കോഴിക്കോട്: ആസന്നമായ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിൽ ആധിപത്യം നേടാൻ ‘എ’, ഐ വിഭാഗങ്ങൾ തന്ത്രങ്ങൾ മെനയുന്നതിനിടയിൽ ‘എ’ ഗ്രൂപ്പ് നേതൃത്വത്തിൽ രാജി. യൂത്ത് കോൺഗ്രസ് കോഴിക്കോട് പാ൪ലമെൻറ് മണ്ഡലം കമ്മിറ്റി പ്രസിഡൻറും ‘എ’ വിഭാഗത്തിലെ പ്രധാന നേതാവുമായ എം.പി. ആദം മുൽസിയും കൂട്ടരുമാണ് ‘എ’ ഗ്രൂപ്പ് വിട്ട് ‘ഐ’യോടൊപ്പം നിൽക്കാൻ തീരുമാനിച്ചത്. ഗ്രൂപ്പ് നേതൃത്വത്തിൽനിന്ന് നീതിലഭിക്കാത്തതിനാലാണ് ‘ഐ’ ഗ്രൂപ്പിലേക്ക് പോവുന്നതെന്ന് ആദം മുൽസി പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഉൾപ്പെടെയുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂൺ മൂന്ന്, നാല് തീയതികളിലാണ്. മേയ് 20 ആണ് നാമനി൪ദേശ പത്രിക സമ൪പ്പിക്കേണ്ട തീയതി.
സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് ‘എ’ വിഭാഗം ആദം മുൽസിയെ മത്സരിപ്പിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇടുക്കി പാ൪ലമെൻറ് മണ്ഡലം പ്രസിഡൻറ് ഡീൻ കുര്യാക്കോസിനെയാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് ‘എ’ ഗ്രൂപ്പ് പ്രഥമ പരിഗണന നൽകുന്നതത്രെ.
സംഘടനയിലും ഗ്രൂപ്പിലും തന്നെക്കാൾ ജൂനിയറായ ഡീൻ കുര്യാക്കോസിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ചിലരുടെ നിഗൂഢ താൽപര്യമുണ്ടെന്നാണ് ആദം മുൽസിയുടെയുടെ പക്ഷം. ഗ്രൂപ്പ് നേതൃത്വത്തിൻെറ നീതിരഹിതമായ നിലപാടിൽ പ്രതിഷേധിച്ച് കൂടുതൽ പേ൪ തന്നോടൊപ്പം വരുമെന്നാണ് ആദം മുൽസി പറയുന്നത്.
എന്നാൽ, തന്നെ വള൪ത്തി വലുതാക്കിയ പോറ്റമ്മയെ അധികാരത്തിൻെറ അപ്പക്കഷ്ണത്തിനുവേണ്ടി തള്ളിപ്പറയുന്ന നിലപാടാണ് ആദം മുൽസിയുടേതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും എ. വിഭാഗത്തിൻെറ വക്താവുമായ ടി. സിദ്ദീഖ് പറഞ്ഞു. സെനറ്റംഗം, സിൻഡിക്കേറ്റ് മെമ്പ൪, കെ.എസ്.യു ജില്ലാ പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ്, പാ൪ലമെൻറ് മണ്ഡലം പ്രസിഡൻറ് എന്നീ പദവികളെല്ലാം ആദം മുൽസിക്ക് നൽകിയത് എ ഗ്രൂപ്പാണ്. ഇപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് സ്ഥാനാ൪ഥി ആരാകണമെന്ന് എ ഗ്രൂപ്പ് നി൪ണയിച്ചിട്ടില്ല. അതിനായി യോഗം ചേരാനിരിക്കെ ഐ ഗ്രൂപ്പുമായി ച൪ച്ചചെയ്ത് ഗ്രൂപ്പ് വിട്ട ആദം മുൽസിയുടെ നിലപാട് കടുത്ത വഞ്ചനയാണ്.
കഴിഞ്ഞ ദിവസം പോലും കോഴിക്കോട് കിങ് ഫോ൪ട്ട് ഹോട്ടലിൽ ചേ൪ന്ന എ ഗ്രൂപ്പ് നേതൃയോഗത്തിൽ അധ്യക്ഷത വഹിച്ച ശേഷമാണ് ഗ്രൂപ്പിനോട് ആദം മുൽസി നന്ദികേട് കാണിച്ചതെന്നും സിദ്ദീഖ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.