വിധിനിര്‍ണയത്തിലെ ക്രമക്കേട്; തബലയില്‍ ഗ്രേഡുകള്‍ മാറിമറിഞ്ഞു

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒരു മത്സരാര്‍ഥിക്ക് 100ല്‍ 100 മാര്‍ക്കും നല്‍കിയ വിധിനിര്‍ണയം റദ്ദാക്കി പുതിയ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഗ്രേഡുകള്‍ മാറിമറിഞ്ഞു. ഹയര്‍ സെക്കന്‍ഡറി തബല മത്സരത്തിന്‍െറ പുതുക്കിയ ഫലത്തിലാണിത്. നേരത്തേ സി ഗ്രേഡ് ലഭിച്ചവര്‍ക്കെല്ലാം പുതുക്കിയ ഫലം വന്നപ്പോള്‍ ബി ഗ്രേഡും ബി ഗ്രേഡുകാര്‍ക്ക് എ ഗ്രേഡുമായി. നേരത്തേ മൂന്നാം സ്ഥാനത്തായിരുന്ന പാലക്കാട് ചാത്തന്നൂര്‍ ജി.എച്ച്.എസ്.എസിലെ രവി വേണുഗോപാല്‍ നാലാം സ്ഥാനത്തും നാലാം സ്ഥാനത്തുണ്ടായിരുന്ന എറണാകുളം മൂത്തകുന്നം എസ്.എന്‍.എം.എച്ച്.എസ്.എസിലെ കെ. ഗോകുല്‍സായ് മൂന്നാമതുമായി. ആദ്യ ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ മാറ്റമില്ല.

തൃശൂര്‍ ചെറുതുരുത്തി ഗവ. എച്ച്.എസ്.എസിലെ സാഹില്‍ പി. നാസറിനാണ് ഒന്നാം സ്ഥാനം. തിരുവനന്തപുരം വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ ജി.എസ്. ഗോകുല്‍ കാര്‍ത്തിക്കിനാണ് രണ്ടാം സ്ഥാനം. ഒരു മത്സരാര്‍ഥിക്ക് 100ല്‍ 100 മാര്‍ക്കും നല്‍കിയതായി കണ്ടത്തെിയതിനെ തുടര്‍ന്ന് അപ്പീല്‍ കമ്മിറ്റി വിധികര്‍ത്താക്കളില്‍പെട്ട പി. ശ്രീഹരിക്ക് ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ചത് ‘മാധ്യമം’ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യം നല്‍കിയ 80 മാര്‍ക്ക് വെട്ടിത്തിരുത്തി 100 ആക്കി നല്‍കുകയായിരുന്നു. ടാബുലേഷന്‍ ഷീറ്റിലായിരുന്നു ഇത്. ആകാശവാണി ചെന്നൈ നിലയത്തിലെ തബല ആര്‍ട്ടിസ്റ്റായ പി. ശ്രീഹരി ശനിയാഴ്ച മത്സരം കഴിഞ്ഞയുടന്‍ സ്ഥലം വിട്ടിരുന്നു. വിധിനിര്‍ണയത്തിനെതിരെ മത്സരാര്‍ഥികളായ അര്‍ജുന്‍ വി. പിള്ള, കെ.വി. ഋഷികേശ്, ജി.എസ്. ഗോകുല്‍ കാര്‍ത്തിക് എന്നിവര്‍ അപ്പീല്‍ നല്‍കിയതോടെയാണ് ഹയര്‍ അപ്പീല്‍ കമ്മിറ്റി  രേഖകള്‍ പരിശോധിച്ചത്.

ക്രമക്കേട് കണ്ടത്തെിയതോടെ പി. ശ്രീഹരിയെ കലോത്സവ വിധിനിര്‍ണയത്തില്‍നിന്ന് ആജീവനാന്തം വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറും അപ്പീല്‍ കമ്മിറ്റി അധ്യക്ഷയുമായ എം.എസ്. ജയ ഉത്തരവിറക്കി. തുടരന്വേഷണം പൊലീസിന് കൈമാറാനുമാണ് തീരുമാനം.  മറ്റ് രണ്ട് വിധികര്‍ത്താക്കളായ ജെയ്ന്‍ പൈനാടത്ത്, കെ.സി ആന്‍റണി എന്നിവരുടെ വിധിനിര്‍ണയം മാത്രം പരിഗണിച്ചാണ് പുതുക്കിയ ഫലം ഞായറാഴ്ച ഉച്ചയോടെ പ്രസിദ്ധീകരിച്ചത്. ഇതര മത്സരാര്‍ഥികള്‍ക്ക് ശ്രീഹരി മാര്‍ക്ക് ക്രമാതീതമായി കുറച്ചതായും കണ്ടത്തെിയിരുന്നു.

ശ്രീഹരിയുടെ വിധിനിര്‍ണയം ഒഴിവാക്കിയതോടെയാണ് ഇവരുടെ ഗ്രേഡുകള്‍ ഉയര്‍ന്നത്. വിധിനിര്‍ണയത്തില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന ആക്ഷേപങ്ങള്‍ സാധൂകരിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്തെിയ സ്കോര്‍ഷീറ്റിലെ വെട്ടിത്തിരുത്തല്‍. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മറ്റൊരു ഇനത്തിലും 100ല്‍ 100 മാര്‍ക്ക് നല്‍കിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.