കുതിക്കാനൊരുങ്ങുമ്പോഴും കോഴിക്കോട് കിതച്ചുതന്നെ

ഓണവും പെരുന്നാളും ഒന്നും വേണ്ട, നഗരഗതാഗതം അലങ്കോലമാവാന്‍. എല്ലാ ദിവസത്തെയും സായാഹ്നങ്ങളിലെ ജനം മതിയാകും. ഞായറാഴ്ച പോലുള്ള അവധി ദിവസമാണേല്‍ പറയാവുന്നതിലും അപ്പുറമാണത്. മോണോ റെയില്‍ വരുമെന്നു പ്രതീക്ഷിച്ച് കുറെ പ്രവൃത്തി നടന്നു. കുറെ കഴിഞ്ഞപ്പോള്‍ പറയുന്നു മോണോ റെയിലല്ല ലൈറ്റ് മെട്രോ ആണ് സ്ഥാപിക്കുന്നതെന്ന്.

ഗതാഗതക്കുരുക്ക് മാത്രമല്ല പ്രശ്നം. നഗരത്തിലത്തെിയാല്‍ മൂത്രമൊഴിക്കണമെങ്കില്‍ പോലും വലിയ പ്രയാസം. പുതിയ ബസ്സ്റ്റാന്‍ഡില്‍ മൂത്രപ്പുരയുണ്ട്. പക്ഷേ, അകത്തു കയറണമെങ്കില്‍ വല്ല മാസ്കും ധരിക്കണം. അല്ളെങ്കില്‍ ജലദോഷമെങ്കിലും നിര്‍ബന്ധം. പാര്‍ക്കിങ് പ്രശ്നം അതിനപ്പുറം. വലിയ പദ്ധതികള്‍ എല്ലാ കാലത്തും പ്രഖ്യാപിക്കുന്നുവെങ്കിലും ഒന്നുമുണ്ടാവാറില്ല. ദിവസവും പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമ്പോഴും നഗരം കാത്തിരിക്കുന്നത് വീമ്പുപറച്ചിലും പ്രഖ്യാപനങ്ങളുമല്ല. കൃത്യവും ദീര്‍ഘദൃഷ്ടിയുമുള്ള ഒരു മാസ്റ്റര്‍ പ്ളാന്‍ ആണ്.

വരുന്നു നഗരപാതകള്‍

നഗരത്തിന്‍െറ മുഖച്ഛായ മാറ്റുന്ന ആറു റോഡുകളാണ് ഒരുങ്ങുന്നത്. സ്റ്റേഡിയം ജങ്ഷന്‍-പുതിയറ, കാരപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം-കല്ലുത്താന്‍ കടവ്, വെള്ളിമാടുകുന്ന്-കോവൂര്‍, ഗാന്ധിറോഡ്-മിനി ബൈപാസ്-കുനിയില്‍ക്കടവ്-മാവൂര്‍ റോഡ് ജങ്ഷന്‍, പുനത്തുതാഴം-സി.ഡബ്ള്യു.ആര്‍.ഡി.എം, പുഷ്പ ജങ്ഷന്‍-മാങ്കാവ് ജങ്ഷന്‍ എന്നീ റോഡുകളാണ് പദ്ധതി പ്രകാരം നവീകരിക്കുന്നത്. 22.5 കിലോമീറ്ററാണ് ആറു റോഡുകളുടെ ദൈര്‍ഘ്യം. അഴുക്കുചാല്‍, തെരുവുവിളക്ക്, സിഗ്നലുകള്‍, നടപ്പാതകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി കേരള റോഡ് ഫണ്ട് ബോര്‍ഡിനു കീഴിലാണ് റോഡ് വികസനം. 10 വര്‍ഷത്തെ പരിപാലനം ഉള്‍പ്പെടെ 693 കോടിയാണ് പദ്ധതിയുടെ ചെലവ്. ഇതില്‍ 249 കോടിയാണ് പ്രവൃത്തി ചെലവ്. നിര്‍മാണ രംഗത്തെ പ്രമുഖരായ ഊരാളുങ്കല്‍ സൊസൈറ്റിയാണ് ടെന്‍ഡര്‍ ഏറ്റെടുത്തത്. പ്രവൃത്തി പുരോഗമിക്കുന്നു. ഈ പാത വരുന്നതോടെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനൊപ്പം വൃത്തിയും വെടിപ്പുമുള്ള നഗരമെന്ന സ്വപ്നവും ഏറക്കുറെ സഫലമാവും. റോഡിന്‍െറ പരിപാലനവും കമ്പനി ഏറ്റെടുത്തതിനാല്‍ നഗരപാത കോഴിക്കോടിന് മുതല്‍ക്കൂട്ടാകും.

