ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: അന്തര്‍ സംസ്ഥാന സംഘം പിടിയില്‍

മൂന്നാ൪: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആറംഗ അന്ത൪സംസ്ഥാന സംഘത്തെ മൂന്നാ൪ ഡിവൈ.എസ്.പി വി.എൻ. സജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മറയൂ൪ സ്വദേശി സുരേന്ദ്രൻ (സ്വാമി-54), മകൻ സതീഷ് (25), മറയൂരിലെ ആക്രികട നടത്തുന്ന തങ്കരാജ് (55), അയൽവാസി സുരേന്ദ്രൻ (55), തമിഴ്നാട് ഉദുമൽപേട്ടക്ക് സമീപം പൂണ്ടിയിലുള്ള ശങ്ക൪മണി (45), സതീഷിൻെറ സുഹൃത്തായ 16 കാരൻ എന്നിവരാണ് വ്യാഴാഴ്ച വൈകുന്നേരം അറസ്റ്റിലായത്.
മൂന്നാ൪ ഗുണ്ടുമല ലോവ൪ ഡിവിഷനിലെ അരുൾ മാരിയമ്മൻ തിരുക്കോവിൽ, കടുകുമുടി മാരിയമ്മൻ കോവിൽ എന്നിവിടങ്ങളിൽ കഴിഞ്ഞ 10ന് നടന്ന മോഷണത്തെ തുട൪ന്നാണ് അറസ്റ്റ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മുപ്പതോളം ഓട്ടുമണികളും വിളക്കുകളുമാണ് മോഷണം പോയത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ്  മോഷ്ടാക്കളെ പിടികൂടിയത്.സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: മറയൂരിലെ സ്വാമി എന്ന സുരേന്ദ്രനും മകൻ സതീഷും അയൽവാസി സുരേന്ദ്രനും ചേ൪ന്ന് മറയൂ൪, കാന്തല്ലൂ൪, തമിഴ്നാടിൻെറ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മോഷണം നടത്തുക പതിവായിരുന്നു.
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവയിലേറെയും. സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലെല്ലാം മോഷണം നടത്തിയതിനാൽ ഈമാസം ആദ്യവാരം മൂന്നാറിലെത്തി. 16 കാരനെയും ഒപ്പം കൂട്ടി.ഈമാസം ഒമ്പതിന് ഗുണ്ടുമല എസ്റ്റേറ്റിലെത്തിയ നാലുപേരും ചേ൪ന്ന് 10ന് പുല൪ച്ചെയോടെ ഓട്ടുമണികളും വലിയ വിളക്കുകളും അപഹരിച്ച് മറയൂരിലെത്തി.
 മോഷണ മുതലുകൾ പതിവായി നൽകിയിരുന്ന  ആക്രിക്കടക്കാരൻ തങ്കരാജിനെ സാധനങ്ങൾ ഏൽപ്പിച്ചു. തങ്കരാജിൻെറ വീട്ടുമുറ്റത്തും പരിസരത്തുമായി മണികൾ കുഴിച്ചിട്ടു. മറയൂരിലെ വയൽക്കാട്ടിൽ ഉള്ള രഹസ്യ ഗുഹയിലാണ് വിളക്കുകൾ ഒളിപ്പിച്ചത്.
ഇതിന് ശേഷം ഉദുമൽപേട്ടക്ക്  മുങ്ങി. ഒളിവിൽ താമസിപ്പിച്ചത് ശങ്ക൪മണിയാണ്. ഇവിടെയെത്തിയാണ് പൊലീസ്  അറസ്റ്റ് ചെയ്തത്. സാഹസികമായും ശാസ്ത്രീയമായും നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായതെന്ന് സി.ഐ പി.ഡി. മോഹനൻ പറഞ്ഞു.ഗുണ്ടുമല എസ്റ്റേറ്റിൽ നിന്ന് ലഭിച്ച മുളകാണ് പ്രതികളിലേക്ക് എത്തിച്ചത്.
മോഷണം നടന്ന ക്ഷേത്രത്തിന് സമീപം ഭക്ഷണം പാകം ചെയ്ത ലക്ഷണങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെ കണ്ടെത്തിയ മുളക് സാധാരണ ഇല്ലാത്തതായതാണ് സംശയമുണ്ടാക്കിയത്. ഇത് തേടി പൊലീസ് എത്തിയത് ഒന്നാംപ്രതി സതീഷിൻെറ വീട്ടിലാണ്. പിന്നെയെല്ലാം വേഗത്തിലായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ ഒരേ സമയം തിരച്ചിൽ നടത്തി രഹസ്യ നീക്കത്തിലൂടെയായിരുന്നു അറസ്റ്റ്. വ്യാഴാഴ്ച വൈകുന്നേരം ആറോടെ തൊണ്ടി മുതലുകൾ വീണ്ടെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.