ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ആദ്യഘട്ടമായി മോചിപ്പിക്കുന്ന 34 ബന്ദികളുടെ പട്ടിക പുറത്തുവിട്ട് ഹമാസ്. 10 സ്ത്രീകളും 11 പുരുഷന്മാരും കുട്ടികളും ഇവരിൽ ഉൾപ്പെടും. എന്നാൽ, വെടിനിർത്തുകയും ഗസ്സയിൽനിന്ന് പൂർണമായി സൈന്യം പിന്മാറുകയും ചെയ്യുമെന്ന് ഉറപ്പുനൽകിയാൽ മാത്രമേ ബന്ദികളെ വിട്ടയക്കൂവെന്ന് ഹമാസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഹമാസ് നിർദേശങ്ങൾ അംഗീകരിക്കാൻ തയാറല്ലാത്ത ഇസ്രായേൽ ഇപ്പോഴും പിടിവാശി തുടരുകയാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതേസമയം, ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ ദോഹയിൽ നടക്കുന്ന ഗസ്സ വെടിനിർത്തൽ ചർച്ചയിൽ വീണ്ടും ഭിന്നതയുണ്ടായതായാണ് വിവരം. മോചിപ്പിക്കാനുദ്ദേശിക്കുന്ന ബന്ദികളുടെ പേരുകൾ ഹമാസ് കൈമാറിയെന്ന റിപ്പോർട്ടുകൾ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് തള്ളി. മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ബന്ദികളുടെ പേരുകൾ ഹമാസ് ഇസ്രായേലിന് നൽകിയതല്ല, മറിച്ച് ഇസ്രായേൽ മധ്യസ്ഥർക്ക് കൈമാറിയതാണ്. പട്ടികയിലുള്ള ബന്ദികളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഹമാസിൽനിന്ന് ഒരു മറുപടിയും ലഭിച്ചില്ലെന്നും പ്രസ്താവനയിൽ പ്രതികരിച്ചു. ജനുവരി 20ന് ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേൽക്കുന്നതിനുമുമ്പ് വെടിനിർത്തൽ കരാർ യഥാർഥ്യമാക്കാനാണ് കഴിഞ്ഞയാഴ്ച വീണ്ടും ചർച്ചക്ക് തുടക്കമിട്ടത്. ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിനുമേൽ വെടിനിർത്തലിന് സമ്മർദം ചെലുത്തുന്നതിനാണ് ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടതെന്നാണ് സൂചന.
തെൽ അവിവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേലികൾ സഞ്ചരിച്ച ബസിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റു. ഫലസ്തീൻ ഗ്രാമമായ അൽ ഫുൻദുഖിലെ പ്രധാന റോഡിലാണ് വെടിവെപ്പുണ്ടായത്. 60 വയസ്സുള്ള രണ്ട് സ്ത്രീകളും 40 വയസ്സുള്ളയാളുമാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേലിന്റെ മേഗൻ ഡേവിഡ് ആദം രക്ഷാപ്രവർത്തന സംഘം അറിയിച്ചു. ആക്രമിയെയും കൊല്ലപ്പെട്ടവരെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സൈനിക വൃത്തങ്ങൾ പറഞ്ഞു. 1967ലെ പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത മേഖലകളിലൊന്നാണ് വെസ്റ്റ് ബാങ്ക്. ഇവിടെ അഞ്ചുലക്ഷം അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുണ്ടെന്നാണ് വിവരം. ഗസ്സ ആക്രമണം തുടങ്ങിയ ശേഷം നിരവധി തവണ ഇസ്രായേൽ ഇവിടെ കനത്ത റെയ്ഡുകളും വെടിവെപ്പും നടത്തിയിരുന്നു. ഇതേത്തുടർന്ന് വെസ്റ്റ് ബാങ്കിൽ മാത്രം 835 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.