ന്യൂഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തകനും ശിശുരോഗ വിദഗ്ധനുമായ ഡോ. കഫീല്‍ഖാന് വേണ്ടി സമര്‍പ്പിച്ച ഹരജി കേള്‍ക്കുന്നത് വീണ്ടും നീട്ടി. 10 ദിവസത്തേക്ക് നീട്ടിവെക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അലഹബാദ് ഹൈകോടതി ബെഞ്ച് 14 ദിവസത്തേക്കാണ് നീട്ടിനൽകിയത്.
ജസ്റ്റിസുമാരായ മനോജ് മിശ്ര, ദീപക് വര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ് കഫീല്‍ ഖാെൻറ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈമാസം 19ലേക്ക് നീട്ടിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ ദേശ സുരക്ഷ നിയമത്തിെൻറ (എന്‍.എസ്.എ) കാലാവധി ആഗസ്റ്റ് 12ന് തീരാനിരിക്കേ അത് മൂന്നുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് അന്യായ തടങ്കല്‍ വീണ്ടും നീട്ടാനാണ് യോഗി സര്‍ക്കാര്‍ സമയം വാങ്ങിയതെന്ന് കഫീലിെൻറ കുടുംബം കുറ്റപ്പെടുത്തി.
കഫീലിെൻറ മാതാവ് നുജാത്ത് പർവീനാണ് അദ്ദേഹത്തിന് വേണ്ടി കോടതിയിൽ ഹരജി സമർപ്പിച്ചത്. 12 തവണ മാറ്റിവെച്ച ഹരജി ചൊവ്വാഴ്ച പരിഗണിച്ചപ്പോള്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ പതഞ്ജലി മിശ്രയാണ് 10 ദിവസത്തേക്കുകൂടി നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടത്. കേസിെൻറ രേഖകൾ സമര്‍പ്പിക്കാന്‍ ഇനിയും സമയം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ നീക്കം. എന്നാല്‍, രേഖകളെല്ലാം മാസങ്ങള്‍ക്ക് മുേമ്പ സമര്‍പ്പിച്ചിട്ടും ബോധപൂര്‍വം കേസ് നീട്ടിക്കൊണ്ടുപോകാനാണ് സമയം ചോദിച്ചതെന്ന് കഫീലിെൻറ സഹോദരന്‍ അദീല്‍ ഖാന്‍ 'മാധ്യമം ഓൺലൈനി'നോട് പറഞ്ഞു.
2020 ഫെബ്രുവരി 13നാണ് ദേശ സുരക്ഷാ നിയമം കഫീല്‍ഖാന് മേല്‍ ചുമത്തുന്നത്. മൂന്ന് മാസത്തേക്ക് വിചാരണ കൂടാതെ തടങ്കലിലിടാവുന്ന ഈ നിയമമനുസരിച്ച് മെയ് 12 വരെയായിരുന്നു ജയിലിൽ കഴിയേണ്ടിയിരുന്നത്. എന്നാൽ, യു.പി പൊലീസ് വീണ്ടും കോടതിയെ സമീപിച്ച് ഓഗസ്റ്റ് 12 വരെ തടവുനീട്ടി. ഇത് തീരാനിരിക്കേയാണ് വീണ്ടും മൂന്നു മാസത്തേക്കുകൂടി വിചാരണയില്ലാതെ തടങ്കല്‍ നീട്ടാൻ ശ്രമിക്കുന്നത്. 12 മാസം വരെ ഇങ്ങനെ തടവുനീട്ടാൻ എൻ.എസ്.എയിൽ വകുപ്പുണ്ട്.
സമൂഹ മാധ്യമങ്ങളിൽ തരംഗമായി 'ഫ്രീ ഡോ. കഫീൽ ഖാൻ'
ഭർത്താവിെൻറ മോചനത്തിന് കാമ്പയിൻ നടത്തണമെന്ന് കഫീലിെൻറ ഭാര്യ ശബിസ്ത ഖാൻ വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ 'FreeDrKafeel' എന്ന ഹാഷ്ടാഗോടുകൂടി പതിനായിരക്കണക്കിന് പേരാണ് ഇദ്ദേഹത്തിെൻറ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങളായ റിച്ച ചദ്ദയും സ്വര ഭാസ്‌കറും തുടങ്ങി പ്രമുഖ ഡോക്ടർമാരും ഡോക്ടർമാരുടെ സംഘടനകളും വരെ ഇതിൽ പങ്കാളികളായി.
