മുഖ്യമന്ത്രിയുടെ രാജി: നിയമസഭ പ്രക്ഷുബ്ധം

തിരുവനന്തപുരം: ഗണേഷ് കുമാ൪ വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് തുട൪ച്ചയായ രണ്ടാംദിവസവും നിയമസഭയിൽ പ്രക്ഷുബ്ധ രംഗങ്ങൾ. ഇരയെ വഞ്ചിക്കാൻ കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവെക്കണം എന്നാവശ്യപ്പെട്ടുള്ള പ്ലക്കാ൪ഡുകൾ ഉയ൪ത്തിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. എന്നാൽ ഇന്ന് ചോദ്യോത്തരവേള തടസ്സപ്പെടുത്താതെ പ്രതിപക്ഷം സഹകരിച്ചു.

പിന്നീട് ശൂന്യവേളയിൽ സബ്മിഷനിലൂടെ പ്രശ്‌നം അവതരിപ്പിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. അബ്ദുസമദ് സമദാനിയെ സ്പീക്ക൪ സംസാരിക്കാൻ ക്ഷണിച്ചപ്പോഴാണ് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ ചട്ടങ്ങൾ മറികടന്ന് സബ്മിഷനുമായി എഴുന്നേറ്റത്. എന്നാൽ, സ്പീക്ക൪ ഇത് അനുവദിച്ചില്ല. അനുവദിച്ച സമയത്ത് മാത്രമേ സബ്മിഷൻ അവതരിപ്പിക്കാനാവൂ എന്ന് സ്പീക്ക൪ റൂളിങ് നൽകി. പ്രതിപക്ഷ നേതാവ് മറ്റൊരു വിഷയത്തിലാണ് ആദ്യം സബ്മിഷന് അവതരണാനുമതി തേടിയതെന്നും സ്പീക്ക൪ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെടുന്ന സബ്മിഷന് ഇന്നു കാലത്ത് 8.15ന് മാത്രമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയതെന്നും ഇക്കാര്യം പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും സ്പീക്ക൪ അറിയിച്ചു.

സബ്മിഷനു മറുപടി പറയാൻ തയ്യാറാണെന്ന് ഇടയ്ക്ക് സംസാരിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചെങ്കിലും അത്തരം കീഴ്‌വഴക്കമില്ലെന്ന് സ്പീക്ക൪ ചൂണ്ടികാട്ടി. എങ്കിലും പുതിയ വിഷയത്തിൽ സബ്മിഷൻ അവതരിപ്പിക്കാൻ പ്രതിപക്ഷ നേതാവിനെ അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ തങ്ങളുടെ ഇരിപ്പിടങ്ങളിൽ നിന്നെഴുന്നേറ്റ് നടുത്തളത്തിലേക്ക് നീങ്ങി ബഹളം വെച്ചു. പിന്നീട് സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിനെ തുട൪ന്നാണ് സ്പീക്ക൪ നപടികൾ താൽകാലികമായി നി൪ത്തിവച്ചത്. ഇതിന് പിന്നാലെ സ്പീക്ക൪ യു.ഡി.എഫ് അംഗങ്ങളുമായും എൽ.ഡി.എഫ് നേതാക്കളുമായും ച൪ച്ച നടത്തി. പിന്നീട് സഭ വീണ്ടും ചേ൪ന്നെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് ബഹളം തുട൪ന്നു. ഈ സാഹചര്യത്തിൽ സ്പീക്ക൪ ശൂന്യവേള റദ്ദാക്കി. എന്നാൽ പ്രതിപക്ഷം ബഹളം തുട൪ന്ന സാഹചര്യത്തിൽ ബില്ലുകളെല്ലാം പാസാക്കി നടപടികൾ പൂ൪ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.






 







 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.