വിലക്കയറ്റം ഉണ്ടാകുമെന്ന് ആശങ്ക; ജീവനക്കാര്‍ക്ക് നിരാശ

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തിന്‍െറ പിരിമുറുക്കത്തിനിടയില്‍ കടന്നുവരുന്ന ഏഴാം ശമ്പള പരിഷ്കരണം നാണ്യപ്പെരുപ്പം വര്‍ധിപ്പിക്കുകയും വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്യുമെന്ന് ആശങ്ക. മുന്‍കാലങ്ങളിലെല്ലാം അത് സംഭവിച്ചിട്ടുണ്ട്. സമ്പദ്രംഗത്തെ തിരയിളക്കത്തിന്‍െറ പ്രത്യാഘാതം കേന്ദ്രജീവനക്കാര്‍ക്കൊപ്പം, ശമ്പളവും വരുമാനവും വര്‍ധിക്കാത്ത സാധാരണക്കാരെയും പാവപ്പെട്ടവന്‍െറയും പോക്കറ്റ് ചോര്‍ത്തും.

വാങ്ങല്‍ ശേഷി കൂട്ടി വിപണിയെ സജീവമാക്കാന്‍ ശമ്പള പരിഷ്കരണം വഴിയൊരുക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെ സമ്മതിക്കുന്നു. അത് വിലക്കയറ്റത്തിലേക്കാണ് നയിക്കുക. പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും ഗാര്‍ഹികോപകരണങ്ങള്‍ക്കുമെല്ലാം വില ഉയരും. എന്നാല്‍, മാന്ദ്യത്തിന്‍െറ സാഹചര്യം മാറ്റിയെടുക്കാനുള്ള ഒരു വഴിയെന്ന നിലയില്‍ക്കൂടിയാണ് ശമ്പളപരിഷ്കരണ ശിപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കുന്നത്.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും തൃപ്തരല്ല. ആറാം ശമ്പള കമീഷനുമായി താരതമ്യപ്പെടുത്തിയാല്‍ ആനുപാതിക വര്‍ധന ഉണ്ടായിട്ടില്ല. ഉയര്‍ന്ന തസ്തികകളിലുള്ളവരുടെ പോക്കറ്റിലേക്കാണ് കൂടുതല്‍ തുക എത്തുക. താഴത്തെട്ടില്‍ വര്‍ധനയുടെ അനുപാതം കുറവാണ്. എന്നാല്‍, സ്വകാര്യ മേഖലയില്‍ കിട്ടുന്ന ശമ്പളത്തിനടുത്ത ശമ്പള പാക്കറ്റ് നല്‍കാന്‍ സര്‍ക്കാറിന് പരിഷ്കരണം വഴി കഴിയുന്നുണ്ടെന്ന് ധനമന്ത്രി വിശദീകരിക്കുന്നു. പരിഷ്കരണം ഖജനാവില്‍നിന്ന് വര്‍ഷത്തില്‍ 1.02 ലക്ഷം കോടി രൂപ ചോര്‍ത്തുന്നത് വികസന പദ്ധതികളെ ബാധിക്കില്ളെന്നും മന്ത്രി പറയുന്നുണ്ട്.

വിലക്കയറ്റത്തിന്‍െറ രൂക്ഷതക്കിടയില്‍ മതിയായ വര്‍ധനയില്ലാതെ ശമ്പളപരിഷ്കരണം നടപ്പാക്കിയത് ജീവനക്കാരെ നിരാശരാക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഏഴു പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന അനുപാതത്തിലുള്ള വര്‍ധനയാണിത്. സര്‍ക്കാര്‍ അവകാശപ്പെടുന്നതില്‍നിന്ന് വ്യത്യസ്തമായി അടിസ്ഥാന ശമ്പളത്തില്‍ 14.29 ശതമാനമാണ് 23.5 ശതമാനമല്ല വര്‍ധന ഉണ്ടാകുന്നതെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാല പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.