തിരുവനന്തപുരം: മൊബൈല്‍ഫോണ്‍ വ്യക്തിജീവിതത്തെ ബാധിക്കുന്നതെങ്ങനെയെന്ന് വരച്ചുവെച്ച റഫീഫ പര്‍വീണ്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം കഥാരചനയില്‍ ഒന്നാമതായി. ‘മൊബൈല്‍ ജീവിതങ്ങള്‍’ എന്നതായിരുന്നു വിഷയം. ഭാര്യയും മക്കളുമടക്കം കുടുംബമുള്ളപ്പോഴും അവര്‍ക്കിടയില്‍ ഒറ്റപ്പെട്ട ഉദ്യോഗസ്ഥന്‍െറ ജീവിതത്തിലൂടെയാണ് റഫീഫയുടെ ‘ഇര’ എന്ന കഥ നീങ്ങുന്നത്. ‘ചൂടുപിടിച്ച സ്വപ്നങ്ങളെ പൂവന്‍കോഴിയുടെ ശബ്ദത്തില്‍ അലാറം ട്യൂണ്‍ ആട്ടിയകറ്റിയപ്പോഴാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്...’ എന്നാണ് കഥാതുടക്കം.
എല്ലാവരും മൊബൈല്‍ഫോണുകളില്‍ തലപൂഴ്ത്തിയിരിക്കുമ്പോള്‍ മൗനത്തിന്‍െറ തുരുത്തുകളില്‍ പെട്ടുപോകുന്ന ഉദ്യോഗസ്ഥന്‍, അയാള്‍പോലുമറിയാതെ ഇരയായി മാറുന്നു. വിശ്വാസംപോലും സാങ്കേതികതക്ക് അടിപ്പെടുന്ന കാലത്ത് തന്‍െറ തീരുമാനം ദൈവത്തിന് മെയില്‍ ചെയ്യുന്നു. ദൈവം മറുപടി മെയില്‍ അയക്കുമ്പോഴേക്കും അയാള്‍ മരണത്തെ വരിച്ചിരുന്നു. ‘ഒരു കള്ളക്കാമുകിയുടെ ചാഞ്ചല്യത്തോടെ ആ കയര്‍ കഴുത്തിനെ ചുംബിക്കുകയും ഫാനുമായി മദാലസ നൃത്തത്തില്‍ ഏര്‍പ്പെടുകയും ചെയ്തു...’ റഫീഫ കഥയില്‍ പറഞ്ഞുവെക്കുന്നുണ്ട്. ‘ആ ദൃശ്യം അതുവഴിവന്ന കാറ്റ് അടുത്ത മുറിയിലേക്ക് സെന്‍ഡ് ചെയ്തു.
ദ വിഡിയോ സക്സസ്ഫുള്ളി സെന്‍ഡ്!’ വരികളോടെയാണ് കഥ അവസാനിക്കുന്നത്. പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ പ്ളസ് ടു സയന്‍സ് വിദ്യാര്‍ഥിയായ റഫീഫ കൊളത്തൂര്‍ എടത്തൊടി കാക്കശ്ശേരിയില്‍ ഇ.കെ. ആമിനയുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.