കളിമുറുക്കത്തില്‍ ചുവടുപിഴച്ച് കോല്‍ക്കളി

തിരുവനന്തപുരം: കളിമുറുക്കത്തില്‍ ചുവടുകള്‍ പിഴച്ച് കോല്‍ക്കളി വേദി. ഹയര്‍ സെക്കന്‍ഡറി വിഭാഗം കോല്‍ക്കളി മത്സരത്തിലാണ് ആദ്യം വേദിയില്‍ കയറിയ പത്തില്‍ നാല് ടീമുകള്‍ക്കും ചുവടുകള്‍ പിഴച്ചത്. സങ്കീര്‍ണതയുടെ കോലൊച്ച കേള്‍പ്പിക്കാനുള്ള ടീമുകളുടെ ശ്രമമാണ് പാളിയത്. വി.ജെ.ടി ഹാളിന്‍െറ സ്ഥലപരിമിതിമൂലം കിഴക്കേകോട്ട പ്രിയദര്‍ശിനി ഹാളിലേക്ക് മാറ്റിയ മത്സരം കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. ഒന്നിനൊന്ന് മികച്ച പ്രകടനവുമായി മുന്നേറിയ മത്സരത്തില്‍ ചുവടുപിഴക്കല്‍ കല്ലുകടിയായി. സങ്കീര്‍ണമായ ചുവടുകളിലേക്ക് കടന്നതോടെയാണ് മിക്ക ടീമുകള്‍ക്കും കളിതെറ്റിയത്. വലിയതാളക്കളി, ചെറിയതാളക്കളി, ഒഴിച്ചുകളിമുട്ട്, മറിഞ്ഞടി മിനിക്കളി തുടങ്ങിയവയാണ് മിക്ക ടീമുകളും പുറത്തെടുത്തത്. കോല്‍ക്കളിപെരുമയുടെ നാടായ എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിനെ ജില്ലാ മത്സരത്തില്‍ പിന്നിലാക്കി മലപ്പുറത്തുനിന്ന് തലസ്ഥാനത്തേക്ക് വണ്ടികയറിയ കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസ്, തലശ്ശേരി മുബാറക് എച്ച്.എസ്.എസ് തുടങ്ങിയ ടീമുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രാത്രി വൈകിയും തുടര്‍ന്ന മത്സരത്തില്‍ ആറ് അപ്പീല്‍ ഉള്‍പ്പെടെ 20 ടീമുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.