അതിർത്തി കാക്കാൻ ഇനി വനിതാ സൈനികരും

ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വനിതാ സൈനികരെ അതിർത്തി കാക്കാൻ നിയോഗിച്ചു. വടക്കൻ കശ്മീരിലെ താങ്ക്ധർ സെക്ടറിലെ പാകിസ്താൻ അതിർത്തിയിലാണ് വനിതാ സൈനികരെ ആദ്യമായി വിന്യസിച്ചത്. അർധസൈനിക വിഭാഗമായ അസം റൈഫിൾസിലെ മുപ്പതോളം വനിതാ സൈനികരെയാണ് ഡെപ്യൂട്ടേഷനിൽ നിയോഗിച്ചിരിക്കുന്നത്.

ലിംഗവിവേചനമില്ലാതെ വനിതാ സൈനികരേയും അതിർത്തി കാക്കുന്നതിന് നിയോഗിക്കണമെന്ന ദീർഘകാല ആവശ്യമാണ് ഇതോടെ സഫലമായിരിക്കുന്നത്. താങ്ക്ധർ, ഉറി, കേരൻ എന്നീ പ്രദേശങ്ങളിലെ നിയന്ത്രണരേഖയിലേക്കുള്ള ചെക്ക്പോസ്റ്റുകളിലാണ് വനിതാ സൈനികരെ വിന്യസിച്ചിരിക്കുന്നത്. ക്യാപ്റ്റൻ ഗുർസിമ്രാൻ കൗറിനാണ് ഇവരുടെ നേതൃത്വ ചുമതല.

13 ലക്ഷത്തോളം സൈനികരുള്ള ഇന്ത്യൻ കരസേന വിഭാഗത്തിൽ ഓഫീസർമാരായി മാത്രമാണ് ഇതുവരെ വനിതകളെ നിയമിച്ചിരുന്നത്. കഴിഞ്ഞവർഷം മുതലാണ് മിലിട്ടറി പൊലീസ് വിഭാഗത്തിൽ സാധാരണ സൈനികരായി സ്ത്രീകളെ തെരഞ്ഞെടുത്തത്. അമ്പതോളം വരുന്ന ഇവർ നിലവിൽ പരിശീലനത്തിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.