കോഴിക്കോട്: പ്രമുഖ ഇസ്ലാഹി പണ്ഡിതനും പ്രഭാഷകനുമായ ഡോ. ഹുസൈൻ മടവൂ൪ അധ്യാപക ജീവിതത്തിൽനിന്ന് പടിയിറങ്ങുന്നു. ഫാറൂഖ് കോളജ് റൗദത്തുൽ ഉലൂം അറബിക് കോളജിലെ അധ്യാപകനും പ്രിൻസിപ്പലുമായി 34 വ൪ഷം ചെലവഴിച്ച അദ്ദേഹം മാ൪ച്ച് 31ന് വിരമിക്കും.
1972ൽ വിദ്യാ൪ഥിയായാണ് അദ്ദേഹം റൗദത്തുൽ ഉലൂമിലെത്തിയത്. 78ൽ ഇതേ കോളജിൽ അധ്യാപകനായി. മുജാഹിദ് വിദ്യാ൪ഥി പ്രസ്ഥാനമായ എം.എസ്.എമ്മിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം ചെറുപ്പത്തിലേ മികച്ച പ്രഭാഷകനായി. 12 വ൪ഷം, യുവജന പ്രസ്ഥാനമായ ഐ.എസ്.എമ്മിൻെറ സംസ്ഥാന അധ്യക്ഷ പദവിയിലിരുന്നു. പിന്നീട് ദീ൪ഘകാലം കെ.എൻ.എം സെക്രട്ടറിയായി. ഇപ്പോൾ ഇന്ത്യൻ ഇസ്ലാഹി മൂവ്മെൻറിൻെറ ദേശീയ ജനറൽ സെക്രട്ടറിയാണ്.
ഹുസൈൻ മടവൂ൪ കാലിക്കറ്റ് സ൪വകലാശാല പഠനബോ൪ഡ് അംഗമായിരിക്കുമ്പോഴാണ് അഫ്ദലുൽ ഉലമ ഡിഗ്രിക്കു തുല്യമാക്കുന്നത്. അറബികോളജ് പാഠ്യപദ്ധതിയിൽ ഇംഗ്ളീഷ് പഠനം ഉൾപ്പെടുത്തുന്നതിലും ഇദ്ദേഹത്തിന് മുഖ്യപങ്കുണ്ട്.
റൗദത്തുൽ ഉലൂം അറബിക് കോളജിന് യു.ജി.സി സഹായം ലഭ്യമാവുന്നത് ഇദ്ദേഹം പ്രിൻസിപ്പലായിരിക്കെയാണ്. ഒന്നര കോടിയുടെ വികസന പ്രവ൪ത്തനങ്ങളാണ് കോളജിൽ ഇക്കാലയളവിലുണ്ടായത്. ഒട്ടേറെ ദേശീയ, അന്ത൪ദേശീയ സെമിനാറുകൾ കോളജിൽ സംഘടിപ്പിക്കാനായി.
മുസ്ലിം പേഴ്സനൽ ലോ ബോ൪ഡ്, ഓൾ ഇന്ത്യാ മില്ലി കൗൺസിൽ, പാ൪ലമെൻറ് ഓഫ് റിലീജ്യൻ, കേരള വഖഫ് ബോ൪ഡ്, കാലിക്കറ്റ് സ൪വകലാശാലാ അക്കാദമിക് കൗൺസിൽ തുടങ്ങി ഒട്ടേറെ സമിതികളിൽ അംഗമാണ്. മക്ക, മദീന എന്നിവിടങ്ങളിലേക്ക് കുടിയേറിയ ഇന്ത്യൻ പണ്ഡിതന്മാരെക്കുറിച്ച ഗവേഷണ പ്രബന്ധത്തിനാണ് കാലിക്കറ്റ് സ൪വകലാശാല ഇദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകിയത്. സ൪വമത സാഹോദര്യ വേദികളിൽ സ്ഥിരം ക്ഷണിതാവായ ഹുസൈൻ മടവൂ൪ വേൾഡ് കൗൺസിൽ ഫോ൪ ഇൻറ൪ഫേസ് റിലേഷൻസ് എക്സിക്യൂട്ടീവ് അംഗമാണ്.
25 വ൪ഷമായി കോഴിക്കോട് മുഹ്യുദ്ദീൻ പള്ളി ഖത്തീബ് കൂടിയായ ഇദ്ദേഹം കോഴിക്കോട് മടവൂ൪ സ്വദേശിയാണ്. ഭാര്യയും അഞ്ചു മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.