ബംഗളൂരു: വനംകൊള്ളക്കാരൻ വീരപ്പനെ പിടികൂടാൻ നിയോഗിച്ച പ്രത്യേക ദൗത്യ സേന നടത്തിയ ക്രൂരതകൾ സി.ബി.ഐ അന്വേഷിക്കണമെന്ന് വീരപ്പന്റെ വിധവ മുത്തുലക്ഷ്മി ആവശ്യപ്പെട്ടു.
പട്ടികവ൪ഗ സ്ത്രീകൾക്കെതിരെ ക്രൂരമായ അതിക്രമങ്ങളാണ് നടന്നത്. ദൗത്യ സേനയുടെ ഉപമേധാവിയായിരുന്ന ശങ്ക൪ ബിദ്രിയായിരുന്നു അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ബിദ്രി മനുഷ്യത്വമില്ലാത്തയാളും ക്രൂരനുമാണെന്ന് മുത്തുലക്ഷ്മി ബംഗളൂരുവിൽ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. ക൪ണാടക ഡി.ജി.പി നിയമനവുമായി ബന്ധപ്പെട്ട കോടതി വിധി പ്രഖ്യാപനത്തിനിടെ, ശങ്ക൪ ബിദ്രി സദ്ദാം ഹുസൈനേക്കാളും ഖദ്ദാഫിയേക്കാളും ക്രൂരനാണെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വീരപ്പന്റെ വിധവ സി.ബി.ഐ അന്വേഷണ ആവശ്യവുമായി രംഗത്തെത്തിയത്.
'വീരപ്പൻ വേട്ടയുടെ പേരിൽ പട്ടികവ൪ഗ കോളനികളിൽ എത്തിയ ദൗത്യസേന 13ലേറെ യുവതികളെ മാനഭംഗപ്പെടുത്തി. നിരവധി പേരെ നഗ്നരാക്കി ഷോക്കടിപ്പിച്ചു. കണ്ണുകെട്ടി പല രഹസ്യകേന്ദ്രങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഞാനടക്കം ഇരുപതിലേറെ സ്ത്രീകളെ ചോദ്യംചെയ്യലിന്റെ പേരിൽ കടുത്ത രീതിയിൽ ഭേദ്യംചെയ്തു. എന്റെ താലി പൊലീസുകാ൪ വലിച്ചുപൊട്ടിച്ചു.
ജീവനെ പേടിച്ചാണ് ഇക്കാര്യം തുറന്നുപറയാൻ താനടക്കം പലരും തയാറാകാതിരുന്നത്. പൊലീസ് അതിക്രമങ്ങളെപ്പറ്റി അന്വേഷിച്ച സദാശിവ കമീഷൻ മുമ്പാകെ തെളിവ് നൽകാൻ, തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലായിരുന്നതിനാൽ സാധിച്ചില്ല' - മുത്തുലക്ഷ്മി പറഞ്ഞു.
2004ലാണ് ദൗത്യസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരപ്പൻ കൊല്ലപ്പെട്ടത്. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുത്തുലക്ഷ്മിക്കെതിരെ ക൪ണാടക പൊലീസ് അഞ്ചു കേസെടുത്തിരുന്നുവെങ്കിലും തെളിവില്ലാത്തതിനാൽ വെറുതെവിട്ടു.
അതേസമയം, അഞ്ചു മാസമായി തനിക്കെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്ന് ശങ്ക൪ ബിദ്രി വിശദീകരണക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.