തിരുവനന്തപുരം: കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ കൂട്ട അപ്പീലുകള്‍ അനുവദിച്ച മൂന്ന് ജില്ലകളിലെ ഡി.ഡി.ഇമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ പ്രഖ്യാപനം പാഴ്വാക്കായി. കോഴിക്കോട് കലോത്സവത്തില്‍ അപ്പീലുകള്‍ ആയിരത്തോളമടുത്ത് സര്‍വകാല റെക്കോഡ് ഇട്ടത് വിവാദമായതോടെയാണ് കൂട്ട അപ്പീലുകള്‍ അനുവദിച്ച കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ഡി.ഡി.ഇമാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
എന്നാല്‍, അന്വേഷണം ചട്ടപ്പടി നടന്നുവെന്നല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. മൂന്ന് ഡി.ഡി.ഇമാരും വഴിവിട്ടാണ് അപ്പീലുകള്‍ അനുവദിച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് അയക്കുക മാത്രമാണ് ഉണ്ടായത്. അധ്യാപക സംഘടനകളുടെ സമ്മര്‍ദമാണ് ഇതിനുപിന്നിലെന്നാണ് സൂചന.
കോഴിക്കോട്ടുനിന്ന് മാത്രം 250ലേറെ അപ്പീലുകളാണ് കഴിഞ്ഞതവണ ഉണ്ടായത്. ഇവയില്‍ പലതും അവസാന നിമിഷം അനുവദിച്ചതാണ്. ഇതുകൊണ്ട് കലോത്സവം സമയക്രമംതെറ്റി ആകെ കുത്തഴിഞ്ഞെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍, ലീഗ് അനുകൂല അധ്യാപക സംഘടനയാണ് കൂട്ട അപ്പീലുകള്‍ക്ക് പിന്നിലെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. അപ്പീലുകളില്‍ പലതും പാര്‍ട്ടി ഓഫിസില്‍വെച്ച് തീര്‍പ്പാക്കിയെന്ന ആരോപണമാണ് അന്ന് ഉയര്‍ന്നത്. പ്രമുഖ അണ്‍എയ്ഡഡ് സ്കൂളുകള്‍ അപ്പീല്‍ അനുവദിച്ചുകിട്ടാനെന്ന പേരില്‍ രക്ഷിതാക്കളില്‍നിന്ന് വന്‍തോതില്‍ പണപ്പിരിവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.