ചൂണ്ടിക്കാട്ടിയായിരുന്നു സൈന്യത്തിന്‍െറ നടപടി. എന്നാല്‍, 2013 ജനുവരിയില്‍ പാകിസ്താന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് ഹേമരാജിന്‍െറ മൃതദേഹം വികലമാക്കിയെന്ന അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി അപേക്ഷകന്‍ വീണ്ടും കമീഷനെ സമീപിച്ചു. 2012ലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച രണ്ടു സൈനികരുടെ മൃതദേഹങ്ങള്‍ വികലമാക്കിയെന്ന സൈനിക മേധാവി വിക്രം സിങ്ങിന്‍െറ വാര്‍ത്താസമ്മേളനവും അപേക്ഷകന്‍ ചൂണ്ടിക്കാട്ടി. പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും വെളിപ്പെടുത്താമെങ്കില്‍ എന്തുകൊണ്ടാണ് സുരക്ഷയുടെ പേരു പറഞ്ഞ് ഇക്കാര്യങ്ങള്‍ സൈന്യം മൂടിവെക്കുന്നതെന്ന് അപേക്ഷയില്‍ ചോദിച്ചു. ഇത് ചൂണ്ടിക്കാണിച്ചാണ് കമീഷന്‍ സൈന്യത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തില്‍ രാജ്യസുരക്ഷയുടെ പ്രശ്നമില്ളെന്ന് കമീഷണര്‍ പറഞ്ഞു. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.