വരട്ടെ ഇനിയും മേല്‍പാലങ്ങള്‍

തിരക്കേറിയ നഗരത്തിന് ഇനി വേണ്ടത് കൂടുതല്‍ മേല്‍പാലങ്ങളാണ്. എരഞ്ഞിപ്പാലം, തൊണ്ടയാട്, മലാപ്പറമ്പ് ജങ്ഷനുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മേല്‍പാലങ്ങള്‍ നിര്‍ബന്ധമാണ്. ദേശീയപാത ബൈപാസില്‍ രാമനാട്ടുകര, തൊണ്ടയാട് എന്നിവിടങ്ങളില്‍ മേല്‍പാലം പണി തുടങ്ങിക്കഴിഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. ബൈപാസിലെ തിരക്ക് കണക്കിലെടുത്താണ് മേല്‍പാലം പണിയുന്നത്. ബൈപാസിലെ ഇരു സൈബര്‍പാര്‍ക്കുകള്‍  കൂടി സജീവമായാല്‍ ഈ ഭാഗത്തെ തിരക്ക് ഇനിയും കൂടും. എരഞ്ഞിപ്പാലത്തും മലാപ്പറമ്പിലും മേല്‍പാലങ്ങള്‍ അത്യാവശ്യമാണ്. അതീവ തിരക്കേറിയ നഗരത്തില്‍ റോഡ് വീതികൂട്ടുന്നത് പ്രായോഗികമല്ല. പകരം മേല്‍പാല റോഡുകള്‍ പരീക്ഷിക്കണം. ലൈറ്റ് മെട്രോ കടന്നുപോകാത്ത വഴികളില്‍ ഇത്തരം റോഡുകള്‍ പണിയുന്നതു വഴി സ്ഥലമേറ്റെടുപ്പ് പ്രശ്നം ഒഴിവാക്കാന്‍ സാധിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇത്തരം റോഡുകള്‍ ഒരു പരിധി വരെ സഹായിക്കും.

ലൈറ്റ് മെട്രോ

മോണോറെയിലിനു പകരമായാണ് ലൈറ്റ് മെട്രോ സ്ഥാപിക്കുന്നത്. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനാണ് കരാര്‍. രണ്ടു കോച്ചുള്ള ലൈറ്റ് മെട്രോ ആണ് കോഴിക്കോട് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലാവധി തീരുന്നതിനു മുമ്പേ പ്രവൃത്തി ഉദ്ഘാടനവും നടത്തി. പന്നിയങ്കര മേല്‍പാലത്തിന്‍െറ പ്രവൃത്തിയാണ് പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ പുരോഗമിക്കുന്നത്. കല്ലായിയില്‍നിന്ന് പയ്യാനക്കല്‍ ഭാഗത്തേക്കുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പാലം വരുന്നതോടെ സാധിക്കും. എന്നാല്‍, ലൈറ്റ് മെട്രോ കൊണ്ട് വലിയ കാര്യമില്ളെന്ന പരാതിയും നിലവിലുണ്ട്. കോടികള്‍ ചെലവഴിക്കുന്ന പദ്ധതി ലാഭത്തിലാവാന്‍ പതിറ്റാണ്ടുകള്‍ കഴിയണമെന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്. ഇതിനു പകരം കുറച്ച് മേല്‍പാലങ്ങള്‍ നഗരത്തില്‍ പണിയുകയാണ് വേണ്ടതെന്നും പറയുന്നു.

കൊതുകുശല്യവും  തെരുവുനായ്ക്കളും

കൊച്ചിയോളം വരില്ളെങ്കിലും കോഴിക്കോട് നഗരത്തിലും കൊതുകുശല്യം രൂക്ഷമാണ്. നഗരത്തില്‍ രാപ്പാര്‍ക്കേണ്ടിവരുന്നവര്‍ കൊതുകുകടി സഹിക്കുകയേ നിര്‍വാഹമുള്ളൂ. കൊതുകു നശീകരണം ലക്ഷ്യമിട്ട് റെസിഡന്‍റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ക്ളീന്‍ കൊച്ചി മിഷന്‍ നടപ്പാക്കാന്‍ നഗരസഭ തീരുമാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. കനാലുകള്‍ വൃത്തിയാക്കിയും ഫോഗിങ് മെഷീനുകള്‍ കൂടുതല്‍ വാങ്ങിയും ഇക്കാര്യത്തില്‍ കോഴിക്കോട് കോര്‍പറേഷനും കുറെ ചെയ്യാനുണ്ട്.

ഡെങ്കിപ്പനി പോലുള്ളവ പടരുന്ന വേളയില്‍ മാത്രമാണ് കൊതുകു നശീകരണം എല്ലാവരുടെയും മനസ്സില്‍ വരുന്നത്. മഴ പെയ്താല്‍ മാവൂര്‍ റോഡ്, കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ കനാലുകളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണ്. കനാല്‍ നിറഞ്ഞൊഴുകി മലം പുറത്തു പടരുമ്പോഴും ആരും ഇടപെടുന്നില്ല. ചില ഹോട്ടലുകളും സ്ഥാപനങ്ങളും കക്കൂസ് മാലിന്യം തള്ളുന്നത് നിര്‍ബാധം തുടരുന്നു. തെരുവുനായ് ശല്യവും നഗരവാസികളെ ഭീതിയിലാഴ്ത്തുന്നു. ഇതിനെതിരെയും കാര്യമായ നടപടിയുണ്ടായിട്ടില്ല.

മിഴിതുറക്കട്ടെ കൂടുതല്‍ കാമറകള്‍

നഗരത്തിലെ പ്രധാന ജങ്ഷനുകളിലൊക്കെ സി.സി.ടി.വി കാമറകളുണ്ട്. പിടിച്ചുപറിയും പോക്കറ്റടിയുമൊക്കെ കുറക്കാനും പ്രതികളെ പിടികൂടാനും ഇനിയും കാമറകള്‍ സ്ഥാപിക്കണം. പൊലീസ് സ്ഥാപിച്ച കാമറകള്‍ പലതും മിഴിയടച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലാണ് പോക്കറ്റടി കൂടുതല്‍. നടക്കാവ് പൊലീസില്‍ ഒട്ടേറെ പരാതികളാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ സംഭവത്തില്‍ മാത്രം ലഭിക്കുന്നത്. കാമറ സ്ഥാപിക്കുകയാണ് ഇതിനും പോംവഴി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.