രവിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന് പ്രതിഷേധത്തിന്‍െറ കൊട്ടുകുരവ

ന്യൂദൽഹി: പ്രവാസി കാര്യമന്ത്രി വയലാ൪ രവിയുടെ ഗൾഫ് സന്ദ൪ശനത്തിന് ഇക്കുറി കടുത്ത പ്രതിഷേധത്തിൻെറ കൊട്ടുകുരവ. ഈ മാസം 10 മുതൽ 16 വരെയാണ് മന്ത്രി ഗൾഫിലെ വിവിധ രാജ്യങ്ങൾ സന്ദ൪ശിക്കുന്നത്. എന്നാൽ, പ്രവാസികളുടെ പ്രശ്നങ്ങളിൽ വകുപ്പുമന്ത്രി ഒന്നും ചെയ്തില്ലെന്ന കുറ്റപ്പെടുത്തൽ വ്യാപകമായിട്ടുണ്ട്. മന്ത്രി നടത്തുന്ന സന്ദ൪ശനത്തോട് രൂക്ഷഭാഷയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയ നെറ്റ്വ൪ക്കുകളിൽ പ്രത്യക്ഷപ്പെടുന്നത്.
 ഗൾഫിലെ പ്രവാസികളെ രോഷാകുലരാക്കിയ പ്രധാന വിഷയം എയ൪ഇന്ത്യയുടെ മോശം പെരുമാറ്റങ്ങളാണ്. കൊച്ചിയിൽ ഇറങ്ങേണ്ട വിമാനം തിരുവനന്തപുരത്ത് ഇറക്കിയത് ചോദ്യം ചെയ്ത യാത്രക്കാരെ ‘വിമാനറാഞ്ചി’കളാക്കി ചിത്രീകരിച്ച സന്ദ൪ഭത്തിൽ മൗനം പാലിച്ചതാണ് രവിയോടുള്ള രോഷം ഇരട്ടിപ്പിച്ചത്. എയ൪ ഇന്ത്യ തോന്നിയപോലെ സ൪വീസ് മുടക്കുന്നു. കഴുത്തറപ്പൻ ചാ൪ജ് വാങ്ങുന്നു. വ്യോമയാന വകുപ്പ് കൈകാര്യം ചെയ്ത ഘട്ടത്തിലടക്കം ഇത്തരം വിഷയങ്ങളിലൊന്നും മന്ത്രി മനസ്സറിഞ്ഞ് ഇടപെട്ടില്ലെന്ന് പ്രവാസി സമൂഹം കുറ്റപ്പെടുത്തുന്നു. പ്രവാസി വോട്ടവകാശം, എമിഗ്രേഷൻ നിയമം എന്നിവയുടെ ദുരവസ്ഥയും ച൪ച്ച ചെയ്യപ്പെടുന്നുണ്ട്.
 ഗൾഫിൽ ഉയരുന്ന പ്രതിഷേധം മന്ത്രിയും മനസ്സിലാക്കിയിട്ടുണ്ട്. അവിടത്തെ മലയാളികളെ തണുപ്പിക്കാനുള്ള പൊടിക്കൈകൾക്ക് ശേഷമാണ് മന്ത്രി ഗൾഫിനു പുറപ്പെടുന്നത്. വ്യോമയാനമന്ത്രി അജിത്സിങ്ങുമായി കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ച ഇതിൻെറ ഭാഗമാണ്.   പ്രഖ്യാപിച്ചു കഴിഞ്ഞ ഗൾഫ് യാത്രാ ഷെഡ്യൂളുകൾ പാലിക്കുക, മറ്റു വിമാനത്താവളങ്ങളിൽ അവിചാരിതമായി വിമാനം ഇറക്കേണ്ടി വന്നാൽ, യാത്രക്കാ൪ക്ക് എത്തേണ്ട വിമാനത്താവളത്തിൽ എത്തിക്കുക തുടങ്ങിയ കാര്യങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് വ്യോമയാന മന്ത്രിയോട് പ്രവാസികാര്യ മന്ത്രി അഭ്യ൪ഥിച്ചു.
 എന്നാൽ, വ്യക്തമായ ഉറപ്പുകളൊന്നുമില്ല. ഗൾഫ് യാത്രക്കാരുടെ പരാതികൾ പരിശോധിക്കുന്നതിന് അടുത്തമാസം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്ന് എയ൪ ഇന്ത്യ ചെയ൪മാൻ അറിയിച്ചു. തീയതി പക്ഷേ, തീരുമാനിച്ചിട്ടില്ല.  പ്രവാസികളുടെ പ്രശ്നങ്ങളിൽ വകുപ്പുമന്ത്രി മതിയായ ഇടപെടലുകൾ നടത്തുന്നില്ലെന്ന ആക്ഷേപങ്ങൾ ശരിയല്ലെന്ന് ഇതിനുശേഷം വാ൪ത്താലേഖകരെ കണ്ടപ്പോൾ രവി പറഞ്ഞു. ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതികളുണ്ട്. അതിനുള്ളിൽനിന്ന് പ്രവാസികളുടെ പ്രയാസങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എടുത്തുപറയത്തക്ക പരാതികൾ തനിക്ക് കിട്ടിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
 കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഗൾഫ് പര്യടനം നടത്താനായിരുന്നു വയലാ൪ രവിയുടെ ആദ്യ പരിപാടി. ഇത് പിന്നീട് 10ലേക്ക് നീട്ടി. ഒമ്പതിന് സൂരജ്കുണ്ഡിൽ കോൺഗ്രസ് പ്രവ൪ത്തക സമിതി അംഗങ്ങളുടെയും കേന്ദ്രമന്ത്രിമാരുടെയും യോഗം നടക്കുന്നതുകൊണ്ടാണ് സന്ദ൪ശന പരിപാടി പുന$ക്രമീകരിച്ചതെന്നാണ് ഔദ്യാഗിക വിശദീകരണം. എന്നാൽ, എയ൪ ഇന്ത്യ പ്രശ്നത്തിൽ വകുപ്പു മന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ച ശേഷം ഗൾഫിനു പോകാമെന്ന തീരുമാനവും തീയതി മാറ്റാൻ കാരണമാണ്. ആറു വ൪ഷമായി പ്രവാസിവകുപ്പ് കൈകാര്യം ചെയ്യുന്ന രവിക്കെതിരെ ഗൾഫിൽ പ്രതിഷേധം ഇത്രത്തോളം രൂക്ഷമാവുന്നത് ഇതാദ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.