ഫറോക്ക്: കെ.വി.ആ൪ മോട്ടോഴ്സിൽ കാവൽക്കാരനെ കെട്ടിയിട്ട് ബൈക്കുകൾ മോഷ്ടിക്കാൻ ശ്രമം. ദേശീയപാതയിൽ ഫറോക്ക് ചുങ്കത്ത് പ്രവ൪ത്തിക്കുന്ന കെ.വി.ആറിൻെറ ഗോഡൗണിൽ വ്യാഴാഴ്ച പുല൪ച്ചെ രണ്ടരക്കാണ് സംഭവം. ഐക്കരപ്പടി പൂച്ചാലിൽ വാടകക്ക് താമസിക്കുന്ന വെസ്റ്റ്ഹിൽ വരക്കൽ യുനൈറ്റഡ് സെക്യൂരിറ്റി ജീവനക്കാരൻ വൽസനെ (60) യാണ് ഷോറൂമിന് സമീപത്തെ ബൈക്ക് യാ൪ഡിൽ മൂന്നംഗ സംഘം ആക്രമിച്ചത്. ഇയാളെ ഫറോക്കിലെ ഇ.എസ്.ഐ റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോറൂമിൻെറ പിറകിലൂടെയെത്തിയ സംഘം വൽസൻെറ അടിച്ച് നിലത്ത് വീഴ്ത്തുകയായിരുന്നു. അടിയുടെ ആഘാതത്തിൽ വൽസൻെറ വലതുഭാഗത്തെ അണപ്പല്ല് നഷ്ടപ്പെട്ടു. ബൈക്ക് വേണമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം.
രണ്ടുപേ൪ കൈയും കാലും പ്ളാസ്റ്റിക് കയറുകൾ ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തു. ശബ്ദം പുറത്തുവരാതിരിക്കാനായി വായയിൽ പ്ളാസ്റ്റ൪ ഒട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ചുങ്കത്തെ ക്രസൻറ് ഹോസ്പിറ്റലിലെ രോഗിയുടെ കൂട്ടിരിപ്പുകാരൻ സിഗരറ്റ് കത്തിക്കാൻ തീ ചോദിച്ചെത്തിയപ്പോൾ മൂന്നംഗ സംഘം രക്ഷപ്പെടുകയായിരുന്നു. വൽസൻ കൈയിലെയും കാലിലെയും കെട്ടുകൾ അഴിച്ചശേഷം സമീപത്തെ ആശുപത്രിയിലെത്തി പൊലീസിൽ അറിയിക്കുകയായിരുന്നു.ആശുപത്രിയിലേക്ക് ഓടിക്കയറുമ്പോൾ സംഘത്തിലൊരാൾ ബൈക്കിൽ പിന്തുട൪ന്നതായും ഇയാൾ പിന്നീട് ഫറോക്ക് ഭാഗത്തേക്ക് ഓടിച്ചുപോയതായും വൽസൻ പൊലീസിനോട് പറഞ്ഞു. സംഭവസ്ഥലം സൗത് അസി. കമീഷണ൪ കെ.ആ൪. പ്രേമചന്ദ്രൻ, നല്ലളം സി.ഐ കെ.കെ. ബിജു, ഫറോക്ക് എസ്.ഐ സുഷീ൪ എന്നിവ൪ സന്ദ൪ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.