ജില്ലയില്‍ ‘വെട്ടിയ’ കുട്ടി ബാലാവകാശ കമീഷന്‍െറ തുണയില്‍ രണ്ടാമത്

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കൂടുതല്‍ മത്സരഫലങ്ങള്‍ പുറത്തുവന്നതോടെ കോഴിക്കോട് ജില്ലയിലടക്കം നടന്ന വിധിനിര്‍ണയത്തിലെ അപാകതകള്‍ പുറത്ത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം മോണോആക്ട് മത്സരത്തില്‍ വിധികര്‍ത്താക്കള്‍ ബോധപൂര്‍വം തോല്‍പ്പിച്ചെന്ന് ആരോപണമുയര്‍ന്ന കോഴിക്കോട് സില്‍വര്‍ ഹില്‍സിലെ കീര്‍ത്തന പ്രദീപിനാണ് സംസ്ഥാന ബാലാവകാശ കമീഷന്‍െറ അപ്പീല്‍ തുണയായത്. അവിടെ ഒന്നാംസ്ഥാനത്തത്തെിച്ചെന്ന് ആരോപണമുയര്‍ന്ന കുട്ടിക്കാകട്ടെ സംസ്ഥാനതലത്തില്‍ കിട്ടിയത് അഞ്ചാംസ്ഥാനവും.

കീര്‍ത്തനയുടെ പിതാവ് പ്രദീപ്കുമാര്‍ വിവരാവകാശ നിയമപ്രകാരം സ്കോര്‍ഷീറ്റ് ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ച മറുപടിയിലാണ് തിരിമറി വ്യക്തമായത്. ജില്ലാതലത്തില്‍ ആദ്യം കീര്‍ത്തനക്ക് 236 മാര്‍ക്കും മറ്റേയാള്‍ക്ക് 235 മാര്‍ക്കുമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഒരു വിധികര്‍ത്താവ് താന്‍ നല്‍കിയ 70 മാര്‍ക്കില്‍ 13 മാര്‍ക്ക് കൂടി കൂട്ടി സ്കോര്‍ഷീറ്റ് തിരുത്തി. ഇത്തരത്തില്‍ എതിരാളിയുടെ മാര്‍ക്ക് 83 ആക്കി. അങ്ങനെ മൊത്തം 248 മാര്‍ക്ക് ആക്കിയാണ് എതിരാളിയെ വിജയിപ്പിച്ചതെന്നാണ് കീര്‍ത്തനയുടെ പിതാവിന്‍െറ ആരോപണം. വിവരാവകാശ മറുപടിയായി കിട്ടിയ സ്കോര്‍ഷീറ്റില്‍ ഈ തിരുത്തല്‍ വ്യക്തമാണ്.

ജില്ലാതലത്തില്‍ കീര്‍ത്തന അപ്പീല്‍ പോയെങ്കിലും അത് തള്ളി. തുടര്‍ന്നാണ് വിവരാവകാശ അപേക്ഷ നല്‍കിയത്. കിട്ടിയ രേഖയുമായി പിതാവ് ബാലാവകാശ കമീഷന് അപ്പീല്‍ നല്‍കുകയായിരുന്നു. രേഖകള്‍ പരിശോധിച്ച ബാലാവകാശ കമീഷന്‍ കുട്ടിയെ സംസ്ഥാനതലത്തില്‍ പങ്കെടുപ്പിക്കാന്‍ ഉത്തരവിട്ടു. ഇത്തരത്തില്‍ സാങ്കേതികമായി ബോധ്യപ്പെടുന്ന പരാതികളിലാണ് തങ്ങള്‍ അപ്പീല്‍ അനുവദിക്കുന്നതെന്നാണ് ബാലാവകാശ കമീഷന്‍ വ്യക്തമാക്കുന്നത്.

ഇതുവരെ അപ്പീലിലൂടെ എത്തിയ അമ്പതോളം കുട്ടികള്‍ സംസ്ഥാനതലത്തില്‍ വിജയിക്കുന്നത് താഴത്തെട്ടിലുള്ള വിധിനിര്‍ണയത്തിന്‍െറ പോരായ്മയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍, സംഭവിച്ചത് ടാബുലേഷന്‍ തകരാര്‍ മാത്രമാണെന്നാണ് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ പറയുന്നത്. സ്കോര്‍ഷീറ്റില്‍ തിരുത്തല്‍ വരുത്താന്‍ പാടില്ളെന്ന് വ്യവസ്ഥയില്ളെന്നും അവര്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.