2019ൽ പൗരത്വ പ്രക്ഷോഭത്തിനിടെ അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിൽ നടത്തിയ പ്രസംഗത്തിെൻറ പേരിലാണ് 2020 ജനുവരി 29ന് കഫീലിനെ അറസ്റ്റ് ചെയ്തത്. അന്ന് മുതൽ അദ്ദേഹം ജയിലിൽ കഴിയുകയാണ്. ഈ കേസിൽ 2020 ഫെബ്രുവരി 10ന് അലിഗഡ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ജയിലിൽനിന്ന് മോചനം നൽകാതെ ദേശ സുരക്ഷാ നിയമ (എൻ.എസ്.എ) 13ന് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. കഫീൽ ഖാൻ ഭാവിയിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്നും അതിനാൽ തടങ്കലിൽ തുടരേണ്ടതുണ്ടെന്നുമായിരുന്നു ജില്ല മജിസ്‌ട്രേറ്റ് ചന്ദ്ര ഭൂഷൺ സിങ്ങിെൻറ ഉത്തരവ്.
തുടർന്ന് നിരവധി തവണ ജാമ്യാപേക്ഷയുമായി അദ്ദേഹത്തിെൻറ ബന്ധുക്കൾ കോടതി കയറിയിറങ്ങിയെങ്കിലും നിസ്സാര കാരണങ്ങൾ പറഞ്ഞ് അവയെല്ലാം നിഷ്കരുണം നീട്ടിവെച്ചു. കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് ജഡ്ജിമാർ പലകുറി പിൻമാറി. ഏറ്റവുമൊടുവിൽ ജൂലൈ 27ന് ജാമ്യഹരജി നൽകിയപ്പോൾ വാദം കേൾക്കാൻ പോലും തയ്യാറാകാതെയാണ് ജഡ്ജി പിന്മാറിയത്. കഫീൽഖാെൻറ കേസ് കോടതിയിൽ എത്തുേമ്പാൾ പതിവായി അരങ്ങേറുന്ന നാടകമാണിതെന്നായിരുന്നു ബന്ധുക്കളുടെ പ്രതികരണം. കോവിഡ് പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുകാരെ വിട്ടയക്കണമെന്ന സുപ്രിം കോടതി ഉത്തരവും ഇദ്ദേഹത്തിെൻറ കാര്യത്തിൽ നടപ്പാക്കിയില്ല.
കുട്ടികളുടെ ജീവൻ രക്ഷിച്ചു; യോഗിയുടെ കണ്ണിലെ കരടായി
2017 ആഗസ്തില്‍ യോഗി ആദിത്യ നാഥിെൻറ മണ്ഡലമായ ഉത്തര്‍ പ്രദേശ് ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ നൂറോളം കുട്ടികൾ കൂട്ടത്തോടെ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാന്‍ വാർത്തകളിൽ നിറഞ്ഞത്. കുട്ടികളുടെ ഡോക്ടറായ ഇദ്ദേഹം, സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചാണ് രക്ഷാപ്രവര്‍ത്തം നടത്തിയത്. ഓക്സിജൻ തീരുമെന്ന കാര്യം ദിവസങ്ങൾക്ക് മുേമ്പ അധികൃതരെ അറിയിച്ചിട്ടും അവഗണിച്ചതാണ് കൂട്ടമരണത്തിനിടയാക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിൽ കലിപൂണ്ട യോഗി ഭരണകൂടം അന്ന് തുടങ്ങിയതാണ് ഇദ്ദേഹത്തെ വേട്ടയാടൽ.
സംഭവത്തിന് ഉത്തരവാദിയാണെന്നാരോപിച്ച് സസ്‌പെന്‍ഷനിലായ ഡോ. കഫീല്‍ ഖാനെ ജയലിലടച്ചു. എന്നാൽ, ഇതേകുറിച്ച് അന്വേഷിച്ച ഡോക്ടർമാരടങ്ങിയ അന്വേഷണ കമ്മീഷൻ ഇദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകി. സംഭവം നടക്കുമ്പോൾ ആശുപത്രിയിലെ എൻസഫലൈറ്റിസ് വാർഡിെൻറ നോഡൽ ഓഫിസർ ഡോ. ഖാൻ അല്ലായിരുന്നുവെന്നും, യാതൊരു ചുമതലയും ഇല്ലാതിരുന്നിട്ടുകൂടി ഡോ. ഖാൻ കുട്ടികളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ചെലവിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നു എന്നുമായിരുന്നു അന്വേഷണ റിപ്പോർട്ട്. നിരപരാധിയായ ഡോ. ഖാന് ജയിലിൽ ചെലവിടേണ്ടി വന്നത് നീണ്ട ഒമ്പതു മാസങ്ങളാണ്.
തുടർന്ന് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ജയിൽമോചിതനായ ശേഷം കേരളത്തിലടക്കം സ്വീകരണമേറ്റുവാങ്ങിയ ഇദ്ദേഹം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഇതിനിടെയാണ് പൗരത്വപ്രക്ഷോഭത്തിെൻറ പേരിൽ യോഗി സർക്കാർ വീണ്ടും ജയിലിലടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.