അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിൽ 24 പേർ കുറ്റക്കാരെന്ന് പ്രത്യേക കോടതി. കുറ്റാരോപിതരിൽ 36 പേരെ വെറുതെ വിട്ടു. അഹ്മദാബാദിലെ പ്രത്യേക എസ്.ഐ.ടി കോടതി ജഡ്ജി പി.ബി. ദേശായിയാണ് 14 വർഷങ്ങൾക്ക് ശേഷം വിധി പറയുന്നത്. ശിക്ഷ ജൂൺ ആറിന് പ്രഖ്യാപിക്കും.
കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പേരിൽ 11 പേർക്കെതിരെ കൊലപാതക്കുറ്റവും 13 പേർക്കെതിരെ മറ്റു കുറ്റങ്ങളുമാണ് കോടതി ചുമത്തിയിട്ടുള്ളത്. ബി.ജെ.പി കോർപറേഷൻ കൗൺസിലറായ ബിപിൻ പേട്ടൽ, പൊലീസ് ഇൻസ്പെക്ടർ കെ.ജി.എർദ എന്നിവർ വെറുതെ വിട്ടവരിൽ ഉൾപ്പെടുന്നു. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഒൻപത് പേർ 14 വർഷമായി ജയിലിൽ കഴിയുകയാണ്. 5 പേർ വിചാരണക്കിടെ മരിച്ചു. മറ്റുള്ളവർ ജാമ്യത്തിലാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 4 ജഡ്ജിമാരുടെ മുമ്പാകെയാണ് വിചാരണ നടന്നത്. കേസിൽ 338 പേരെ കോടതി വിസ്തരിച്ചു.
സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അന്വേഷിച്ച കേസിലെ വിചാരണ നടപടികള്‍ 2015 സെപ്റ്റംബര്‍ 22ന് പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി മേയ് 31നകം പുറപ്പെടുവിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരി അടക്കം 69 പേരാണ് ഗുല്‍ബര്‍ഗില്‍ കൊല്ലപ്പെട്ടത്. 2002ലെ ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് ഗുൽബർഗയിൽ നടന്നത്. 29 ബംഗ്ലാവുകളും 10 അപാർട്െമൻറുകളുമടങ്ങുന്ന ഗുൽബർഗ് ഹൗസിങ് സൊസൈറ്റിയിൽ ഭൂരിഭാഗവും മുസ്ലിംകളാണ് താമസിച്ചിരുന്നത്. ഗോധ്ര തീവെപ്പിന് പിന്നാലെ 2002 ഫെബ്രുവരി 28 നാണ് 20,000ത്തോളം വരുന്ന ആൾക്കൂട്ടം വീടുകൾ ആക്രമിച്ച് കൂട്ടക്കൊല നടത്തിയത്. മുന്‍ കോണ്‍ഗ്രസ് എം.പിയായിരുന്ന ഇഹ്സാന്‍ ജാഫരി അക്രമികളിൽ നിന്ന് രക്ഷതേടി രാഷ്ട്രീയ നേതാക്കളെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഫോൺ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല. ജാഫരിയുടെ ഭാര്യ സകിയ ജാഫരിയാണ് 14 വർഷങ്ങളായി നിയമയുദ്ധം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.